സാമ്പത്തിക വളർച്ച, സാമൂഹിക വികസനം, ധനകാര്യ സുതാര്യത എന്നിവയിൽ ഊന്നൽ നൽകിയുള്ള പദ്ധതികളാണ് 2025-26 ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ ബജറ്റ് എങ്ങനെ വികസിത ഭാരത ലക്ഷ്യത്തെയും സുസ്ഥിര വികസനത്തെയും സഹായിക്കുന്നു എന്നത് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
ആദ്യമായി, അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ നിക്ഷേപം നടത്തുന്ന സാഗർമാലയും ഭാരത് മാലയും പോലുള്ള പദ്ധതികളും ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും പ്രതീക്ഷ നൽകുന്നതാണ്. അതുപോലെതന്നെ പുനരുദ്ധാരണ ഊർജത്തിനും വൈദ്യുതി വിതരണ ശൃംഖലകളുടെ വികസനത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. സർക്കാർ സെക്കൻഡറി സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങൾക്കുമുള്ള ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റിയായ ഭാരത് നെറ്റ് പ്രോജക്ട് ഡിജിറ്റൽ അടിസ്ഥാന സൗകര്യവികസനത്തിന്റെ വേഗം കൂട്ടും.
ആഭ്യന്തര നിർമാണം ശക്തിപ്പെടുത്തി അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുന്നതിനും ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ്, ഓട്ടോമൊബൈലുകൾപോലുള്ള മേഖലയിലെ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉൽപാദന-ബന്ധിത പ്രോത്സാഹന (പി.എൽ.ഐ) പദ്ധതികളും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള (എം.എസ്.എം.ഇ) വർധിപ്പിച്ച ക്രെഡിറ്റ് ഗാരന്റിയും നിർമാണ ഉത്തേജനത്തിനും അതുവഴി സാമ്പത്തിക വിപുലീകരണത്തിനും സഹായിക്കും. കൂടാതെ കൃഷി ഉൽപാദനം വർധിപ്പിക്കുന്നതിനും നൈപ്യുണ്യ വികസനത്തിനുമുള്ള നീക്കിയിരിപ്പുകൾ ഗ്രാമീണ വികസനത്തെ സഹായിക്കുകയും അതുവഴി സാമൂഹിക വികസനവും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുകയും ചെയ്യും.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്ന നിർദേശങ്ങളാണ് ബജറ്റിലെന്ന തോന്നൽ ഉളവാക്കുന്നുണ്ടെങ്കിലും ഉൽപാദനത്തിന്റെ വേഗമുള്ള വളർച്ച ഊർജ ഉപഭോഗം, മലിനീകരണം, ചാക്രിക സമ്പത്ത് വ്യവസ്ഥയിലൂന്നിയുള്ള നിർമാണ പ്രോത്സാഹനം എന്നിവയൊന്നും ബജറ്റിൽ കാണാൻ സാധിക്കുന്നില്ല. ചുരുക്കത്തിൽ, സുസ്ഥിര വികസനം സാമ്പത്തിക വളർച്ചയിലേക്ക് എങ്ങനെ സംയോജിപ്പിക്കാമെന്നതിനുള്ള വ്യക്തമായ പദ്ധതികൾ ഇല്ലാത്തതിനാൽ, ആഗോളതലത്തിൽ സുസ്ഥിര വികസനത്തിനുള്ള ഇന്ത്യയുടെ നേതൃപങ്ക് നഷ്ടപ്പെടാനിടയുണ്ട്.
കേന്ദ്ര ബജറ്റിൽ ഇത്തവണയും പുത്തൻ ദീർഘകാല പദ്ധതികളുടെ പരാമർശങ്ങൾകൊണ്ട് സമ്പന്നമാണ്. മുൻവർഷങ്ങളിൽ കണ്ടുവരുന്നപോലെ ഈ പദ്ധതികളുടെ വിജയകരമായ പൂർത്തീകരണത്തിന് വേണ്ട രീതിയിലുള്ള തുടർച്ചയായ നിക്ഷേപങ്ങളും നീക്കിയിരിപ്പുകളും പലപ്പോഴും ഉണ്ടാകാറില്ല. പഞ്ചവത്സര പദ്ധതികളുടെയും ആസൂത്രണ കമീഷന്റെയും അഭാവം ദീർഘകാല പദ്ധതികളുടെ പൂർണതയെ കാര്യമായിതന്നെ ബാധിക്കുന്നുണ്ടെന്നുതന്നെ വേണം കരുതാൻ.
ബജറ്റിലെ പദ്ധതികൾ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനരേഖയുടെ അടിസ്ഥാനത്തിൽ തയാറാക്കേണ്ടതിന്റെ പ്രാധാന്യം ഈ ബജറ്റിലും കാര്യമായി കാണാൻ സാധിക്കുന്നില്ല. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായ ആദായനികുതി സ്ലാബുകളിലുള്ള മാറ്റമാണ്. ഇത് മധ്യവർഗത്തിന് നേട്ടമുണ്ടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും മധ്യവർഗത്തിന്റെ ആകെ വരുമാനത്തിൽ വന്ന വർധന കാരണം ഈ മാറ്റം കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധ്യതയില്ല. കേന്ദ്ര ധനക്കമ്മി എഫ്.ആർ.ബി.എം പരിധിയിലേക്ക് കൊണ്ടുവരുന്നത് നല്ലതാണെങ്കിലും ഈ നയം സംസ്ഥാനങ്ങളുടെ ധനസാധ്യതയെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങൾ അവരുടെ മൂലധന ചെലവ് വഹിക്കുന്നതിനായി കേന്ദ്രത്തിനെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യത്തിലേക്ക് ഇത് നയിക്കും. ഇത് ഫെഡറൽ സംവിധാനത്തെ വിപരീതമായി ബാധിക്കും.
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.