ധീരമായ ഉത്തേജന നടപടികള്‍ ധൃതഗതിയില്‍ ഉണ്ടാകേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുമ്പോഴും നിക്ഷേപകരെയും ബാങ്കുകളെയും ഉപഭോക്താക്കളെയും പൊതുവില്‍ സഹായിക്കുന്ന ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാവുന്നില്ല. ക്രോണി മൂലധനത്തെമാത്രം സഹായിക്കുക എന്ന സങ്കുചിത നിലപാടില്‍നിന്ന് ഒരിഞ്ചുപോലും സര്‍ക്കാര്‍ പിന്നോട്ടുപോകുന്നില്ല എന്നതുതന്നെ കാരണം. ഇതിന്റെ സര്‍വവ്യാപിയായ ദൂഷ്യഫലങ്ങള്‍ ഇന്ത്യയിലെ സാധാരണക്കാരും ചെറുകിട കര്‍ഷകരും ഉൽപാദകരും വ്യാപാരികളും അസംഘടിതമേഖലയും ഇപ്പോള്‍ നേരിടുകയാണ്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലം എന്തായാലും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ പ്രത്യാഘാതം പരിമിതമായിരിക്കും. കമല ഹാരിസ് വിജയിച്ചാല്‍ അവര്‍ എണ്‍പതുകള്‍ക്കുമുമ്പ് നിലനിന്നിരുന്ന ക്ഷേമരാഷ്ട്ര വ്യവസ്ഥകളിലേക്ക് തിരിച്ചുപോകുമെന്നും നിയോലിബറലിസം പിന്നോട്ടടിക്കുമെന്നുമെല്ലാം പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും കാതലായ മാറ്റങ്ങള്‍ക്ക് സാധ്യതകള്‍ വിരളമാണ്. നിയോലിബറലിസം ലോകമെമ്പാടും കടുത്ത തിരിച്ചടി നേരിടുന്നു എന്നത് യാഥാര്‍ഥ്യമാണ്.
എന്നാല്‍, ലോക സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കഠിനമായ മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും താല്‍ക്കാലിക പരിഹാരങ്ങളെങ്കിലും ഉണ്ടാവാനുള്ള വിദൂര സാധ്യതപോലും നിലനില്‍ക്കുന്നില്ല. ഇത് മുന്നില്‍ കണ്ടാണ് ചൈനയുടെ പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി നവംബര്‍ നാലുമുതല്‍ എട്ടുവരെ യോഗംചേര്‍ന്ന് ഭാവി സാമ്പത്തിക ഇടപെടലുകളുടെ ദിശയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. കമല ഹാരിസ് വിജയിച്ചാല്‍ എന്ത് മെച്ചമുണ്ടാവും എന്നല്ല, ട്രംപ് ജയിച്ചാല്‍ ലോകസാഹചര്യം കൂടുതല്‍ വഷളാവും എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ചൈന തങ്ങളുടെ നയങ്ങള്‍ ആവിഷ്കരിക്കാന്‍ തുനിയുന്നത്. പുതിയ സാമ്പത്തിക ഉത്തേജക നടപടികളിലൂടെ, ആഗോളമാന്ദ്യത്തില്‍നിന്നും ആഭ്യന്തരമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും എങ്ങനെ കരകയറാന്‍ കഴിയുമെന്നാണ് അവരുടെ ആലോചന.
ബാങ്കുകൾക്ക് മൂലധനശേഷി വര്‍ധിപ്പിക്കാനും (recapitalize) തദ്ദേശ ഭരണകൂടങ്ങളുടെ കടങ്ങൾ റീഫിനാൻസ് ചെയ്യാനും (പലിശനിരക്ക് കുറച്ചും തിരിച്ചടവ് കാലാവധി നീട്ടിയും) കുടുംബങ്ങൾക്ക് കൂടുതല്‍ ധനസഹായം നല്‍കാനും ക്രെഡിറ്റ് ലഭ്യത വര്‍ധിപ്പിക്കാനുമുള്ള വിപുലമായ സാമ്പത്തിക പാക്കേജിന് ഈ സമ്മേളനം രൂപംനല്‍കുമെന്ന സൂചനയാണ് ഭരണകൂടം നല്‍കുന്നത്. അതായത്, ട്രംപ് വന്നാല്‍ താരിഫ് വര്‍ധന ഉണ്ടായേക്കുമെന്നും അത് ചൈനീസ് ആഭ്യന്തര സാമ്പത്തിക സംവിധാനത്തെ തകിടംമറിക്കുന്ന ഒന്നാവാന്‍ ഇടയുണ്ടെന്നും കണക്കാക്കി മുന്‍കരുതലോടെ മുന്നോട്ടുപോകാനാണ് ചൈന ശ്രമിക്കുന്നത്. എന്നാല്‍, ചൈനയെക്കാള്‍ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യന്‍ ഭരണകൂടം ആഗോള പ്രതിസന്ധിയുടെ അലകള്‍ ആഞ്ഞടിച്ചിട്ടും ഒരു ചെറുവിരല്‍പോലും അനക്കാന്‍ തയാറാകാതെ രാഷ്ട്രത്തെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്.
സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലം
ധീരമായ ഉത്തേജന നടപടികള്‍ ധൃതഗതിയില്‍ ഉണ്ടാകേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുമ്പോഴും നിക്ഷേപകരെയും ബാങ്കുകളെയും ഉപഭോക്താക്കളെയും പൊതുവില്‍ സഹായിക്കുന്ന ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാവുന്നില്ല. ക്രോണി മൂലധനത്തെമാത്രം സഹായിക്കുക എന്ന സങ്കുചിത നിലപാടില്‍നിന്ന് ഒരിഞ്ചുപോലും സര്‍ക്കാര്‍ പിന്നോട്ടുപോകുന്നില്ല എന്നതുതന്നെ കാരണം. ഇതിന്റെ സര്‍വവ്യാപിയായ ദൂഷ്യഫലങ്ങള്‍ ഇന്ത്യയിലെ സാധാരണക്കാരും ചെറുകിട കര്‍ഷകരും ഉൽപാദകരും വ്യാപാരികളും അസംഘടിതമേഖലയും ഇപ്പോള്‍ നേരിടുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, രാഷ്ട്രം നേരിടുന്ന അതിഭീമമായ വിലക്കയറ്റത്തിന് സർക്കാറിന്റെ ഒക്കച്ചങ്ങാതി മുതലാളിത്ത പ്രീണനവും മൂലധന ഒളിഗാര്‍ക്കികളോട് കാട്ടുന്ന അമിത വാത്സല്യവും കാരണമായിട്ടുണ്ട്. ഉപഭോഗം വര്‍ധിപ്പിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുമെന്ന സിദ്ധാന്തത്തില്‍ കടിച്ചുതൂങ്ങി നിര്‍മല സീതാരാമന്‍ നടത്തിയ വാചാടോപങ്ങള്‍ക്ക് ജലരേഖകളുടെ ആയുസ്സുപോലും ഉണ്ടായില്ല എന്ന യാഥാര്‍ഥ്യവും നമ്മുടെ മുന്നിലുണ്ട്.
ഇപ്പോള്‍ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങള്‍ എന്തൊക്കെയാണ്? വേതന സ്തംഭനവും പണപ്പെരുപ്പവും അസമത്വവും ഉപഭോഗ വളർച്ചയെ തുരങ്കംവച്ചതിനാൽ ഇന്ത്യ അതിന്റെ ‘ഏറ്റവും അപകടകരവും ബുദ്ധിമുട്ടുള്ളതുമായ’ സാമ്പത്തിക സ്ഥിതിയിലാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (കമ്യൂണിക്കേഷൻസ്) ജയറാം രമേശ് ചൂണ്ടിക്കാണിക്കുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലവിൽ അഭൂതപൂർവമായ സമ്മർദങ്ങളുടെ നിരവധി സൂചകങ്ങൾ കാണിക്കുന്നുണ്ട്. നീണ്ടുനിൽക്കുമെന്ന് ഏതാണ്ട് തീർച്ചയായ ആഗോള സാമ്പത്തികമാന്ദ്യംമൂലം ഇന്ത്യയുടെ സ്ഥിതി കൂടുതൽ വഷളാകുന്നു. സാമ്പത്തികമാന്ദ്യം ഉണ്ടാവുന്നത് മുന്‍കൂട്ടി മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കാന്‍ മന്‍മോഹന്‍സിങ് തയാറായി എന്നതാണ് 2009ലെ സാമ്പത്തിക കുഴപ്പത്തില്‍നിന്ന് ഇന്ത്യ ഒഴിവായതിന്റെ മുഖ്യകാരണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, അത്തരം മുൻകരുതലുകളൊന്നും ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തില്‍നിന്ന് നാം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുകയും തൊഴിൽ, നിക്ഷേപം, വരുമാനവളർച്ച എന്നിവയെ അത് സാരമായി ബാധിക്കുകയും ചെയ്യുന്നതിനാൽ ഗുരുതരമായ വളർച്ചാ മുരടിപ്പും ജി.ഡി.പിയില്‍ ഇടിവും ഉണ്ടായിരിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്. ഇപ്പോള്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന ഉയർന്ന തൊഴിലില്ലായ്മ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന വിടവിനെയാണ് സൂചിപ്പിക്കുന്നത്.
തികച്ചും മന്ദഗതിയിലുള്ള വ്യാവസായിക-സേവനമേഖലകളിലെ വളർച്ചാ പ്രശ്നം കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. പണപ്പെരുപ്പത്തിന്‍റെ സമ്മർദങ്ങൾ-വിശേഷിച്ച് ഭക്ഷണം, ഊർജം തുടങ്ങിയ അവശ്യവസ്തുക്കളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്-സാധാരണക്കാരുടെ ക്രയശേഷി നിർവീര്യമാക്കുകയാണ്. ഇത് താഴ്ന്നവരുമാനമുള്ള കുടുംബങ്ങളെ കൂടുതലായി ബാധിക്കുകയും സമ്പദ്‌വ്യവസ്ഥയുടെ നിർണായക ചാലകമായ ഉപഭോക്തൃച്ചെലവ് കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കക്കൂസുകള്‍ കൂടിയിട്ടുമാത്രം കാര്യമില്ലല്ലോ അവ ഉപയോഗിക്കാന്‍ ഭക്ഷണം കഴിക്കുകയും വേണം എന്ന് പറഞ്ഞാല്‍ അത് സിനിസിസമാവും എന്ന് അറിയാതെയല്ല. പക്ഷേ, അത്തരമൊരു സാഹചര്യത്തിലേക്കാണ് ഇന്ത്യന്‍ ഭരണകൂടം സമ്പദ് വ്യവസ്ഥയെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.
ബിഗ് 5 സൃഷ്ടിക്കുന്ന പ്രതിസന്ധി
ഭരണകൂടം പിന്തുടരുന്ന ക്രോണി മൂലധനാധിഷ്ഠിത സാമ്പത്തിക നയങ്ങള്‍ എങ്ങനെ ഈ അവസ്ഥക്ക് ആക്കംകൂട്ടുന്നു എന്നറിയാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) മുൻ ഡെപ്യൂട്ടി ഗവർണറായ വിരാൽ ആചാര്യ പറഞ്ഞ കാര്യങ്ങള്‍ ചേര്‍ത്തുവച്ചാല്‍മതി. അദ്ദേഹം ചൂണ്ടിക്കാട്ടിയത്, റിലയൻസ് ഗ്രൂപ്, ടാറ്റ ഗ്രൂപ്, ആദിത്യ ബിർള ഗ്രൂപ്, അദാനി എന്നീ ‘ബിഗ് 5’ ഗ്രൂപ്പുകള്‍ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന മാനുഫക്ചറിങ്, ചില്ലറ വ്യാപാരം, ടെലികമ്യൂണിക്കേഷൻ തുടങ്ങി നിരവധി മേഖലകളില്‍ ഈ കൂട്ടായ്മകൾക്ക് ശക്തമായ നിയന്ത്രണവും കുത്തകാധികാരവും കൈവന്നിരിക്കുകയാണ് എന്നാണ്. ആചാര്യയുടെ അഭിപ്രായത്തിൽ, വിപണി ഇവരുടെ കുത്തകാധിപത്യമാണ് പണപ്പെരുപ്പത്തെ ഒരു നിത്യയാഥാർഥ്യമാക്കി നിലനിര്‍ത്തുന്നത്. കാരണം മൂലധന കേന്ദ്രീകരണമാണ് ഫലത്തില്‍ ഈ കമ്പനികൾക്ക് ചെറുകിട എതിരാളികളെ പുറംതള്ളി അവരെക്കാൾ ഉയർന്നവില ഈടാക്കാൻ പ്രാപ്തരാക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ ചുമത്തിയ ഉയർന്ന ഇറക്കുമതി താരിഫുകൾ ഈ കൂട്ടായ്മകളെ വിദേശമത്സരത്തിൽനിന്ന് ഫലപ്രദമായി സംരക്ഷിച്ചു പോരുകയുമാണ്. അതായത്, ക്രോണി മൂലധനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇതുവരെയുണ്ടായ വലിയ വിമര്‍ശനങ്ങളെ പൂർണമായും ശരിവെക്കുകയാണ് ആചാര്യയും ചെയ്യുന്നത് എന്നർഥം.
മാക്രോ സമ്പദ്‌വ്യവസ്ഥയില്‍ വായ്പയെടുക്കൽ അഭൂതപൂർവമായ തലത്തിലെത്തുകയും ധനക്കമ്മി വർധിക്കുകയും ചെയ്തിരിക്കുകയാണ്. ധനപരമായ നയങ്ങളുടെ ഏകീകരണമില്ലാതെ ഈ കമ്മി പരിഹരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കൂടാതെ, ആഗോള ഡിമാൻഡ് കുറയുന്നതും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും കറൻസിയിലെ മൂല്യശോഷണവും അവശ്യസാധനങ്ങൾക്കായുള്ള ഇറക്കുമതി ആശ്രിതത്വവും വ്യാപാരക്കമ്മി വര്‍ധിപ്പിക്കുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ബാങ്കുകളും ബാങ്കിങ്-ഇതര ധനകാര്യസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സാമ്പത്തികമേഖല, നിഷ്‌ക്രിയ ആസ്തികൾ, പരിമിതമായ വായ്പാശേഷി, ബിസിനസുകളിലേക്കുള്ള വായ്പാ ഒഴുക്ക് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽപെട്ട് ഉഴലുകയാണ്. സാമ്പത്തിക സുസ്ഥിരതയിലുള്ള ആത്മവിശ്വാസക്കുറവും ഉയർന്ന വായ്പാച്ചെലവുംമൂലം വളർച്ചക്കും നിക്ഷേപത്തിനും അത്യന്താപേക്ഷിതമായ സ്വകാര്യമേഖലയിലെ മൂലധനസമാഹരണം മന്ദഗതിയിലായിരിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വിപുലീകരണത്തിനും പ്രധാനപ്പെട്ട നിരവധി മേഖലകളെ ഇത് ബാധിക്കുന്നുണ്ട്.
അപകടകരമായ അവസ്ഥയിലേക്ക് തൊഴിലില്ലായ്മ നീങ്ങിയത് ഇതുകൊണ്ട് കൂടിയാണ്. സര്‍ക്കാര്‍ പൊതുമേഖലയില്‍നിന്ന് പിന്മാറുന്ന പ്രവണത നിയോലിബറല്‍ കാലംമുതല്‍ ഉള്ളതാണ്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥക്കുള്ള കാരണം നിയോലിബറല്‍ സാഹചര്യംപോലും ക്രോണിമൂലധനത്തിന് മാത്രമായി പരിമിതപ്പെടുത്തുന്ന സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതമാണ്. ഈ സൂചകങ്ങളെ അവയുടെ സമഗ്രതയില്‍ കാണുമ്പോൾ, ഘടനാപരമായ ഭരണകൂട ഇടപെടലുകളുടെ ആവശ്യകതയാണ് നമുക്ക് ബോധ്യപ്പെടുന്നത്. ശക്തമായിത്തുടരുന്ന ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, പ്രാഥമികമെങ്കിലുമായ ഉത്തേജക നടപടികളും സമ്പദ്‌വ്യവസ്ഥയെ അപകടകരമായ അസ്ഥിരതയില്‍നിന്ന് കരകയറ്റുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ദീര്‍ഘകാല നയമാതൃകയും അനിവാര്യമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.