ജൂണിൽ കണ്ട പൂന്തുറയല്ല ജൂലൈയിലേത്. തീരത്തിന്റെ ചേലും കോലവുമാകെ മാറി. കല്ലുകളാൽ സൃഷ്ടിച്ച അസ്ഥിപഞ്ജരം പോലുണ്ട്. തീരത്തെ മണ്ണെല്ലാം കടലെടുത്തുകൊണ്ടുപോയി. ഏതാനും മാസം കഴിഞ്ഞാൽ ആ മണൽ തിരികെയെത്തുന്നതോടെ പഴയ തീരം പുനഃസൃഷ്ടിക്കും. കരയെടുപ്പും കരവെപ്പും എന്നാണ് ഇതറിയപ്പെടുന്നത്. മൺസൂണിൽ എടുത്തുകൊണ്ടുപോകുന്ന മണൽ മാസങ്ങൾക്കുശേഷം യഥാസ്ഥാനത്ത് എത്തുന്ന സ്വാഭാവിക പ്രക്രിയ. പക്ഷേ, തൊട്ടടുത്ത് ഹാർബറോ പുലിമുട്ടോ നിർമിക്കുമ്പോൾ ഈ പ്രക്രിയക്ക് കോട്ടം വരും. ഇങ്ങനെ അടിയുന്ന മണൽ വാരിക്കൂട്ടി വിറ്റാലും തീരത്തിന്റെ സ്വാഭാവികതക്ക് തിരിച്ചടിയാവും.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇത്തവണ മണൽ തിരിച്ചുവരുമോയെന്നത് കണ്ടറിയണമെന്നാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളി ജോയ് അൽക്കൂസിന്റെ ആശങ്ക. കടൽഭിത്തിക്കായി കുറെ കരിങ്കല്ലുകൾ പാകുമ്പോൾ തീരവാസികൾക്ക് ആശ്വാസം തോന്നാമെങ്കിലും തീരശോഷണത്തിനുള്ള സ്ഥിരം പരിഹാരമല്ല ഇതെന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എത്ര പഠനങ്ങൾ ഉണ്ടാകുമ്പോഴും സർക്കാറിന് ഇഷ്ടം കരിങ്കല്ലുകൊണ്ടുള്ള കടൽഭിത്തിയിലാണ്. പശ്ചിമഘട്ടം തുരന്ന് തീരാറായിട്ടും അറ്റകുറ്റപ്പണിയെന്ന പേരിൽ ഇപ്പോഴും കരിങ്കൽ പാകുന്ന ജോലിയാണ് പ്രധാനം. ആറ് വർഷത്തിനിടെ തീരദേശ വികസനത്തിന് 11,500 കോടി സർക്കാർ ചെലവഴിച്ചു. ഇതിൽ 7,000 കോടിയും തീരസംരക്ഷണത്തിനായിരുന്നു. 2021-22 ബജറ്റിൽ 5300 കോടിയാണ് വകയിരുത്തിയത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കിഫ്ബി വഴി 1,500 കോടിയുടെ ഭരണാനുമതിയും നൽകി.
ഇത്രയും വലിയ തുക വകയിരുത്തുമ്പോഴും തീരസംരക്ഷണം ഏകോപിപ്പിക്കുന്നതിന് ഒരു സംവിധാനവുമില്ല. മേജർ ഇറിഗേഷൻ വകുപ്പ്, തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ്, തീരദേശ വികസന കോർപറേഷൻ തുടങ്ങിയവയാണ് തീരസംരക്ഷണ പ്രവൃത്തികൾ നിർവഹിക്കുന്നത്. തീരദേശ പ്രവൃത്തികളിൽ ബഹുഭൂരിപക്ഷവും നിർവഹിക്കുന്നത് മേജർ ഇറിഗേഷൻ വകുപ്പാണ്.
കരിങ്കല്ല് കൊണ്ടുള്ള കടൽഭിത്തി നിർമാണത്തിന് ഒരു മീറ്ററിന് ഒന്നര ലക്ഷം രൂപയാണ് ചെലവ്. അങ്ങനെ കിലോമീറ്ററിന് 15 കോടി രൂപ. ചിലയിടത്ത് കിലോമീറ്ററിന് 18ഉം 20ഉം കോടിവരെ ചെലവാകുന്നു.
കരിങ്കല്ല് ഭിത്തിയുടെ പുനരുദ്ധാരണത്തിന് (അറ്റകുറ്റപ്പണി) കിലോമീറ്ററിന് ഒമ്പതു കോടിയാണ് ചെലവ്. ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിക്ക് മീറ്ററിന് നാല് ലക്ഷം രൂപ ചെലവ്. അങ്ങനെ കിലോമീറ്ററിന് 40 കോടി രൂപയും. ടെട്രാപോഡിന്റെ അളവിനനുസരിച്ചാണ് ഈ തുക കണക്കാക്കുന്നത്. ഒന്നര ടൺ മുതൽ 12 ടൺവരെയുള്ള ടെട്രാപോഡാണ് കടൽഭിത്തി നിർമാണത്തിന് ഉപയോഗിക്കുന്നത്. 344 കോടി രൂപയുടെ പദ്ധതിയാണ് ചെല്ലാനത്ത് പരീക്ഷിച്ചത്.
കേരള തീരത്തിന്റെ 400 കിലോമീറ്ററിൽ കടൽഭിത്തി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയെന്നാണ് സർക്കാറിന്റെ കുറച്ച് മുമ്പുള്ള കണക്ക്. ഇത്രയും കോടികൾ ചെലവഴിച്ചിട്ടും തീരശോഷണം തടയാൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യം മറന്നാണ് സർക്കാറിന്റെ പ്രവർത്തനം. എനല്ലാ വർഷവും കല്ലിടുന്ന ഒരു പ്രത്യേക പദ്ധതിയാണ് കേരളത്തിലെ തീരസംരക്ഷണം. കടലിനും പ്രകൃതിക്കും ദോഷമായ കല്ലിടലിൽ ഒരു പുനരാലോചനയുമില്ല.
കല്ലിടലിനു പുറമെ ജിയോ ട്യൂബ്, ജിയോ ടെക്സ്റ്റയിൽ ട്യൂബ് തുടങ്ങിയ പദ്ധതികളാണ് സർക്കാർ ഇപ്പോൾ നടപ്പാക്കുന്നത്. ജിയോ ട്യൂബിന് കരിങ്കല്ല് ഭിത്തിയുടെ അത്രയും ചെലവാണ് വരുന്നത്. ജിയോ ടെക്സ്റ്റയിൽ ട്യൂബിന് നൂറുമീറ്ററിന് 28,000 രൂപ ചെലവ് വരും. പ്രത്യേക തരം തുണിയിൽ മണൽ നിറച്ചുകൊണ്ടുള്ള പദ്ധതി. അടിയന്തര ആവശ്യങ്ങൾക്കാണ് ഇതുപയോഗിക്കുന്നത്.
തിരുവനന്തപുരം
ആകെ തീരം- 78 കി.മീ. ആകെ പ്രവൃത്തികൾ-52 എണ്ണം. ആകെ ചെലവഴിച്ച തുക- 22.05 കോടി. ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ബീമാപള്ളി ചെറിയ തുറ ഭാഗം - 16.60 കോടി രൂപ.
കൊല്ലം
ആകെ തീരം-37 കി.മീ, ആകെ പ്രവൃത്തികൾ- 60. ആകെ ചെലവഴിച്ചത്- 23.20 കോടി. കരിങ്കൽ ഭിത്തി, ജിയോ ബാഗ് ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കിയത്. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ - 9.37കോടി.
ആലപ്പുഴ
ആകെ തീരം- 82 കി.മീ. ആകെ പ്രവൃത്തികൾ- 72 എണ്ണം. ആകെ ചെലവഴിച്ചത്- 14.02 കോടി. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ആലപ്പുഴ കടൽതീരത്ത്- 3.78കോടി. കരിങ്കല്ലിനു പുറമെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നു.
എറണാകുളം
ആകെ തീരം - 46 കി.മീ. 2021ലും 2022ലുമായി ചെലവഴിച്ചത് 12.63 കോടി. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ചെല്ലാനത്ത് - 4.7കോടി. 7.35 കിലോമീറ്ററിൽ 344കോടിയുടെ പുതിയ പുലിമുട്ട് കൂടാതെയാണിത്. ചെല്ലാനം, എടവനക്കാട് എന്നിവിടങ്ങളിലാണ് കല്ലിടൽ അല്ലാത്ത പദ്ധതികൾ നടപ്പാക്കിയത്.
തൃശൂർ
ആകെ തീരം- 54 കി.മീ. ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ചത് കൊടുങ്ങല്ലൂർ താലൂക്കിൽ- 3.80കോടി രൂപ. കല്ലിടൽ അല്ലാത്ത പദ്ധതികളും നടപ്പാക്കി.
മലപ്പുറം
ആകെ തീരം- 70 കി.മീ. ആകെ പ്രവൃത്തി- 54. ആകെ ചെലവഴിച്ചത്- 27.33 കോടി. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീർ നഗറിൽ - 1.65കോടി. 2017ൽ ചെലവഴിച്ച 350മീറ്റർ കടൽഭിത്തിയുടെ പുനരുദ്ധാരണത്തിനാണ് ഇത്രയും തുക വീണ്ടും ചെലവഴിച്ചത്.
കോഴിക്കോട്
ആകെ തീരം- 71 കി.മീ. ആകെ പ്രവൃത്തികൾ- 51. ആകെ ചെലവഴിച്ചത്- 8.17 കോടി. കാപ്പാട് ആണ് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത്- 1.33കോടി. വടകര നഗരസഭയിലെ കുരിയാടിയിൽ 92.27 ലക്ഷത്തിന്റെ പ്രവൃത്തിയും നടത്തി. എല്ലാ ജോലിയും കരിങ്കല്ലുകൊണ്ട് മാത്രം.
കണ്ണൂർ
ആകെ തീരം- 82 കി.മീ. ആകെ പ്രവൃത്തി- 38 എണ്ണം. ആകെ ചെലവഴിച്ചത്- 8.17കോടി. ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത് മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ- 72.39ലക്ഷം. എല്ലാപ്രവൃത്തികളും കരിങ്കല്ല് ഉപയോഗിച്ച്.
കാസർകോട്
ആകെ തീരം- 70 ആകെ പ്രവൃത്തികൾ- 24. ആകെ ചെലവഴിച്ചത്- 7.93 കോടി. ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത് ചേരൈങ്ക കടപ്പുറത്ത്- 2.31കോടി. കരിങ്കല്ലും ജിയോ ബാഗും ഉപയോഗിച്ചുള്ള പദ്ധതികൾ നടപ്പാക്കി.
(സംസ്ഥാനത്ത് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ചത് കോഴിക്കോട് ജില്ലയിൽ- 21.27കോടി രൂപ. 2022-23ലെ കണക്ക് ഇതിനു പുറമെയാണ്)
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.