മണിപ്പൂർ േമഘാലയ, ത്രിപുര എന്നീ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ജനുവരി 21 സംസ്ഥാന രൂപവത്കരണ ദിനമായി ആചരിച്ചു. 1972ലാണ് ഇൗ നാടുകൾക്ക് സംസ്ഥാന പദവി ലഭിച്ചത്. പുറമെ നിന്നു നോക്കി വിലയിരുത്തുന്നവർ ഇവിടെയാകെ സായുധകലാപം നടക്കുന്നതായി തോന്നും, മൂന്നു സംസ്ഥാനങ്ങളുടേതും ഒരേ പ്രശ്നങ്ങളാണെന്നും. അത് വലിയ ഒരു അബദ്ധമാണ്, തൊട്ടുചേർന്നു കിടക്കുന്ന ഈ മൂന്നു സംസ്ഥാനങ്ങളിലും പ്രശ്നങ്ങൾക്ക് വ്യത്യസ്തങ്ങളായ കാരണമാണുള്ളത്. എന്നാൽ, ദന്തഗോപുരവാസികളായ വിദഗ്ധർ രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥ പ്രഭുക്കളായാലും ബുദ്ധിജീവികളായാലും ഈ മേഖലയെ ഒന്നായാണ് കാണുന്നത്, ഇവരുടെ പ്രശ്നങ്ങളും വിഷയങ്ങളുമെല്ലാം ഒന്നാണെന്ന മട്ടിലാണ് പരിഗണിക്കുന്നതും.
എന്നുവെച്ച്, സമാന പ്രശ്നങ്ങൾ ഇല്ലെന്നല്ല, ഉദാഹരണത്തിന് നാഗാലാൻഡിലും മണിപ്പൂരിലും ഒരേ പോലുള്ള ചില വിഷയങ്ങളുണ്ട്. പ്രാദേശിക ഗോത്രവിഭാഗങ്ങളുടെ മുഖ്യസങ്കടം-വിശിഷ്യ, പുതു തലമുറയുടേത് തൊഴിൽ സംബന്ധമായിട്ടാണ്. അതേപോലെ ചില നിയമങ്ങളും കേന്ദ്രസർക്കാറിെൻറ പ്രവർത്തന രീതികളും ചർച്ചാ വിധേയമാക്കേണ്ടതുണ്ട്. സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) ഒരു കഷായം പോലെ ഇവിടെ നിലനിൽക്കുന്നു. ഇരുതല മൂർച്ചയുള്ള വാളാണത്, ഒഴിച്ചുകൂടാനാവാത്ത പിഴവ് ആയും ഇതിനെ എണ്ണാം.
അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലഫ് ജനറൽ പി.സി. നായർ ഈയിടെ പറഞ്ഞത് മണിപ്പൂരും നാഗാലാൻഡും പോലുള്ള സംസ്ഥാനങ്ങളിൽ സായുധസേന പ്രത്യേക അധികാര നിയമം പിൻവലിച്ചാൽ തട്ടിക്കൊണ്ടുപോയി പണം തട്ടുന്ന റാക്കറ്റുകൾ തഴച്ചുവളരുമെന്നാണ്. മേഖലയിലെ ഇത്തരം സംഘങ്ങളുടെ സാന്നിധ്യം സാധാരണ ബുദ്ധിയുള്ള ഒരാളും നിഷേധിക്കില്ല, കുടിൽ വ്യവസായം പോലെ അവ നിലനിൽക്കുന്നു എന്നതാണ് സത്യം.
ത്രിപുരയിൽ മുമ്പ് അധികാരത്തിലുണ്ടായിരുന്ന മണിക് സർക്കാറിെൻറ നേതൃത്വത്തിലെ മാർക്സിസ്റ്റ് ഭരണകൂടം സായുധ കലാപങ്ങളെ നേരിട്ടിരുന്ന രീതിയെ പ്രശംസിച്ചേ മതിയാവൂ. 1993ൽ അധികാരത്തിൽ വന്ന സി.പി.എം നയിക്കുന്ന ഇടതു മുന്നണി 2018 വരെ സംസ്ഥാന ഭരണം കൈയാളിയിരുന്നു. സായുധ കലാപങ്ങൾ തടയാൻ മണിക് സർക്കാർ മോഡൽ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒട്ടനവധി മുന്നേറ്റങ്ങൾ ഇവിടെ നടന്നിരുന്നതായി കാണാനാവും. ചില ഓപറേഷനുകളിൽ മണിക് ദാ നേരിട്ടു തന്നെ മേൽനോട്ടം വഹിച്ചിരുന്നുവെന്ന് ഇവിടത്തെ പഴയകാല പൊലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഓപറേഷനുകളിൽ ഗോത്രവിഭാങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചതുൾപ്പെടെയുള്ള പ്രയത്നങ്ങൾക്ക് വലിയ ഫലമുണ്ടാവുകയും ചെയ്തു.
മറ്റൊന്ന് പഞ്ചായത്ത് തലത്തിലെ സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് വിജയമാണ്. മാധ്യമങ്ങളെ മാനേജ് ചെയ്യുന്നതിലും കൃത്യമായ പ്രചാരണ രീതി നടപ്പാക്കുന്നതിലും അവർ മിടുക്കു കാണിക്കുന്നു. കേരളത്തിലെയും ബംഗാളിലെയും കമ്യൂണിസ്റ്റ് രീതികളെക്കുറിച്ച് അൽപമെങ്കിലും അറിയുന്നവർക്ക് ഇത് എളുപ്പം മനസ്സിലാവും.
സായുധകലാപങ്ങളെ നേരിട്ട ത്രിപുര മോഡലിെൻറ സവിശേഷത പ്രാദേശിക പൊലീസും ത്രിപുര റൈഫിൾസും വഹിച്ച കാര്യമായ പങ്കാളിത്തമാണ്. ഇവരാവട്ടെ അർധ സായുധ സേനയായ അസം റൈഫിൾസുമായും നല്ല ഒരുമയിൽ മുന്നേറി.
അസം റൈഫിൾസ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഓപറേഷനും മനഃശാസ്ത്ര യുദ്ധ സമീപനത്തിനും പുറമെ ഗോത്ര മേഖലകളിൽ ക്ഷേമ പ്രവർത്തനങ്ങളും ആവിഷ്കരിച്ചു. എൻ.എൽ.എഫ്.ടി, എ.ടി.ടി.എഫ് തുടങ്ങിയ സംഘങ്ങൾ ക്ഷയിച്ചുപോയത് ഇവയുടെയെല്ലാം ഫലമായാണ്. ഇേപ്പാഴും ചില വെല്ലുവിളികൾ ഇവിടെ നിലനിൽക്കുന്നുവെന്നത് സത്യമാണ്. ചില സുരക്ഷ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ ത്രിപുരയിൽനിന്ന് ഇത്തരം സായുധസംഘങ്ങളുടെ വേരറുക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. 2021ലും സുരക്ഷ സേനക്കുനേരെ അതിക്രമങ്ങൾ നടന്നത് അവർ ചൂണ്ടിക്കാട്ടുന്നു. ഗോത്ര വിഭാഗക്കാരും അല്ലാത്തവരും തമ്മിലെ ബന്ധം പ്രശ്നസങ്കീർണമാണ്. പ്രത്യേകിച്ച് തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങൾ ചർച്ചയാവുേമ്പാൾ. ഇത്തരം അന്തരങ്ങൾ ഇല്ലാതാക്കൽ ഇപ്പോൾ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിെൻറ ബാധ്യതയാണ്.
മണിപ്പൂരിലും മേഘാലയയിലും സായുധ കലാപ പ്രവർത്തനങ്ങൾ തഴച്ചുവളരുന്നുണ്ട്, സവിശേഷമായ ചില കാരണങ്ങൾ ഇതിനുണ്ടുതാനും. ഈ സംസ്ഥാനങ്ങളെ കേന്ദ്ര ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതിയിൽ തന്നെ പ്രശ്നങ്ങൾ തുടങ്ങുന്നു. ഒരു രാജഭരണ പ്രദേശമായിരുന്ന മണിപ്പൂരിൽ തലമുറകളായി രാജാധികാരം കൈമാറിയാണ് ഭരണം നടന്നിരുന്നത്. 1949 ഒക്ടോബർ 15ന് ഇന്ത്യൻ യൂനിയനിൽ ചേർന്നെങ്കിലും മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചത് 1972ലാണ്. തൊട്ടടുത്ത നാഗാലാൻഡിന് 1963ൽ സംസ്ഥാന പദവി നൽകിയിരുന്നു. സംസ്ഥാന പദവി ലഭിക്കാൻ വന്ന കാലതാമസം ഇവിടത്തെ പ്രദേശവാസികളായ മെയ്തികളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. മെയ്തികൾ ഭൂരിഭാഗവും ഹിന്ദുക്കളാണ്, മുസ്ലിംകളുമുണ്ട് ഗണ്യമായ അളവിൽ. മണിപ്പൂരി ഐക്യം അവരെ മറ്റെല്ലാ വ്യത്യസ്തകളും മായ്ച്ച് ചേർത്തുനിർത്തുന്നു. മണിപ്പൂരിൽ വിഘടനവാദ പ്രവണതയും നിലനിൽക്കുന്നു. അതിെൻറ കാര്യകാരണങ്ങൾ പരിശോധിക്കുേമ്പാൾ ഭരണകൂടം പുലർത്തിയ അനാസ്ഥകളാണ് പ്രതിസ്ഥാനത്തു വരുക. 1964ൽ മെയ്തി സമൂഹത്തിൽനിന്ന് ഉദയംകൊണ്ട യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് നാലു വർഷക്കാലത്തോളും അക്രമരാഹിത്യത്തിലൂന്നി പ്രവർത്തിച്ച സംഘടനയായിരുന്നു. ഇന്നത് ഒരു സായുധ കലാപ സംഘമാണ്.
വംശീയത സ്വത്വത്തിൽ ഊന്നിയാണ് മണിപ്പൂരിൽ ഇപ്പോഴും വലിയ വിഭാഗം സായുധ സംഘങ്ങളും പ്രവർത്തിക്കുന്നത്. രണ്ടായിരമാണ്ടിൽ സംസ്ഥാനത്ത് സന്ദർശനം നടത്തിയ മാധ്യമ പ്രവർത്തകരോട് അസം റൈഫിൾസിലെ മേജർ ജനറൽ റാങ്കിലുള്ള ഒരു ഓഫിസർ പറഞ്ഞത് നിങ്ങൾ എന്തു തന്നെ ഇവിടെ ചെയ്താലും അതിനെയെല്ലാം വംശീയതയിലൂടെ മറികടക്കപ്പെടുന്നു എന്നാണ്. ആ അവസ്ഥ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്രത്തിെൻറ സ്വാധീനവും മണിപ്പൂരിലെ നാഗർക്ക് തുണയാവുന്നു. മുതിർന്ന നേതാവായ റിഷാങ് കിഷിങ്ങിനെ ഒന്നിലേറെ തവണ അവർക്ക് മുഖ്യമന്ത്രിയായി ലഭിച്ചു.
മേഘാലയയിൽ സായുധസംഘങ്ങളുടെ ഉയർച്ച അമ്പരപ്പിക്കുന്നതാണ്. ഈ മേഘക്കൂട് കലാപകാരികളുടെ താവളമായി മാറിയത് സങ്കുചിത ചിന്തകളുടെ തുടർച്ചയായാണ്. പുറമെ നിന്നുള്ളവർക്കെതിരായ പ്രക്ഷോഭങ്ങളുടെ മൂന്നു തരംഗങ്ങൾ ഇവിടെ വീശിയടിച്ചിരുന്നു. ആൾക്കൂട്ട ആക്രമണങ്ങളാണ് ഇവയുടെ മുഖമുദ്ര തന്നെ. ആദ്യത്തെ പ്രക്ഷോഭം 1980 ഓടെ കെട്ടടങ്ങിയിരുന്നു. 1987ൽ രാജ്യം മുഴുവൻ റിലയൻസ് വേൾഡ് കപ്പിെൻറ ജ്വരത്തിൽ അമർന്നിരിക്കവെ ഷില്ലോങ് കലാപത്തീയിൽ കത്തിയെരിയുകയായിരുന്നു. 1992ൽ വീണ്ടും ഇത്തരം സങ്കുചിത അക്രമങ്ങൾ നടമാടി. മേഘാലയയെ വരുത്തന്മാരുടെ പിടിയിൽനിന്ന് രക്ഷിക്കാൻ എന്ന പേരിൽ ഹിന്നിവ്ട്രപ് ആചിക് ലിബറേഷൻ കൗൺസിൽ ആരംഭിച്ചതും ഈ അവസരത്തിൽ തന്നെയാണ്.
ഈ കുറിപ്പുകാരൻ പഠിച്ചു വളർന്നത് ഷില്ലോങ്ങിലെ പ്രശസ്തമായ സെൻറ് ആൻറണീസ് ഹൈസ്കൂളിലാണ്. എന്നാൽ, ഞങ്ങൾ സ്കൂൾ കാലത്ത് കണ്ട നഗരമേയല്ല ഇന്ന് ഷില്ലോങ്. മേഘാലയത്തിലെ സായുധ പ്രവർത്തനങ്ങളുടെ ഒരു കാരണം പിന്നീട് വർഷങ്ങൾക്കു ശേഷം ഗുജറാത്തിൽനിന്ന് ഞാൻ മനസ്സിലാക്കി. 2002ൽ മുസ്ലിംവിരുദ്ധ വംശഹത്യ അരങ്ങേറിയപ്പോൾ; അവശ്യമായ പൊലീസ് സംവിധാനമില്ലാത്ത നാടുകൾ ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന യാഥാർഥ്യം. പഞ്ചാബിലെ പൊലീസ് മേധാവിയായിരുന്ന കെ.പി.എസ് ഗിൽ പറഞ്ഞതു പ്രകാരം രാജ്യത്ത് ഏറ്റവും ദുർബലമായ പൊലീസിങ് സംവിധാനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മേഘാലയത്തിൽ തൊണ്ണൂറുകളുടെ അവസാനവും പുതു സഹസ്രാബ്ദത്തിലുമെല്ലാം വേണ്ടത്ര ആൾബലമോ ആയുധശേഷിയോ ഇല്ലാതെ പൊലീസ് സേന വിമത സംഘങ്ങളെ തോന്നിയതെന്തും ചെയ്യാൻ വിട്ടിരിക്കുന്ന പ്രതീതിയാണ് നിലനിന്നിരുന്നത്.
(മാധ്യമ പ്രവർത്തകനായ ലേഖകൻ ടാക്കിങ് ഗൺസ്:നോർത്ത് ഈസ്റ്റ് ഇന്ത്യ, ഗോധ്ര- ജേണിഓഫ് എ പ്രൈം മിനിസ്റ്റർ, മോദി ടു മോദിത്വ: എ അൺസെൻസേഡ് ട്രൂത്ത് എന്നീ ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.