തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച ലോഫ്ലോര്‍ ബസില്‍ പുറപ്പെട്ട ഒരു മെഡിക്കല്‍സംഘത്തിന് കേരളത്തിെ ൻറ പലഭാഗത്തും വലിയ സ്വീകരണങ്ങള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാസര്‍കോട്ട േക്ക് പ്രത്യേകസേവനത്തിന് നിയോഗിക്കപ്പെട്ടവരായിരുന്നു ആ സംഘം. സാധാരണ കേരളത്തിലുടനീളം ഇങ്ങനെ ഗതാഗതം നിയന്ത്ര ിച്ച് വണ്ടി കടത്തിവിടാന്‍ സൗകര്യം ഒരുക്കാറുള്ളത് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ പോകുന്ന ആംബുലന്‍സുകള്‍ക്കാണ്. രോഗികളെ തെക്കോട്ട് കൊണ്ടുപോകുന്ന പതിവിന് പകരം ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പു ജീവനക്കാരെയും കൂട്ടത്തോടെ വടക്കോട്ടേക്ക് കൊണ്ടുവരേണ്ടിവന്നതാണ് ഇത്തവണത്തെ വ്യത്യാസം. അതിന് കാരണം ഒരുനാടിനാ കെ പനിപിടിച്ചതുതന്നെ.
കോവിഡ് ബാധിച്ച് കേരളത്തില്‍ ഇതുവരെ ആകെ മരിച്ചത് രണ്ടുപേരാണ്. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങി 10 ദിവസത്തിനകം ചികിത്സകിട്ടാതെ കാസര്‍കോട്ട് ഒന്പതുപേര്‍ മരിച്ചുകഴിഞ്ഞു. കാരണക്കാരായി കേരള സര്‍ക്കാറു ം പൊതുസമൂഹവും കണ്ടെത്തിയത് മംഗലാപുരത്തേക്ക് കടക്കാനാകാതെ അതിര്‍ത്തിയടച്ച കര്‍ണാടകയെയാണ്! കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസനം ലോകമാതൃകയാണെന്നാണ് നമ്മുടെ അവകാശവാദം. ഇത് ശരിയാണെങ്കില്‍ കര്‍ണാടക അതിര്‍ത്തിയടച്ച ാല്‍ ചികിത്സ കിട്ടാതെ എന്തിന് മലയാളികള്‍ മരിച്ചുതീരുന്നു? ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍പോലും കാസര്‍കോടേതര കേരളം സന്നദ്ധമല്ല. മറ്റൊരു ജില്ലയിലുമില്ലാത്തവിധം കോവിഡ് പരന്ന കാസര്‍കോട്ട് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപി പ്പിക്കാന്‍ ഇപ്പോഴും ഒരു ഡി.എം.ഒ ഇല്ല. കാസര്‍കോടിനോടുള്ള ഭരണകൂടത്തിെൻറ പൊതുസമീപനം വ്യക്തമാക്കുന്നതാണിത്.
വിഭവ വിതരണത്തിലെ വിവേചനവും ആരോഗ്യ സൗകര്യ വികസനത്തിലെ അസന്തുലിതത്വവുമാണ് കാസര്‍കോട് നേരിടുന്ന അടിസ്ഥാന പ്രശ്നം. ഇതിന് ഇതുവരെ അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാറുകളും അവരവരുടേതായ പങ്ക് സംഭാവന ചെയ്തിട്ടുണ്ട്. ജനസംഖ്യയില്‍ കാസര്‍കോടിെൻറ (13.07 ലക്ഷം) തൊട്ടുതാഴെ നില്‍ക്കുന്നു പത്തനംതിട്ട (11.97 ലക്ഷം). അതിന് താഴെ ഇടുക്കി (11.08 ലക്ഷം). കാസര്‍കോടിെൻറ തൊട്ടുമുകളിലുള്ളത് കോട്ടയവും (19.74 ലക്ഷം). ഈ നാല് ജില്ലകളിലെ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും വിഭവശേഷിയും താരതമ്യം ചെയ്താല്‍ കാസര്‍കോട് നേരിടുന്ന ഞെട്ടിക്കുന്ന വിവേചനം വ്യക്തമാകും. കാസര്‍കോട്ട് ആകെ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം 304 (ഇതില്‍ ആശുപത്രി 57. ബാക്കി 247 സബ്സെൻററുകളാണ്). ഇടുക്കിയില്‍ അത് 371 ആണ്. ജനസംഖ്യാനുപാതികമായ വിഹിതം എന്നല്ല, കുറഞ്ഞ ജനസംഖ്യയുള്ള ജില്ലകള്‍ക്ക് അനുവദിച്ച എണ്ണം പോലും കാസര്‍കോടിനില്ല.
ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണമെടുത്താല്‍ ഇതിലേറെ രൂക്ഷമാണ് വ്യത്യാസം. പത്തനംതിട്ടയില്‍ രണ്ട് ജില്ല ആശുപത്രികളിലായി 714 കിടക്കകളും കോട്ടയത്ത് അഞ്ചിടത്തായി 1064 കിടക്കകളുമുണ്ടെങ്കില്‍ കാസര്‍കോട്ട് 212 കിടക്കമാത്രം. സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലാ ആസ്ഥാന ആശുപത്രിയും കാസര്‍കോട്ടാണ് -വലിപ്പത്തിലും സൗകര്യത്തിലും. താലൂക്ക് ആസ്ഥാന ആശുപത്രികള്‍ പത്തനംതിട്ടയില്‍ നാലെണ്ണമുണ്ട്. അതില്‍ ആകെ കിടക്കകള്‍ 432. ഇടുക്കിയില്‍ മൂന്ന് ആശുപത്രികളിലായി 224 കിടക്കകൾ. എന്നാല്‍, കാസര്‍കോട്ട് ആകെയുള്ളത് മൂന്നിടത്തായി 89 എണ്ണം മാത്രം. ഇൗ ദയനീയനില കേരളത്തിലെ മറ്റൊരു ജില്ലയിലുമില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കാര്യം ഇതിലും ഞെട്ടിക്കുന്നതാണ്. പത്തനംതിട്ടയില്‍ 33 പി.എച്ച്.സികളിലായി 192 കിടക്കയുണ്ട്. ഇടുക്കിയില്‍ 25 പി.എച്ച്.സികളിലായി 108 കിടക്ക. കാസര്‍കോടെത്തുന്പോള്‍ പി.എച്ച്.സികളുടെ എണ്ണം 26. അതില്‍ ഒരിടത്തും കിടത്തി ചികിത്സസൗകര്യം ഇല്ല! കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കണക്കും സമാനമാണ്. പത്തനംതിട്ട 8 എണ്ണം, 120 കിടക്ക. ഇടുക്കി 6 എണ്ണം, 62 കിടക്ക. കാസര്‍കോട് ഏഴിടത്തായി ആകെയുള്ളത് 24 കിടക്ക. ശരാശരി ഒരു ആശുപത്രിയിലുള്ളത് 3.43 കിടക്ക മാത്രം! കാസര്‍കോട് ജില്ലയില്‍ ആകെ ആശുപത്രികളിലായി മൊത്തം ലഭ്യമായ കിടക്കകളുടെ എണ്ണം 1087. കേരളത്തില്‍ ഏറ്റവും കുറഞ്ഞ കിടത്തി ചികിത്സാ സൗകര്യമുള്ള ജില്ലയാണിത്. സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കുറഞ്ഞ വയനാട്ടില്‍പോലും 1357 കിടക്കകളുണ്ട്. പത്തനംതിട്ടയില്‍ ആകെ കിടക്ക 1938 ഉം കോട്ടയത്ത് 2817ഉം ആണ്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടെണ്ണമുണ്ട്. ഇടുക്കിയില്‍ ജില്ലാ ആശുപത്രി രണ്ടെണ്ണമാണ്. കാസര്‍കോട് ഇവ രണ്ടും ഓരോന്നു മാത്രം. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പത്തനംതിട്ടയില്‍ നാലും കാസര്‍കോട്ട് മൂന്നുമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും 12 കമ്യൂണിറ്റി ഹെല്‍ത്ത് സെൻററുകള്‍ വീതം പ്രവര്‍ത്തിക്കുന്പോള്‍ കാസര്‍കോട്ട് അത് ആറെണ്ണം മാത്രമാണ്. എട്ടു ലക്ഷം മാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ ഇത് ഒന്പതെണ്ണമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇടുക്കിയില്‍ ഒന്പതും കാസര്‍കോട് ഏഴുമാണ്. പി.എച്ച്.സികള്‍ യഥാക്രമം 33 ഉം 26ഉം ആണ്. പ്രത്യക്ഷത്തില്‍തന്നെ ജനസംഖ്യാനുപാതികമായ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പിെൻറതന്നെ ഈ ഔദ്യോഗിക കണക്കുകള്‍.
കാസര്‍കോട് ജില്ലക്ക് അനുവദിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം 198 ആണ്. ജില്ലയില്‍ ഡോക്ടര്‍- ബെഡ് അനുപാതം 5.49 ആണ്. പത്തനംതിട്ടയില്‍ 280 ഡോക്ടര്‍മാരും ഇടുക്കിയില്‍ 219 ഡോക്ടര്‍മാരുമുള്ളപ്പോഴാണിത്. ഇടുക്കിയിലെ ഡോക്ടര്‍- ബെഡ് അനുപാതം 5.00 ആണ്. കിടത്തി ചികിത്സ സൗകര്യം സാധാരണ വിലയിരുത്തുക ജനസംഖ്യാനുപാതികമായാണ്. ഇതനുസരിച്ച് കാസര്‍കോട്ട് ഒരു ബെഡിന് 1203 പേരുണ്ട്. ഒരുബെഡിന് 879 പേര്‍ എന്നതാണ് സംസ്ഥാന ശരാശരി. പത്തനംതിട്ടയില്‍ ഈ അനുപാതം ഒരു ബെഡിന് 615 പേരും കോട്ടയത്ത് 702 പേരുമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. 2016-17ലെ കണക്കനുസരിച്ച് മെറ്റേണല്‍ മോര്‍ട്ടാലിറ്റി റേഷ്യോ 42 ആണ്. പത്തനംതിട്ടയില്‍ ഇത് 15 മാത്രം. നവജാത ശിശു മരണനിരക്കും കാസര്‍കോടിെൻറ കാര്യത്തില്‍ ഒരു സൂചികയാണ്. 2016-17ല്‍ കാസര്‍കോട് പത്തും പത്തനംതിട്ടയില്‍ മൂന്നുമാണ്.
കേരളത്തിലെ ആരോഗ്യമേഖലയുടെ ഘടന മൂന്നു തട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. പി.എച്ച്.സികളും സബ്സെൻററുകളും ഉള്‍കൊള്ളുന്ന പ്രൈമറി ലവല്‍. ഇവിടെനിന്ന് റഫര്‍ ചെയ്യുന്നവര്‍ ചികിത്സ തേടേണ്ട സെക്കൻഡറി െലവല്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാതരം മെഡിക്കല്‍ പരിശോധന സൗകര്യങ്ങളും ഇതില്‍ ഉണ്ടാകണം. മെഡിക്കല്‍ കോളജ് പോലെയുള്ള സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങളാണ് ലെവല്‍ മൂന്നില്‍ വേണ്ടത്. ഈ മൂന്ന് തട്ടിലും മതിയായ സംവിധാനങ്ങള്‍ കാസര്‍കോട്ടില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലൊന്നും കേരളത്തില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏക ജില്ലയാണ് കാസര്‍കോട്. കാസര്‍കോട് താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്തതാണ് ജില്ലയിലെ ഏക ജനറല്‍ ആശുപത്രി. താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ മുതല്‍ കിടക്കകളുടെ എണ്ണം വരെ ഏറക്കുറെ അതേപടി നിലനിര്‍ത്തിയാണ് ജില്ലാ ആശുപത്രിയാക്കി മാറ്റിയത്. ഫലത്തില്‍ മാറ്റം പേരില്‍ മാത്രം. ഇതുതന്നെയാണ് പല ആശുപത്രികളുടെയും പൊതു അവസ്ഥ. ഇതുപരിഹരിക്കാന്‍ ഒന്നാമതായി വേണ്ടത് ഭരണകൂടത്തിെൻറ സന്നദ്ധതയാണ്. എട്ടു കൊല്ലംമുന്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിെൻറ ഉദ്ഘാടനം ചെയ്യപ്പെടാത്ത കെട്ടിടത്തില്‍ നാലു ദിവസം കൊണ്ടാണ് താത്ക്കാലിക സംവിധാനങ്ങളോടെ കോവിഡ് ആശുപത്രി സജ്ജീകരിച്ചത്. രാഷ്ട്രീയ അവകാശത്തര്‍ക്കങ്ങളില്‍ കുടുങ്ങി കാസര്‍കോട്ടുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിെൻറ മികച്ച ഉദാഹരണമാണ് ഈ മെഡിക്കല്‍ കോളജ്. സര്‍ക്കാര്‍ മനസ്സുെവച്ചാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ ക്ഷണനേരം മതിയെന്നതിനും തെളിവ് ഇതേ ആശുപത്രിതന്നെ.
കോവിഡ് നിയന്ത്രണത്തിന് ലോക മാതൃക സൃഷ്ടിച്ചെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ കാസര്‍കോട് ജില്ലമാത്രം ഇതിനപവാദമായി രോഗബാധിതരാല്‍ നിറഞ്ഞു. അച്ചടക്കരഹിതവും അമാന്യവുമായ പെരുമാറ്റത്താല്‍ അവര്‍ സ്വയം സൃഷ്ടിച്ച രോഗവ്യാപനമാണ് അതെന്ന തീർപ്പിലാണ് കാസര്‍കോടേതര കേരളമെത്തിയത്. പത്തനംതിട്ടയിലെ കുടുംബവും മൂന്നാറിലെ വിദേശിയും കണ്ണൂരിലെ പ്രവാസിയും പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തകനും കൊല്ലത്തെ സബ്കലക്ടറും ചെയ്തതില്‍ അപ്പുറമൊന്നും കാസര്‍കോട്ടെ രോഗബാധിതരില്‍നിന്ന് ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, പത്തനംതിട്ടയിൽ ആകെ രോഗികളിൽ 53 ശതമാനം സമ്പർക്കത്തിലൂടെ പകർന്നവരാണെങ്കിൽ കാസർകോട്ട് അത് 31 ശതമാനം മാത്രമാണ്. എന്നിട്ടും കാസര്‍കോട്ടെ രോഗവ്യാപനം മാത്രം അവിടത്തുകാരുടെ കുറ്റകൃത്യം മാത്രമായി ചിത്രീകരിക്കപ്പെട്ടു. അവര്‍ ഈ പകര്‍ച്ചവ്യാധി അനുഭവിക്കേണ്ടവര്‍തന്നെയെന്ന മനോഭാവത്തിലേക്ക് കേരളീയ പൊതുബോധം പെട്ടെന്നുമാറി. കാസര്‍കോട്ടുകാരോട് കാലങ്ങളായി 'ഇതര കേരളം' െവച്ചുപുലര്‍ത്തുന്ന വംശീയതയോളം വളര്‍ന്ന അപരസമീപനത്തിെൻറ സ്വാഭാവിക പ്രതിഫലനമാണ് ഈ മനോഭാവം.
കേരളത്തിെൻറ മറ്റ് ഭാഗങ്ങളില്‍ ഏറക്കുറെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞ കോവിഡ്-19 കാസര്‍കോടെത്തിയപ്പോള്‍ കൈവിട്ടു പോയതിന് അവിടത്തെ അപര്യാപ്തതകളും ആരോഗ്യകേരളത്തിെൻറ ഘടനാപരമായ അസന്തുലിതത്വവും കാരണമായോ എന്ന അന്വേഷണത്തിനുള്ള സാധ്യതപോലും ഈ മനോഭാവം ഇല്ലാതാക്കി. ചികിത്സകിട്ടാതെ ജനം മരിച്ചുവീഴുന്നതിന് കാരണക്കാരായി കര്‍ണാടകയെ കണ്ടെത്തിയതോടെ ആ പ്രശ്നവും പരിഹരിച്ച മട്ടായി. അതിര്‍ത്തി തുറക്കാന്‍ അവരോട് കേരള സര്‍ക്കാര്‍ വാക് യുദ്ധവും കാസര്‍കോട്ടെ എംപി നിയമയുദ്ധവും തുടങ്ങി. എന്നാല്‍ കാസര്‍കോട്ടുകാര്‍ കാലങ്ങളായി അനുഭവിക്കുന്ന വികസന വിവേചനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിലെ അസന്തുലിതത്വം പരിഹരിക്കുക മാത്രമേ പോംവഴിയുള്ളൂ. അതിന് കര്‍ണാടകയോട് ഗുസ്തിപിടിച്ചിട്ട് കാര്യമില്ല. തലപ്പാടിയല്ല പോര്‍ക്കളമാകേണ്ടത്, തിരുവനന്തപുരമാണ്. യുദ്ധം ചെയ്യേണ്ടത് കേരളത്തോടാണ്.
(കണക്കുകള്‍ക്ക് അവംലംബം: ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്വിസസിെൻറ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 2017, 2018 വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.