2022 മേയ് മാസമാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജെയിനിനെ അറസ്റ്റു ചെയ്തത് . കേസിൽ വിധി വന്നിട്ടില്ല, അന്വേഷണം നടക്കുന്നതേയുള്ളൂ. തിഹാറിലെ ഈ ജയിൽ കാലയളവിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇത്തരത്തിൽ കുഴഞ്ഞുവീഴുന്നത്
അതിഭയാനകമായ ലൈംഗിക ചൂഷണങ്ങൾക്കും പീഡനത്തിനും ഇരയായാൽ പോലും നമ്മുടെ രാജ്യത്തെ സ്ത്രീകൾ ഔദ്യോഗികമായി പരാതി നൽകാൻ മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ് എന്നത് ഇപ്പോൾ കുറച്ചുകൂടി വ്യക്തമായിരിക്കുന്നു. കുറ്റവാളി ഏതെങ്കിലും ‘പ്രമുഖനോ’ ഭരണവർഗത്തിന്റെ ഭാഗമോ ആണെന്നുവരുകിൽ കാര്യങ്ങൾ സ്വാഭാവികമായും കൂടുതൽ സങ്കീർണമാവുകയും ചെയ്യും.
തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാരോപിച്ച് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിത ഗുസ്തി താരങ്ങൾ നടത്തിവരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഞാനിത് കുറിക്കുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ. നാലഞ്ച് ദിവസമല്ല, ആഴ്ചകളോ മാസങ്ങളോ ആയി അവർ ഇക്കാര്യം ഉന്നയിച്ച് പരാതിയും പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ട്.
ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനു പകരം രാഷ്ട്രീയം കടത്തിവിട്ട് കേസിനെ കുഴച്ചുമറിക്കുന്നതാണ് നമുക്ക് കാണാനാവുന്നത്. പരാതിക്കാരികൾ അന്താരാഷ്ട്ര ഗോദകളിൽ ഇന്ത്യക്കുവേണ്ടി മെഡലുകൾ നേടിയ അതിപ്രശസ്ത താരങ്ങളാണ്. അവർക്ക് ഈ ഗതിയാണെങ്കിൽ അത്തരം വിശേഷണങ്ങളോ പ്രശസ്തിയോ ഇല്ലാത്ത, സാധാരണയിൽ സാധാരണക്കാരികളായ ഇന്ത്യൻ പൗരിമാരുടെ കാര്യം എന്താണെന്ന് ആർക്കുമൊന്ന് സങ്കൽപിക്കാവുന്നതല്ലേയുള്ളൂ.
ഒന്നുകിൽ, അവരുടെ ആരോപണങ്ങളെയും പരാതികളെയും നിസ്സാരവത്കരിച്ചും പുച്ഛിച്ചും അവഗണിക്കും, അതല്ലെങ്കിൽ അവരെ ഭയപ്പെടുത്തി ഒതുക്കി നിശ്ശബ്ദമാക്കും. എവിടെപ്പോയി നമ്മുടെ വനിത മന്ത്രിമാരും പാർലമെൻറംഗങ്ങളും? വനിത ശാക്തീകരണത്തെയും സ്ത്രീ സുരക്ഷയെയും പറ്റി കേട്ട അതിഗംഭീര പ്രസംഗങ്ങൾക്ക് എന്തു സംഭവിച്ചു? മുഴക്കിയ മുദ്രാവാക്യങ്ങളുടെ ഗതിയെന്തായി?
കഴിഞ്ഞ മേയ് 25ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ തിഹാർ ജയിലിലെ കുളിമുറിയിൽ തലകറങ്ങി കുഴഞ്ഞുവീണുവെന്ന വാർത്ത കണ്ടു. 2022 മേയ് മാസമാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജെയിനിനെ അറസ്റ്റു ചെയ്തത്. കേസിൽ വിധി വന്നിട്ടില്ല, അന്വേഷണം നടക്കുന്നതേയുള്ളൂ. തിഹാറിലെ ഈ ജയിൽ കാലയളവിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇത്തരത്തിൽ കുഴഞ്ഞുവീഴുന്നത്.
ഇത് ഒരുപാട് അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തിഹാർ ജയിലിന്റെ കാര്യം മാത്രമല്ല ഞാൻ ഉദ്ദേശിച്ചത്. രാജ്യത്തുടനീളമുള്ള ജയിലുകളിലെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? വ്യവസ്ഥകൾ എന്തൊക്കെയാണ്?? ഇപ്പോൾ കുഴഞ്ഞു വീണത് ഒരു സുപ്രധാന നേതാവും മുൻമന്ത്രിയുമൊക്കെ ആയതുകൊണ്ട് നമ്മളത് വാർത്തയായി വായിച്ചറിഞ്ഞു.
സാധാരണക്കാരായ ജയിൽ അന്തേവാസികൾ ഇതല്ല, ഇതിനപ്പുറമുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാൽപോലും നമ്മളറിയുമോ? ജയിലിൽ കിടക്കുന്നവരുടെ മാനസിക-ശാരീരിക ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ എന്തെങ്കിലും കാര്യക്ഷമമായ നടപടികൾ പാലിക്കപ്പെടുന്നുണ്ടോ? ആ മനുഷ്യർ സെല്ലുകളിൽ കിടന്ന് അലറിക്കരഞ്ഞാൽപോലും ഉയർന്ന മതിൽക്കെട്ടുകൾക്കിപ്പുറത്തേക്ക് ആ കരച്ചിലും വേദനകളുമൊന്നും ഒരാളും അറിയുകയില്ല.
ജയിലുകളിൽ അടക്കപ്പെട്ടിരിക്കുന്ന ആളുകളിൽ വലിയ ശതമാനവും വിചാരണത്തടവുകാരാണ്. അതായത്, സാങ്കേതികമായി നിരപരാധികളാണ്. അഥവാ അവർ അപരാധികളാണെന്ന് കോടതികൾ വിധിച്ചാൽപോലും മനുഷ്യർ എന്ന നിലയിൽ നിർബന്ധമായും ലഭിച്ചിരിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാൻ ഒരു ന്യായവുമില്ല.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആളുകളിൽ പലരും ശക്തരായ രാഷ്ട്രീയ മാഫിയകളുടെ നിയന്ത്രണത്തിലുള്ള വെറും കാലാളുകൾ മാത്രമാണ് എന്നതുകൂടി ഓർക്കുക.
ഒരു ഭരണകൂടം അവിടത്തെ സ്ത്രീകളെയും കുട്ടികളെയും യുവജനങ്ങളെയും പരിചരിക്കുന്നതിൽ നിന്ന് മാത്രമല്ല, അവിടത്തെ തടവറകളുടെ അവസ്ഥ പരിശോധിക്കുന്നതിൽ നിന്നും രാജ്യത്തിന്റെ വികസനത്തിന്റെ ക്ഷേമത്തിന്റെയും തോത് അളക്കാനാവും. നമ്മുടെ നാട്ടിൽ നടക്കുന്നതെന്താണ്? സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്നു, അവർക്ക് നീതിയില്ല.
അക്രമികളും ബലാത്സംഗികളും അശിക്ഷിതരായി അർമാദം പൂണ്ട് നടക്കുന്നു, കൊലപാതകികളും വിദ്വേഷപ്രസംഗകരും കൊലവിളികളുമായി നിയമത്തെയും ജനങ്ങളെയും വെല്ലുവിളിക്കുന്നു. അവർക്ക് അറസ്റ്റില്ല, തടവറകളെപ്പേടിക്കേണ്ടതില്ല... ജയിലിനുള്ളിൽ തടവിൽ കഴിയുന്ന ജനങ്ങളുടെ മാത്രമല്ല പുറംലോകത്ത് ജീവിക്കുന്ന ജനങ്ങളുടെ അവസ്ഥയും അനുദിനം അതിപരിതാപകരമായി മാറിക്കൊണ്ടിരിക്കുകയാണീ രാജ്യത്ത്.
സ്ത്രീകൾ, തടവറകളിൽ കഴിയുന്നവർ എന്നിവരെക്കുറിച്ച് പറഞ്ഞു, വാദിക്കാനും നീതി നൽകാനും ആരുമില്ലാത്ത മറ്റൊരു സമൂഹത്തെക്കുറിച്ചു കൂടിപ്പറഞ്ഞ് ഈ കുറിപ്പിന് വിരാമമിടാം. അഭയാർഥികളെപ്പറ്റി. അവരുടെ എണ്ണവും ദുരിതവും എണ്ണമറ്റ രീതിയിൽ പെരുകിക്കൊണ്ടിരിക്കുേമ്പാഴും നമ്മളാരും അവിടേക്ക് കണ്ണുപായിക്കുന്നില്ല, അവരുടെ രോദനങ്ങൾക്ക് ചെവികൊടുക്കുന്നില്ല.
സർക്കാറുകൾ നിയമങ്ങൾ കർശനമാക്കുകയും സന്നദ്ധസംഘടനകളുടെ സ്രോതസ്സുകൾ ചുരുങ്ങിവരുകയും ചെയ്യുന്നതോടെ അഭയം തേടുന്ന മനുഷ്യരുടെ അവസ്ഥ കടുത്ത വെല്ലുവിളികൾ നിറഞ്ഞതായി മാറുകയാണ്. ജനിച്ച, വളർന്ന, ജീവിച്ച മണ്ണിൽ നിന്ന് അജ്ഞാതമായ ദേശങ്ങളിലേക്ക് അഭയം തേടിപ്പോകേണ്ടി വരുന്ന മനുഷ്യരും അവരുടെ വേദനകളും വാക്കുകൾ കൊണ്ട് വരക്കാവുന്നതിൽ അപ്പുറമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.