പണം കൊയ്യുന്ന വൻ ബിസിനസായി മാറിയതോടെ മാലിന്യ സംസ്കരണം സംസ്ഥാനത്ത് പലയിടത്തും ഉദ്ദേശിച്ച ഫലം ചെയ്യാത്ത അവസ്ഥ. ബ്രഹ്മപുരത്തെ വിഷപ്പുകക്കു പിന്നാലെ മാലിന്യസംസ്കരണവും കരാർ കമ്പനികളും പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഇതു വീണ്ടും ചർച്ചയായത്. മാലിന്യത്തിന് തീയിടുന്നത് ഒഴിവാക്കാൻ കൂടിയാണ് കേന്ദ്രീകൃത ശേഖരണവും സംസ്കരണവും സർക്കാർ തലത്തിൽ നടത്തുന്നത്.
എന്നാൽ, ലാഭത്തിൽ കണ്ണുവെച്ചുള്ള നടത്തിപ്പുരീതിയിൽ മാലിന്യ പ്ലാന്റുകളിൽ തന്നെ തീപിടിത്തം വ്യാപകമായി. തൊട്ടടുത്തെ ഫയർ സ്റ്റേഷനിൽ പോയാലറിയാം മാസത്തിൽ എത്രതവണ തീയണക്കാൻ പോകുന്നുവെന്നത്. തീപിടിത്തത്തിലെ സാഹചര്യതെളിവുകളെല്ലാം എന്നും കരാർകമ്പനിക്ക് എതിരാണ്.
പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യം കുമിഞ്ഞുകൂടുമ്പോഴുള്ള ‘സ്വാഭാവിക പ്രകിയ’ മാത്രമായി ഇന്ന് തീപിടിത്തം. ബ്രഹ്മപുരത്ത് കൈവിട്ടുപോയി എന്നത് ഒഴിച്ചാൽ ഒരന്വേഷണവും പിന്നീട് ഉണ്ടാവാറില്ല.
മാലിന്യനീക്കത്തിന് കരാറായി കഴിഞ്ഞാൽ അവിടെ എന്ത് നടക്കുന്നുവെന്ന് ഒരാളും പോയി നോക്കാറില്ല എന്നതാണ് യാഥാർഥ്യം. പല സ്ഥലവും നിരോധിത മേഖലകളാണ്. കരാറായാൽ അധികൃതർക്കും ഇതിലൊട്ടും താൽപര്യമുണ്ടാവാറില്ല. കരാറാവുന്ന വരെ ഉയർന്ന ഉദ്യോഗസ്ഥർ വരെ കമ്പനികൾക്കൊപ്പമുണ്ടാവുമെന്നതിന് കൃത്യമായ തെളിവുകളുണ്ട്.
കോടികളുടെ കരാറാണ് ഓരോ മാലിന്യസംസ്കരണ പദ്ധതിയും. ഒരർഥത്തിൽ സ്വർണഖനനമാണ് ബയോമൈനിങ് എന്നത്. അത് ലഭ്യമാവാൻ ഒട്ടേറെ ഇടനിലക്കാരുണ്ട്. കോടികൾ വരുന്ന വഴിയറിയാൻ കണ്ണൂർ കോർപറേഷന്റെ മാലിന്യസംസ്കരണ ടെൻഡർ മാത്രം പരിശോധിച്ചാൽ മതി.
1,23,832 ക്യുബിക് മീറ്റർ മാലിന്യ സംസ്കരണത്തിന് 21.23കോടിയാണ് സോൻഡ കമ്പനി ചോദിച്ചത്. കരാർ നൽകിയതാകട്ടെ 7.92കോടിക്ക് റോയൽ വെസ്റ്റേൺ കമ്പനിക്ക്. അപ്പോൾ ഈ തുകക്കും ആ പ്രവൃത്തി ചെയ്യാമെങ്കിൽ ഇതിലെ ബിസിനസ് സാധ്യത കണ്ടറിയണം.
തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണത്തിന്റെ ഏകോപനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ട്. പൊതുസ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിൽ മാലിന്യം സംസ്കരിക്കൽ ഈ സമിതിയാണ് തീരുമാനിക്കുന്നത്. സംസ്കരണത്തിന് സ്വകാര്യ കമ്പനിയെ നിശ്ചയിക്കുന്നതിലും മേൽനോട്ടത്തിനുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെ.എസ്.ഐ.ഡി.സി)യാണ് നോഡൽ ഏജൻസിയായി നിയമിച്ചത്.
അതിനാൽ തന്നെ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളുടെയും കുന്തമുന കെ.എസ്.ഐ.ഡി.സിക്കുനേരെയാണ്. ബ്രഹ്മപുരത്ത് ആരോപണ വിധേയമായ സോൻഡ ഇൻഫ്ര ടെക് ഉൾെപ്പടെയുള്ള കമ്പനി കൊച്ചിയിലും കണ്ണൂരിലും എത്തിയത് കെ.എസ്.ഐ.ഡി.സി വഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.