2011 മാർച്ച് 30. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് വേദി. ലോകകപ്പ് ക്രിക്കറ്റിെൻറ രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടുന്നത് 'ചിരവൈരികളാ'യ ഇന്ത്യയും പാകിസ്താനും. മുംബൈ ഭീകരാക്രമണത്തിെൻറയും മറ്റും പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധമൊക്കെ അറ്റുപോയതിൽപിന്നെ പരസ്പരമുള്ള ക്രിക്കറ്റ് പര്യടനങ്ങളൊന്നും വർഷങ്ങളായി നടന്നിട്ടില്ല. എന്തിന്, െഎ.പി.എല്ലിൽ പോലും ഒരൊറ്റ പാകിസ്താനിയുണ്ടായിരുന്നില്ല. അപ്പോഴാണ് ഇങ്ങനെയൊരു മത്സരം. ആ 'ഏറ്റുമുട്ടലി'നെ ഒരു സുവർണാവസരമാക്കാൻ പ്രധാനമന്ത്രി മൻമോഹൻ തീരുമാനിക്കുന്നതോടെ, കളിയാകെ മാറി. മൻമോഹെൻറ ക്ഷണം സ്വീകരിച്ച് മത്സരം വീക്ഷിക്കാൻ പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെത്തി. ഗീലാനിയും അവസരത്തിനൊത്ത് ക്രീസിലിറങ്ങിയതോടെ അതൊരു ചരിത്ര നിമിഷമായി പരിണമിച്ചു. ഇരുനേതാക്കളും ഗ്രൗണ്ടിലെത്തി കളിക്കാരെ അഭിവാദ്യം ചെയ്യുേമ്പാൾ ഗാലറിയിൽ രണ്ടുരാജ്യങ്ങളുടെയും പതാകകൾ കൂട്ടിക്കെട്ടി കാണികൾ െഎക്യാരവം മുഴക്കി. പക്ഷെ, ക്രിക്കറ്റ് ഡിപ്ലോമസിയുടെ ആ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഉന്മാദ ദേശീയതയുടെ വക്താക്കൾ നാടു ഭരിക്കുേമ്പാൾ, ഗാലറിയിൽ മുഴങ്ങുക വിദ്വേഷത്തിെൻറ ആക്രോശങ്ങളായിരിക്കും. അത്തരമൊരു ആൾക്കൂട്ടാക്രമണത്തിൽ അകപ്പെട്ടിരിക്കുകയാണ് മുഹമ്മദ് ഷമി എന്ന ഇന്ത്യൻ ക്രിക്കറ്റർ.
ഒാരോ കളിയിലും പുതിയൊരു നാടകം പിറവികൊള്ളുന്നുവെന്നാണ് ക്രിക്കറ്റിനെക്കുറിച്ച് ഹരോൾഡ് പിൻറർ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞയാഴ്ച ട്വൻറി-20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിനുശേഷം പിറവികൊണ്ടൊരു നാടകമായിരുന്നു 'ഷമി എപ്പിസോഡ്'. ഇരുകൂട്ടരുടെയും അഭിമാനപ്പോരാട്ടത്തിൽ സാമാന്യം ദയനീയമായിത്തന്നെ ഇന്ത്യ പരാജയപ്പെട്ടു. ലോകകപ്പ് ക്രിക്കറ്റിെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ അയൽക്കാരോട് തോൽക്കുന്നത്. മത്സരത്തിലുടനീളം പാകിസ്താൻ വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ, പ്രതിഭകളേറെയുണ്ടായിട്ടും കോഹ്ലിപ്പടയിൽ ആർക്കും അവസരത്തിനൊത്ത് ഉയരാനായില്ല എന്നുവേണമെങ്കിൽ ആ കളിയെ വിലയിരുത്താം. പക്ഷെ, മത്സരത്തിനൊടുവിൽ പരാജയഭാരം മുഴുവൻ ഷമിയിൽ കെട്ടിവെച്ചുകെട്ടി ആൾക്കൂട്ടം! മത്സരശേഷം പിറവികൊണ്ട നാടകത്തിൽ ലക്ഷണമൊത്തൊരു ചാരെൻറ വേഷമാണ് 'ദേശസ്നേഹികളായ' കളിയാരാധകർ ഷമിക്ക് നൽകിയത്. നീലക്കുപ്പായമണിഞ്ഞ്, അയാൾ രാജ്യത്തെ ബാബറിന് (പാകിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്സം)ഒറ്റുകൊടുത്തുവെന്നാണ് ഷമിക്കെതിരായ സൈബർ ആക്രമണങ്ങളുടെ രത്നച്ചുരുക്കം. രണ്ടുമൂന്നു ദിവസം ഇൗ ആൾക്കൂട്ടാക്രമണത്തിൽ ശരിക്കുംപെട്ടു ഷമി; പിന്നെ, ബി.സി.സി.െഎയുടെ ഗുഡ് സർട്ടിഫിക്കറ്റും സഹകളിക്കാരുടെ നല്ലവാക്കുകളും െഎക്യദാർഢ്യവുമൊക്കെവന്നശേഷമാണ് സംഗതി പൊടിക്കടങ്ങിയത്.
ഇൗ 'കളിയാവേശം' കുറച്ചുകാലമായി നമ്മുടെ നാട്ടിൽ പതിവാണ്.ഏതാനും വർഷംമുമ്പ്, വംശീയവിദ്വേഷത്തിനെതിരെ രണ്ടു വരി ട്വിറ്ററിൽ കുറിച്ച ഇർഫാൻ പത്താനെയും ഇതേ ആൾക്കൂട്ടം 'ചാരനാക്കി'. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഹോക്കി ടീം സെമിയിൽ പരാജയപ്പെട്ടപ്പോൾ വന്ദന കതാരി എന്ന സ്ട്രൈക്കർക്കായിരുന്നു പഴി. വന്ദനയെപ്പോലുള്ള താഴ്ന്ന ജാതിക്കാരെ ടീമിലുൾപ്പെടുത്തിയത് ശകുനപ്പിഴയായെന്നാണ് 'കളിവിശാരദരു'ടെ നിരീക്ഷണം. ദോഷപരിഹാരത്തിനായി വന്ദനയുടെ വീടിനുമുന്നിൽ പടക്കവും പൊട്ടിച്ചു. ഇങ്ങനെ ആൾക്കൂട്ടാക്രമണത്തിനിരയാകാറുള്ളത് ചില പ്രത്യേക വിഭാഗത്തിൽനിന്നുള്ളവർ മാത്രമാണ്.
നമ്മുടെ രാജ്യത്ത് പതിവായി നടക്കാറുള്ള ആൾക്കൂട്ടാക്രമണങ്ങളിൽ ഇരയാകുന്നതും ഇതേ വിഭാഗമാണല്ലോ. അപ്പോൾ, സൈബർ ഗാലറികളിലും മുഴങ്ങുന്നത് ഫാഷിസത്തിെൻറയും ഹിന്ദുത്വതയുടെയും വംശീയാക്രോശം തന്നെ. ആൾക്കൂട്ടത്തിെൻറ ഇതേ മനോഭാവം തന്നെയാണ് അധികാരികൾക്കും. അതുകൊണ്ടാണ്, പാക് വിജയത്തിൽ ആഹ്ലാദിച്ച ഇന്ത്യൻ കളിയാരാധകർ യു.പിയിലും കശ്മീരിലുമെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടത്. മത്സരശേഷം പാക് താരങ്ങളെ ആലിംഗനംചെയ്തുകൊണ്ട് അഭിനന്ദിക്കുന്ന കോഹ്ലിയുടെ ചിത്രം കണ്ടില്ലേ? സ്പോർട്സ്മാൻ സ്പിരിറ്റിെന ഉദ്ഘോഷിക്കുന്ന പ്രസ്തുത ചിത്രത്തിൽ കോഹ്ലിക്ക് പകരമെങ്ങാനും ഷമിയായിരുന്നുവെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഷമിയെ ദൈവം രക്ഷിച്ചു!
ഇങ്ങനെ തെറിവിളി കേൾക്കേണ്ടയാളൊന്നുമല്ല ഷമി. കരിയറിലും സ്റ്റാറ്റിസ്റ്റിക്സിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ്. എട്ടുവർഷത്തിലധികമായി ദേശീയ ടീമിനൊപ്പമുണ്ട്. നിർണായക സമയങ്ങളിലെല്ലാം ടീമിനെ കരകയറ്റിയ ചരിത്രവുമുണ്ട്. എന്തിനേറെ, ഏറ്റവും കുറഞ്ഞ ഏകദിന മത്സരങ്ങളിൽ നൂറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമെന്ന റെക്കോഡിനുടമയാണ്. ഏകദിനത്തിൽ വിക്കറ്റ് വേട്ടയുടെ തുടക്കവും പാക് താരം സഇൗദ് അജ്മലിനെ പവലിയനിലേക്ക് പറഞ്ഞയച്ചായിരുന്നു. 2013ലായിരുന്നു അത്. പാകിസ്താനെതിരായ മൂന്നാം ഏകദിനത്തിൽ അശോക് ദിൻഡക്ക് പകരക്കാരനായാണ് ടീമിലെത്തിയത്. ആദ്യ മത്സരത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആ വർഷത്തെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും ഒരൊറ്റ കളിയിലേ പെങ്കടുക്കാനായുള്ളൂ. പക്ഷെ, വിക്കറ്റ് നേട്ടം മൂന്ന്. അതോടെ ടീമിലെ സ്ഥിരസാന്നിധ്യമായി. പിന്നെയങ്ങോട്ട് വിക്കറ്റ് വേട്ടയുടെ കാലമാണ്.
ഒറ്റ വർഷംകൊണ്ടുതന്നെ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2015ലെ ലോകകപ്പിലെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നാലു വിക്കറ്റെടുത്തായിരുന്നു തുടക്കം. സെമിയിൽ ടീം പുറത്താകുേമ്പാഴേക്കും എണ്ണം പറഞ്ഞ 17 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. ലോകകപ്പിനുശേഷം വിശ്രമകാലമായിരുന്നു, പരിക്ക് വില്ലനായതോടെ രണ്ടു വർഷമാണു പോയത്. തിരിച്ചുവന്നപ്പോഴും പഴയ േഫാമിൽ മാറ്റമൊന്നുമില്ല. 2019ലെ ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ ഹാട്രിക് അടക്കം എത്രയോ കരിയർ നേട്ടങ്ങൾ. ആകെ 79 ഏകദിന മത്സരങ്ങൾ; 148 വിക്കറ്റുകൾ.
ഇതേകാലത്ത് ടെസ്റ്റിലും ട്വൻറി 20യിലും െഎ.പി.എല്ലിലുമെല്ലാം തിളങ്ങി. എട്ടു വർഷം മുമ്പ് കൊൽക്കത്ത ഇൗഡൻ ഗാർഡനിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ആദ്യ ടെസ്റ്റ്. അരങ്ങേറ്റത്തിൽ തന്നെ ഒമ്പതു വിക്കറ്റ്! അതോടെ ഭുവനേശ്വറിനൊപ്പം ടീമിെൻറ പേസ്നിരയിലെ മുഖ്യതാരമായി. 54 ടെസ്റ്റുകളിൽനിന്ന് 195 വിക്കറ്റുകളാണ് സമ്പാദ്യം. 2014 മുതലാണ് െഎ.പി.എല്ലിൽ സജീവമായത്. ആദ്യ നാല് സീസണുകളിൽ ഡൽഹിക്കൊപ്പമായിരുന്നു. അതുകഴിഞ്ഞ് പഞ്ചാബിൽ. കഴിഞ്ഞ സീസണിൽ 19 വിക്കറ്റ് വീഴ്ത്തി ഏറ്റവും മികച്ച അഞ്ച് ബൗളർമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഇൗ പ്രകടനംകൂടി കണക്കിലെടുത്താണ് ആരുടെയും ശിപാർശയില്ലാതെ ലോകകപ്പ് സ്ക്വാഡിെൻറ ഭാഗമായത്. ബുംറക്കൊപ്പം ബൗളിങ് നിരയിലെ രണ്ടാമൻ. ഇരുവരുംകൂടി ഏതൊരു ബാറ്റിങ് ലൈനപ്പും പൊളിച്ചടുക്കും എന്ന പ്രതീക്ഷയിലാണ് ദുബൈയിൽ പാകിസ്താനെതിരെയിറങ്ങിയത്. എന്നാൽ, ബാബറും റിസ്വാനും ആ പ്രതീക്ഷകളെ സിക്സറുകളടിച്ച് പറത്തിക്കളഞ്ഞു. പക്ഷേ, പഴി പാവം ഷമിക്കു മാത്രം.
ഉത്തർപ്രദേശിൽ മുറാദാബാദിനടുത്ത അംറോഹയിലെ കർഷകകുടുംബത്തിലാണ് ജനനം. പിതാവ് തൗസീഫ് അലിയാണ് മകനിലൊരു ക്രിക്കറ്റർ ഒളിഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് മുറാദാബാദിലെ പരിശീലകെൻറയടുത്തു പറഞ്ഞയച്ചത്. അവിടുന്ന്, കൊൽക്കത്ത ഡൽഹൗസി ക്രിക്കറ്റ് ക്ലബിലേക്ക്. ക്ലബ്ബിനുവേണ്ടിയുള്ള ഉശിരൻ പ്രകടനങ്ങളാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷെൻറ ഭാഗമാക്കി മാറ്റിയത്. 2013ലെ െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം െഎ.പി.എൽ ലേലത്തിൽ നാലേകാൽ കോടിക്കാണ് ഡൽഹി ഷമിയെ വാങ്ങിയത്. അതിൽപിന്നെയാണ് ആ റിവേഴ്സ് സിങ്ങുകൾ ബാറ്റർമാരുടെ പേടിസ്വപ്നമായി മാറിയത്. 31ാം വയസ്സിലും വിക്കറ്റ് വേട്ട തുടരുകതന്നെയാണ്. അതിനിടയിലാണ്, ഉന്മാദികളായ ആൾക്കുട്ടം അയാളെ നാടുകടത്തണമെന്ന് ആക്രോശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.