ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ, അതിനു കാരണക്കാ രൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമ ന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിയോടല്ല, പ്രതിപക്ഷത്തെ പാർട്ടികളോട് പ ോരടിക്കുന്ന മട്ടിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളെ പരിക്കേൽപിക്കുകയാണ് കോൺഗ്രസ്. യു.പിയിൽ ബി.എസ്.പി-എസ്.പി സഖ്യത്തിനു ദോഷം ചെയ്യുന്നു. കേരളത്തിൽ ഇടതിനെതിരെ പ്രവർത്തിക്കുന്നു.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് പരിക്കേൽപിക്കുന്നു. ആന്ധ്രയിൽ ടി.ഡി.പിക്കും ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കും ദോഷം ചെയ്യാൻ ശ്രമിക്കുന്നു. അനുകൂല സാഹചര്യം ഇത്തരത്തിൽ തകർക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി സഖ്യത്തിന് പലവട്ടം നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതിനൊടുവിൽ ഡൽഹി ത്രികോണ മത്സരത്തിന് വേദിയായ സാഹചര്യം മുൻനിർത്തിയാണ് അരവിന്ദ് കെജ്രിവാളിെൻറ പരാമർശം. ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണം വെള്ളിയാഴ്ചയാണ് സമാപിച്ചത്. ഞായറാഴ്ച വോെട്ടടുപ്പു നടക്കും. തുടക്കത്തിലെ സാഹചര്യത്തിൽനിന്ന് വ്യത്യസ്തമായി, ഏഴു സീറ്റിലും ആം ആദ്മി പാർട്ടി ജയിച്ചാൽപോലും അതിശയമില്ലെന്ന് കെജ്രിവാൾ പറഞ്ഞു.
മോദിയേക്കാൾ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് ആയിരം വട്ടം ഭേദമാണെന്നും കെജ്രിവാൾ പറഞ്ഞു. 2008ലെ സാമ്പത്തികമാന്ദ്യത്തിൽനിന്ന് ഇന്ത്യയെ രക്ഷിച്ചുനിർത്തിയത് മൻമോഹൻ സിങ്ങാണ്. നല്ല മനുഷ്യൻ -കെജ്രിവാൾ പറഞ്ഞു.
കഴിഞ്ഞ 10 ദിവസത്തിനിടയിൽ സാഹചര്യങ്ങൾ മാറി. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും എ.എ.പി പിടിച്ചതിനു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് കാണുന്നത്. കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചെങ്കിലും, തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസുമായി കേന്ദ്രത്തിൽ സർക്കാർ രൂപവത്കരണ കാര്യത്തിൽ സഖ്യമുണ്ടാക്കാനുള്ള സാധ്യത കെജ്രിവാൾ തള്ളിക്കളഞ്ഞില്ല. മോദിയെയും അമിത് ഷായേയും അധികാരത്തിൽനിന്ന് മാറ്റിനിർത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം. അതിനു തക്ക വിധത്തിൽ ആർക്കും പിന്തുണ നൽകുമെന്ന് കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.