പാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനം തന്നെ തേടിവന്നതാണെന്ന് പി.എസ്. ശ്രീധരൻപിള്ള പറയുമ്പോഴും അദ്ദേഹത്തിനായുള്ള ചരടുവലികൾ അണിയറയിൽ ഒരു വിഭാഗം ആരംഭിച്ചത് ഒരു മാസം മുേമ്പ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചപ്പോൾ തുടങ്ങിയ അഭ്യൂഹങ്ങൾക്കാണ് തിങ്കളാഴ്ച വൈകീട്ടോടെ വിരാമമായത്.
ആദ്യം ഉയർന്നുകേട്ട പേരുകൾ ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രേൻറയും എം.ടി. രമേശിേൻറതുമായിരുന്നു. ആ ചർച്ച ആർ.എസ്.എസ് മുഖമാസികയായ ഓർഗനൈസർ മുൻ എഡിറ്റർ ആർ. ബാലശങ്കറിലും മധ്യപ്രദേശിലെ സംഘടന ജനറൽ സെക്രട്ടറി അരവിന്ദ് മേനോനിലും വരെ എത്തിനിൽക്കുമ്പോഴാണ് ഗ്രൂപ്പുകളോട് എന്നും സമദൂരം പാലിച്ചിരുന്ന പി.എസ്. ശ്രീധരൻപിള്ളയുടെ പേര് പി.കെ. കൃഷ്ണദാസ് വിഭാഗം കേന്ദ്ര നേതൃത്വത്തിന് മുന്നോട്ടുവെച്ചത്. മിതഭാഷി, എൻ.എസ്.എസ് നേതൃത്വവുമായുള്ള ബന്ധം, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സ്വീകാര്യത എന്നിവ കൂടി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയതോടെ ശ്രീധരൻപിള്ളയെ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
കെ. സുരേന്ദ്രൻ എന്ന ഒറ്റപ്പേരിൽ ഉറച്ചുനിന്ന വി. മുരളീധരൻ വിഭാഗത്തിെൻറ നിലപാടുകൾ കേരളത്തിലെ ബി.ജെ.പിയെ കൂടുതൽ കലുഷിതമാക്കാനാണ് സാധ്യത. അവസാനം വരെ സുരേന്ദ്രന് വേണ്ടി ഉറച്ചു നിന്ന മുരളീധരനെ മെരുക്കാൻ ഒടുക്കം നൽകിയ ആന്ധ്രയുടെ ചുമതല മതിയാവില്ലെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ തന്നെ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ വലിയ ലക്ഷ്യങ്ങളാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് മുന്നിൽ വെച്ചിട്ടുള്ളത്. പോരടിക്കുന്ന നേതാക്കളുമായി മുന്നോട്ട് പോയി ലക്ഷ്യത്തിന് അടുത്തെങ്കിലും എത്തുകയെന്നത് തന്നെയായിരിക്കും ശ്രീധരൻപിള്ളയുടെ മുന്നിലെ പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.