തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിന് പിന്നിൽ കേന്ദ്രനേതാക്കൾ. തർക്കം ഒഴിവാക്കാനാണ് സുേരഷിന് സ്ഥാനാർഥിത്വം നൽകിയതെന്നും സൂചനയുണ്ട്. സംഭവത്തിൽ ആർ.എസ്.എസ് കടുത്ത അതൃപ്തിയിലാണ്. കുമ്മനത്തിന് പാർട്ടിയിൽ ഉയർന്ന പദവിയെന്തെങ്കിലും നൽകി പ്രശ്നപരിഹാരത്തിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
നേമത്തിന് പിന്നാലെ ബി.ജെ.പി ഏറെ വിജയസാധ്യത കൽപിച്ചിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. അവിടെ ശക്തനായ സ്ഥാനാർഥി വേണമെന്നായിരുന്നു ബി.ജെ.പിയും ആർ.എസ്.എസും ആഗ്രഹിച്ചത്. അങ്ങനെയാണ് കുമ്മനത്തിെൻറ പേര് ഉയർന്നുവന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും ആർ.എസ്.എസ് സമ്മർദം മൂലം കുമ്മനം പിന്നീട് വഴങ്ങി. എറണാകുളത്ത് ചേർന്ന ബി.ജെ.പി നേതൃയോഗം കുമ്മനത്തിെൻറ പേരുതന്നെ ആദ്യമായി നിർേദശിക്കാനും തീരുമാനിച്ചു.
ഇൗ യോഗത്തിലും മത്സരിക്കാൻ തയാറല്ലെന്ന് കുമ്മനം ആദ്യം വ്യക്തമാക്കിയതോടെ വി.വി. രാജേഷിെൻറ പേര് ഒരു വിഭാഗം ഉയർത്തി. ഇതിനെതിരെ എതിർവിഭാഗം രംഗത്തുവരുകയും രാജേഷ് വന്നാൽ ഒരു മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. തുടർന്ന് രണ്ടാംപേരായി എസ്. സുരേഷിനെയും മൂന്നാംപേരായി മാത്രം വി.വി. രാജേഷിനെയും ഉൾപ്പെടുത്തി. ഇൗ പട്ടികയാണ് ഡൽഹിക്ക് അയച്ചത്.
എന്നാൽ, കുമ്മനം സംസ്ഥാന പ്രസിഡൻറായിരുന്നപ്പോൾ കേരളത്തിെൻറ ചുമതലയുണ്ടായിരുന്ന രണ്ട് കേന്ദ്രനേതാക്കളാണ് ഡൽഹിയിൽ അദ്ദേഹത്തെ വെട്ടാൻ മുൻകൈെയടുത്തത്. ഇവരുമായി കുമ്മനം നല്ല രസത്തിലായിരുന്നില്ല. തങ്ങൾ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ മത്സരിക്കാനിറങ്ങിയ കുമ്മനത്തെ വെട്ടിയതോടെ ആർ.എസ്.എസിൽ അമർഷം പുകയുകയാണ്. അതിനിടെ പ്രശ്നപരിഹാരം എന്ന നിലയിൽ കുമ്മനത്തിന് പാർട്ടിയിൽ സ്ഥാനമാനം നൽകാനുള്ള നീക്കവും നടക്കുന്നു. ശ്രീധരൻപിള്ളയെ മാറ്റി കുമ്മനത്തെ പ്രസിഡൻറാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.