പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത് സി.പി.എം ഗുണ്ടകളെപ്പോലെയെന്ന് കെ.സി. വേണുഗോപാല്‍ എം.പി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ പൊലീസ് നേരിട്ടത് സി.പി.എം ഗുണ്ടകളെപ്പോലെയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സമരത്തില്‍ പങ്കെടുത്ത ഒരു വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പുരുഷ എസ്.ഐ വലിച്ചുകീറി.

ഒരു സ്ത്രീയെ കൈകാര്യം ചെയ്യാന്‍ പുരുഷ പൊലീസുകാര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് വേണുഗോപാൽ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവര്‍ത്തകരെ തടഞ്ഞുവെച്ചു.

ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുന്‍പിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്‍പിലും 'ഷോ' കാണിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനിതാ പ്രവര്‍ത്തകരുടെ നേര്‍ക്ക് പൊലീസ് അക്രമം അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയില്‍ തീര്‍ത്ത പ്രതിരോധം വെറു സാമ്പിള്‍ മാത്രമാണെന്നത് പോലീസുകാര്‍ വിസ്മരിക്കരുത്.

പ്രവര്‍ത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് മൗഢ്യമാണ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും അക്രമം അഴിച്ചുവിടാനാണ് പൊലീസിന്റെ കരുതുന്നതെങ്കില്‍ തിരിച്ചും അതേ മാര്‍ഗത്തില്‍ കോണ്‍ഗ്രസും പ്രതികരിക്കും. കോണ്‍ഗ്രസ് എല്ലാക്കാലവും സമാധാനത്തിന്റെ പാതയില്‍ പോകുന്നവരാണ് കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നും വേണുഗോപാല്‍ അറിയിച്ചു.

Tags:    
News Summary - KC Venugopal MP said that the police faced the protesters like CPM goons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.