ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ടയാണെന്ന്‌ എം.വി ഗോവിന്ദനും കാനവും

തിരുവനനന്തപുരം: ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ടയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്‌. ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ എൽ.ഡി.എഫ്‌ പ്രക്ഷോഭം സംഘടിപ്പിക്കും.

നവംബർ 15ന് രാജ്ഭവൻറെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ എൽ.ഡി.എഫ്‌ തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന എൽ.ഡി.എഫ് നേതാക്കൾ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്ന്‌ ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുകയാണ്‌. വിസിമാരെ ഗവർണർ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളിൽ ആർ.എസ്‌.എസുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ എൽ.ഡി.എഫ്‌ ചെറുക്കും.

സർവകലാശാല രംഗത്ത് സർക്കാർ നടപ്പാക്കിയത് വിപ്ലവാത്മകരമായ പദ്ധതികളാണ്. മഹാത്മാഗാന്ധി, കോഴിക്കോട്‌ സർവകലാശാലകൾ എ ഗ്രേഡോഡേ ദേശീയതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. നേരത്തെ കാലടി സർവകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ വരാൻ കഴിയില്ല എന്ന്‌ മനസിലാക്കിയ ശക്തികൾ ചാൻസലർ പദവിയിലൂടെ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണ്‌.

ആർ.എസ്‌.എസ്‌ അനുഭാവിയെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ഗവർണർ മുന്നോട്ടുപോകുന്നത്‌. സർവകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്.​ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ആർഎസ്എസുകാരെ തിരുകി കയറ്റാൻ വേണ്ടിയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവർണറുടെ ശ്രമം. ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.

നവംബർ 2 ന് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. സമാനമനസ്‌കരായവരെ ഉൾപ്പെടുത്തിയാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. 10 ന് മുൻപ് ജില്ലാതല പരിപാടികൾ നടത്തും. 12 ന് മുമ്പ് കോളേജുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു

Tags:    
News Summary - MV Govindan and Kanam Rajendran said that the Governor is implementing the Sangh Parivar agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.