പ്രതിച്ഛായ നഷ്ടത്തില്‍ നിന്ന് കരകയറി സര്‍ക്കാര്‍

കോഴിക്കോട്: ഐ.എ.എസുകാരെ വരച്ചവരയില്‍ നിര്‍ത്താന്‍ കഴിഞ്ഞതോടെ ഇടക്കാലത്ത് സംഭവിച്ച പ്രതിച്ഛായാഭംഗത്തില്‍നിന്ന് പിണറായി സര്‍ക്കാറിന് ആശ്വാസം. ഇ.പി. ജയരാജന്‍െറ രാജിയും പകരക്കാരനായി വന്ന എം.എം. മണിയുടെ കേസുമായിരുന്നു സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധി. ജയരാജനെതിരെ വിജിലന്‍സിന് ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് വേഗം കുറഞ്ഞെങ്കിലും  മുഖ്യമന്ത്രി അതില്‍ ഇടപെട്ടില്ളെന്നതിന്‍െറ വ്യക്തമായ സൂചനയായിരുന്നു വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍.  ജയരാജന്‍ ഒന്നാം പ്രതിയും പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയുമാണ്. കേസില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി മൂന്നാം പ്രതിയായതാണ് ഐ.എ.എസ് ലോബിയെ വിറളി പിടിപ്പിച്ചത്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ ഐ.എ.എസുകാരുടെ പ്രതിഷേധത്തിനുപിന്നില്‍ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ രക്ഷിക്കാനുള്ള വ്യഗ്രതയായിരുന്നു. ബന്ധുനിയമനക്കേസില്‍ ജയരാജനാണ് ഒന്നാംപ്രതിയെങ്കിലും അതിന് വഴിയൊരുക്കിയത് പോള്‍ ആന്‍റണിയാണെന്നാണ് വിജിലന്‍സ് സംഘത്തിന്‍െറ പ്രാഥമിക നിഗമനം. ഈ ദിശയില്‍ അന്വേഷണം തുടര്‍ന്നാല്‍ കേസില്‍ പോള്‍ ആന്‍റണി ഉള്‍പ്പെടെയുള്ള ഐ.എ.എസ് ഉന്നതര്‍ പലരും കുടുങ്ങുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അന്വേഷണം മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസിലേക്കും മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍െറ കൊലപാതകത്തിലേക്കും നീണ്ടേക്കും. അങ്ങനെ സംഭവിച്ചാല്‍ മുന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഐ.എ.എസുകാര്‍ ഒന്നടങ്കം വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെതിരെ തിരിഞ്ഞതത്രെ.

ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യവസായവകുപ്പില്‍ നിന്നും ചില വിവാദ ഉത്തരവുകള്‍ അന്വേഷണസംഘം കണ്ടെടുത്തതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് സംഘം പറയുന്നത്. ഇത് തടയാനുള്ള നീക്കമാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. കൂട്ട അവധി സമരം പ്രഖ്യാപിച്ച ദിവസം മുഖ്യമന്ത്രിയെ കണ്ട ഐ.എ.എസുകാരോട് മുഖ്യമന്ത്രി പറഞ്ഞത്, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാമെന്നു കരുതേണ്ടെന്നാണ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് സര്‍ക്കാറിന്‍െറ പൂര്‍ണ പിന്തുണയുണ്ട്.

നിയമപരമായ അന്വേഷണം തുടരും. തെളിവുണ്ടെങ്കില്‍ നടപടിയുമെടുക്കും. സെക്രട്ടേറിയറ്റില്‍ സര്‍ക്കാറിനെതിരെ യോഗം ചേര്‍ന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ചോദിച്ചതോടെ ഐ.എ.എസുകാര്‍   പ്രതിരോധത്തിലായി. കൂട്ട അവധി സമരം പിന്‍വലിക്കേണ്ടിവന്നു. എഫ്.ഐ.ആര്‍ റദ്ദാക്കിക്കിട്ടാന്‍ ഇനി ഹൈകോടതിയെ സമീപിക്കാനാണത്രെ ഐ.എ.എസ് അസോസിയേഷന്‍ ആലോചിക്കുന്നത്.

 

Tags:    
News Summary - PINARAY GOVT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.