പാലക്കാട്: പാലക്കാട് ജില്ല വി.എസ്. അച്യുതാനന്ദന്റെ കോട്ടയായിരുന്ന സമയത്ത് പിണറായി വിജയനുവേണ്ടി നിലയുറപ്പിച്ചയാളാണ് പി.കെ. ശശി. ഒടുവിൽ ഇപ്പോഴിതാ പാലക്കാട് ജില്ല കമ്മിറ്റി അംഗം ഉൾപ്പെടെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും പുറത്തായി പ്രാഥമികാംഗം മാത്രമായി തുടരാമെന്നാണ് സി.പി.എം തീരുമാനം.
സി.പി.എം നേതാവ് പി.കെ. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ജില്ല നേതൃത്വത്തിന്റെ നടപടി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് ഒടുവിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിക്കുകയായിരുന്നു. മണ്ണാർക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിലാണ് നടപടി.
പാര്‍ട്ടിക്കുവേണ്ടി എക്കാലത്തും ആളും അർഥവും ഒരുക്കുന്ന നേതാവായ പി.കെ. ശശി വിഭാഗീയത ശക്തമായിരുന്ന സമയത്ത് പിണറായി പക്ഷത്ത് അടിയുറച്ച് നിന്നു. ഇതോടെ ജില്ല സെക്രട്ടേറിയറ്റിലെത്തി. പിന്നാലെ ഷൊര്‍ണൂരില്‍ എം.എൽ.എ സ്ഥാനവും. എക്കാലത്തും വിവാദങ്ങളോടൊപ്പമുണ്ടായിരുന്നു ശശി. വിഭാഗീയതയെ തുടര്‍ന്ന് ജില്ല സെക്രട്ടേറിയറ്റില്‍നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ നിരവധി പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാര്‍ക്കാട് സഹകരണ എജുക്കേഷന്‍ സൊസൈറ്റിക്കു കീഴിലെ യൂനിവേഴ്‌സല്‍ കോളജിനുവേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതി പാര്‍ട്ടി അന്വേഷണ കമീഷനെ നിയമിച്ച് പരിശോധിച്ചു.
വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് ധനസമാഹരണം നടത്തിയത് പാർട്ടി അറിയാതെയാണ് എന്ന ആരോപണവും ഉയർന്നു. ഇതാണ് നടപടിയിലേക്കു നയിച്ചത്. 2017 ഡിസംബറില്‍ മണ്ണാര്‍ക്കാട്ട് നടന്ന ജില്ല സമ്മേളനത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗമായ യുവതി പരാതിപ്പെട്ടതാണ് ശശിയെ പിന്തുടർന്ന മറ്റൊരു വിവാദം.
അന്വേഷിച്ച എ.കെ. ബാലന്‍-പി.കെ. ശ്രീമതി കമീഷന്‍ ശശിക്കെതിരെ നടപടി ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് ജില്ല സെക്രട്ടേറിയറ്റില്‍നിന്നും ആറു മാസം സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ജില്ല കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തുകയായിരുന്നു. എം.എല്‍.എ പദവിയില്‍ രണ്ടാമൂഴം കിട്ടിയില്ലെങ്കിലും കെ.ടി.ഡി.സി ചെയര്‍മാന്‍ എന്ന പദവി തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.