പാലക്കാട്: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതി കത്തിനിൽക്കെ നിർണായക ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി യോഗം ബുധനാഴ്ച ചേരും. പരാതിക്കാരിയായ ജില്ല കമ്മിറ്റി അംഗവും പെൺകുട്ടിയെ പിന്തുണക്കുന്നവരും അണിനിരക്കുന്ന യോഗത്തിൽ ചൂടേറിയ ചർച്ചക്കാണ് സാധ്യത.
പ്രളയംമൂലം മാറ്റിവെച്ച ജില്ല സമ്മേളനത്തിെൻറ തീയതി തീരുമാനിക്കുകയാണ് അജണ്ടയെങ്കിലും ശശിക്കെതിരായ പരാതി കൈകാര്യം ചെയ്തതിൽ ജില്ല നേതൃത്വത്തിന് വന്ന വീഴ്ചയായിരിക്കും പ്രധാന ചർച്ച.
ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കാട് യൂത്ത് സെൻററിലാണ് യോഗം. ജില്ല കമ്മിറ്റിയിൽ ഭാരവാഹികൾക്കെതിരെ രൂക്ഷവിമർശനം ഉയരുമെന്നാണ് സൂചന. പരാതിക്കാരിയായ പെൺകുട്ടി ഡി.വൈ.എഫ്.ഐ ഭാരവാഹികളെ വിഷയം ധരിപ്പിച്ചിരുന്നെങ്കിലും നിഷേധാത്മക നിലപാടാണ് കൈക്കൊണ്ടതെന്ന് ആരോപണമുണ്ടായിരുന്നു.
വിഷയം ഒത്തുതീർപ്പാക്കാൻ ഒരു ഭാരവാഹി പരാതിക്കാരിയെ സമീപിച്ചതും പരാതി ഉയർന്നതിന് ശേഷവും ആരോപണവിധേയനൊപ്പം നിലകൊണ്ട മറ്റൊരു ഭാരവാഹിയുടെ നിലപാടും വിവാദമായിരുന്നു. ഒക്ടോബറിൽ തൃത്താലയിൽ നടക്കാനിരിക്കുന്ന ജില്ല സമ്മേളനത്തിലും വിഷയം ചൂടുള്ള ചർച്ചകൾക്ക് വഴിമരുന്നിടും. ജില്ല സമ്മേളനം പ്രതിനിധി സമ്മേളനമായി ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പരാതി ജില്ല നേതൃത്വം കൈകാര്യം ചെയ്തതിലുള്ള പ്രതിഷേധം കമ്മിറ്റിയിൽ പ്രതിഫലിക്കുമെന്ന് ജില്ല കമ്മിറ്റി അംഗം പറഞ്ഞു. നേതൃത്വത്തിെൻറ നടപടിയിൽ പ്രതിഷേധിച്ച് പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ ഡി.വൈ.എഫ്.ഐ മേഖല കേന്ദ്രങ്ങളിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളിൽനിന്ന് പലരും വിട്ടുനിന്ന സാഹചര്യം പോലുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.