ജയ്പുർ: രാജസ്ഥാനിൽ അവസാന നിമിഷം കൂറുമാറി എത്തിയ പ്രമുഖരെ തഴയാതെ കോൺഗ്രസും ബി.ജെ.പിയും. നിയമസഭാതെരഞ്ഞെടുപ്പിൽ ഇവരെ സ്ഥാനാർഥികളാക്കുന്നത് നേട്ടമാകുമെന്ന് വിലയിരുത്തിയാണ് രണ്ട് പ്രധാന പാർട്ടികളും 11 പേരെ രംഗത്തിറക്കിയത്. സ്വന്തം പാർട്ടികൾ അവഗണിച്ച നേതാക്കളാണ് സീറ്റ് ലക്ഷ്യമിട്ട് മറുകണ്ടം ചാടിയത്.
കോൺഗ്രസിൽനിന്ന് വന്ന ആറു പേരെയും ബി.എസ്.പിയിൽ നിന്ന് എത്തിയ അഭിനേഷ് മെഹ്രിഷിയെയുമാണ് ബി.ജെ.പി സ്ഥാനാർഥികളാക്കിയത്. രത്നഗർ മണ്ഡലത്തിൽ ബി.ജെ.പി മന്ത്രി രാജ്കുമാർ റിൻവയെ മാറ്റിയാണ് അഭിനേഷ് മെഹ്രിഷിക്ക് സീറ്റ് നൽകിയത്. സ്ഥാനാർഥികളെ മുകളിൽനിന്ന് കെട്ടിയിറക്കില്ലെന്നും പാർട്ടി പ്രവർത്തകരെ പരിഗണിക്കുമെന്നും ആഗസ്റ്റിൽ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനു വിരുദ്ധമായാണ് കാര്യങ്ങൾ നീങ്ങിയത്. ഹൈകമാൻഡാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് പി.സി.സി പ്രസിഡൻറ് സചിൻ പൈലറ്റ് പറഞ്ഞു.
ടിക്കറ്റ് ലഭിക്കാത്തതിനാൽ ബി.ജെ.പിയുടെ നഗൗർ മണ്ഡലം എം.എൽ.എ ഹബീബുറഹ്മാൻ കോൺഗ്രസിൽ ചേർന്നിരുന്നു. ഇദ്ദേഹത്തെ ഇതേ മണ്ഡലത്തിൽതന്നെ നിർത്തിയാണ് കോൺഗ്രസ് ബി.ജെ.പിയെ നേരിടുന്നത്. ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് പാർട്ടി വിട്ട കനയ്യ ലാൽ ജൻവറിനെ ബിക്കാനീർ ഇൗസ്റ്റ് മണ്ഡലത്തിലാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്.]
സചിൻ പൈലറ്റിന് ടോങ്ക് രാജകുടുംബത്തിെൻറ പിന്തുണ
ജയ്പുർ: രാജസ്ഥാൻ ടോങ്ക് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് സചിൻ പൈലറ്റിന് ടോങ്ക് മുൻ രാജകുടുംബത്തിെൻറ പിന്തുണ. പ്രദേശത്ത് ഗണ്യമായ സ്വാധീനമുള്ള രാജകുടുംബത്തിലെ ഇപ്പോഴത്തെ നവാബ് ആഫ്താബ് അലി ഖാനാണ് പിന്തുണ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ഏക മുസ്ലിം ബി.ജെ.പി സ്ഥാനാർഥിയായ ഗതാഗത മന്ത്രി യൂനസ് ഖാനാണ് എതിരാളി. ടോങ്കിൽ വ്യവസായങ്ങളില്ലെന്നും വിദ്യാഭ്യാസം വലിയ പ്രശ്നമാണെന്നും ഇത് പരിഹരിക്കാൻ സചിന് കഴിയുമെന്നും ആഫ്താബ് അലി ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.