യു.ഡി.എഫ് യോഗത്തില്‍ രൂക്ഷ തര്‍ക്കം

തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രശ്നത്തിലെ സമരത്തില്‍ മുന്നണിയുടെ നിലപാട് ആലോചിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ രൂക്ഷമായ തര്‍ക്കം. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങിയെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. രാഷ്ട്രീയ ഭിന്നത മറന്ന് വിഷയത്തില്‍ ഇടതുമുന്നണിയുമായി യോജിച്ച പ്രക്ഷോഭം നടത്തണമെന്ന നിലപാടാണ് സുധീരനും ഹസനും ഒഴികെ നേതാക്കളെല്ലാം സ്വീകരിച്ചത്. എം.എം. ഹസനും ലീഗ് നേതാക്കളും തമ്മില്‍ ശക്തമായ വാദപ്രതിവാദവും യോഗത്തില്‍ അരങ്ങേറി.

സഹകരണബാങ്ക് പ്രതിസന്ധിയില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രശ്നത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കുമുന്നിലും യു.ഡി.എഫ് മുഖം തിരിച്ചുനില്‍ക്കില്ളെന്നും വ്യക്തമാക്കി പ്രമേയം പാസാക്കാനായിരുന്നു യോഗത്തിലുണ്ടായ പൊതുവികാരം. അതിനെ സുധീരന്‍ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് ലീഗ് ഇടഞ്ഞത്. തുടര്‍ന്ന് സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനും ഇതിനുശേഷവും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ളെങ്കില്‍ ഇടതുമായി ഉള്‍പ്പെടെ സഹകരിച്ചുള്ള പ്രക്ഷോഭ മാര്‍ഗങ്ങള്‍ ആലോചിക്കാനും ധാരണയായി. യോഗത്തില്‍ എം.എം. ഹസന്‍ ആണ് സഹകരണപ്രശ്നം എടുത്തിട്ടത്.

സംയുക്തസമരം നടത്താമെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നില്ളെന്ന് പറഞ്ഞ അദ്ദേഹം ചില നേതാക്കളില്‍നിന്ന് അത്തരത്തിലൊരു പ്രഖ്യാപനം വന്നതോടെ കേരളം മുഴുവന്‍ കോണ്‍ഗ്രസിന് എതിരായെന്ന് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇടപെട്ട കുഞ്ഞാലിക്കുട്ടി, ഹസന്‍ പറയുന്നത് ശരിയല്ളെന്നും സംസ്ഥാനത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു വിഷയത്തില്‍ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ളെന്നും വ്യക്തമാക്കി.

ഹസനെ പിന്തിരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ഇടതുമുന്നണിയുമായി യോജിച്ച് പ്രക്ഷോഭത്തിനു പോകാമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതു നടപ്പാക്കുകതന്നെ ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതോടെ വിഷയത്തില്‍ ഇടപെട്ട സുധീരന്‍, സംയുക്ത സമരനീക്കം അംഗീകരിക്കാനാവില്ളെന്ന് അറിയിച്ചു. അത് ബി.ജെ.പിക്ക് കരുത്തുപകരും. ഇപ്പോള്‍ ബി.ജെ.പി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒന്നിച്ചുനിന്നാല്‍ അത് ബി.ജെ.പി ആയുധമാക്കും. മാത്രമല്ല ജില്ലാ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്ക് പിടിച്ചെടുക്കലല്ല ഇപ്പോള്‍ വിഷയമെന്ന് ലീഗ് മറുപടി നല്‍കിയെങ്കിലും നിലപാടില്‍ സുധീരന്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. തുടര്‍ന്ന് സംസാരിച്ച ജോണി നെല്ലൂരും ഷിബു ബേബിജോണും സുധീരന്‍െറ നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. ഒന്നിച്ച് പ്രക്ഷോഭം വേണമെന്ന് സി.പി. ജോണും ശക്തമായി വാദിച്ചു. ജെ.ഡി.യുവും അതേ നിലപാടുതന്നെ സ്വീകരിച്ചു.

Tags:    
News Summary - UDF meeting on co operative bank issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.