കാസര്‍കോട് : എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്‍.ഡി.എ ഘടകകക്ഷി കേരളത്തില്‍ എല്‍.ഡി.എഫിലാണ്. ബി.ജെ.പി സഖ്യകക്ഷി ആയതോടെ സോഷ്യലിസ്റ്റുകളായ സി.കെ നാണുവും നീലലോഹിതദാസന്‍ നാടാരും പാര്‍ട്ടി വിട്ടു പോയി. മാത്യു ടി. തോമസും കൃഷണന്‍കുട്ടിയും ഇപ്പോഴും എന്‍.ഡി.എയില്‍ തുടരുകയാണ്.
അതിന്റെ ഭാഗമായാണ് ദേവഗൗഡയുടെ മരുകന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇവരുടെ ചിത്രം ഉള്‍പ്പെടുത്തി പോസ്റ്റര്‍ അടിച്ചത്. പോസ്റ്റര്‍ അടിച്ചിട്ടുണ്ടെന്ന് യുവജനനേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ കേസ് നല്‍കിയിട്ട് എന്ത് കാര്യം? പത്ത് ദിവസത്തിനുള്ളല്‍ എന്‍.ഡി.എ ബന്ധം വിച്ഛേദിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? ബി.ജെ.പിയുടെ ശിപാര്‍ശയിലാണ് കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്.
പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് മുന്‍ ധനകാര്യമന്ത്രിയും സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയെ സുഖിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിണറായി വിജയന്‍ വിരുന്ന് നല്‍കിയത്. എത്രയോ പേര്‍ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരുന്നത്. അരിവാള്‍ ചുറ്റികയ്ക്ക് പകരം മരപ്പട്ടിയും നീരാളിയും കിട്ടാതിരിക്കാനാണ് സി.പി.എം മത്സരിക്കുന്നത്.
18 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണ് മോദിയെ നേരിടുമെന്ന് പറയുന്നത്. വര്‍ഗീയതക്കും ഫാഷിഷത്തിനും എതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇല്ലാതെ സി.പി.എം എന്ത് പോരാട്ടമാണ് നടത്തുന്നത്? എന്നിട്ടാണ് രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുന്നത്. 12 സംസ്ഥാനങ്ങളില്‍ 16 കേസാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് നല്‍കിയിരിക്കുന്നത്. ഒരു സി.പി.എമ്മുകാരനെതിരെയും കേസില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഞങ്ങള്‍ തമ്മില്‍ സ്‌നേഹത്തില്‍ അല്ലെന്ന് അറിയിക്കാന്‍ ചിലപ്പോള്‍ ഇനി നോട്ടീസ് അയച്ചേക്കും. ഇവര്‍ തമ്മിലുള്ള ധാരണ ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ വരെ എത്തിനില്‍ക്കുകയാണ്.
ഒരു ഭരണ നേട്ടവും മുഖ്യമന്ത്രിക്ക് പറയാനില്ല. പെന്‍ഷന്‍ നല്‍കാത്തതും ഉച്ചഭക്ഷണത്തിന് കാശില്ലാത്തതും മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ലാത്തും ആശുപത്രിയില്‍ മരുന്ന് ഇല്ലാത്തതും കെ ഫോണും മാസപ്പടിയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയും എ.ഐ ക്യാറമറ അഴിമതിയും ഉള്‍പ്പെടെയുള്ളവ അല്ലാതെ എന്ത് ഭരണ നേട്ടമാണ് പറയാനുള്ളത്. സര്‍ക്കാര്‍ പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാണ്. ജനങ്ങള്‍ക്ക് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യു.ഡി.എഫ് സ്ഥാനാർഥികൾ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.