തിരുവനന്തപുരം: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി ചുമതലയേറ്റ ശേഷം എ.പി. അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫിസ് സന്ദർശിച്ചു. തന്‍റെ ഉപാധ്യക്ഷ സ്ഥാനം ന്യൂനപക്ഷങ്ങളോടുള്ള ബി.ജെ.പിയുടെ പരിഗണനയാണ് കാണിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്ന വ്യാപക പ്രചാരണമാണ് കേരളത്തിൽ ഉൾപ്പെടെ നടക്കുന്നത്. ഇതിന്‍റെ മുനയൊടിക്കുന്ന തീരുമാനമാണ് തന്‍റെ ഉപാധ്യക്ഷ സ്ഥാനം.
കേരളത്തിലെ പൊരുതുന്ന പ്രസ്ഥാനമാണ് ബി.ജെ.പി. കേരളത്തിലെ മുഖ്യപ്രതിപക്ഷമായി കെ. സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി മാറി. ബി.ജെ.പിക്ക് അനുകൂലമായ വലിയ മാറ്റങ്ങൾ കേരളത്തിലുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ളത് ബി.ജെ.പിക്കാണ്. ഇതൊരു സൂചനയാണ്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കും. മോദിയുടെ വികസന മതമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രമാണ് വലുത് എന്നാണ് മോദിയുടെ വീക്ഷണം. എന്നാൽ, കേരളത്തിൽ വികസനം യാഥാർഥ്യമാകുന്നില്ല. എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിന്‍റെ വികസനം മാത്രമല്ല മനുഷ്യരുടെ മനസ് കൂടി മരവിപ്പിക്കുകയാണ്.
തന്‍റെ സ്ഥാനലബ്ധി മറ്റാരെയെങ്കിലും അവഗണിച്ചുകൊണ്ടാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും അങ്ങേയറ്റം സ്നേഹവും പിന്തുണയും തനിക്കുണ്ട്.
ബാബരി മസ്ജിദ് വിഷയം പരിഹരിക്കപ്പെട്ടൊരു വിഷയമാണ്. അനുവദിക്കപ്പെട്ട അഞ്ചേക്കർ സ്ഥലത്ത് പള്ളിയുണ്ടാക്കുന്ന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. അയോധ്യയിൽ ക്ഷേത്രനിർമാണവും തുടങ്ങി. ബാബരി വിഷയത്തിൽ ഇനിയും അഭിപ്രായ പ്രകടനം അനാവശ്യമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.