വഷിങ്ടൺ: സൈബീരിയൻ ഗുഹയിൽ നിന്ന് 20,000 വർഷം പഴക്കമുള്ള ലോക്കറ്റ് കണ്ടെത്തി. കലമാനിന്റെ മുമ്പല്ലിൽ തുളയിട്ടുണ്ടാക്കിയതാണ് ഈ ലോക്കറ്റ്. ഈ ലോക്കറ്റ് ഉപയോഗിച്ചിരുന്ന ആളെയും ഡി.എൻ.എ വഴി കണ്ടെത്താൻ സാധിച്ചുവെന്ന് പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടു. ശിലായുഗത്തിൽ ജീവിച്ചരുന്ന സ്ത്രീയാണ് ഈ ലോക്കറ്റിന്റെ ഉടമയെന്ന് ഗവേഷകർ പറയുന്നു.
ഈ ലോക്കറ്റ് കുഴിച്ചെടുക്കുമ്പോൾ അതിലെ ഡി.എൻ.എകളൊന്നും നശിച്ച് പോകാതിരിക്കാൻ ഗവേഷകർ ഗ്ലൗസുകളും മാസ്കുകളും ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. ഇത്തരം വസ്തുക്കളുടെ കാലങ്ങൾക്ക് മുമ്പേയുള്ള ഉടമയെ കണ്ടെത്തുന്നതിനായി പുരാതന ഡി.എൻ.എ തിരിച്ചറിയാനുള്ള പുതിയ സംവിധാനം ഉണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. ഈ സംവിധാനം വഴി ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് കലമാൻ പല്ലുകൊണ്ടുള്ള ലോക്കറ്റിന്റെ ഉടമ.
ഒരാളുടെ ത്വക്കിലെ കോശങ്ങൾ, വിയർപ്പ്, മറ്റ് ശരീര സ്രവങ്ങൾ എന്നിവ അയാൾ ആഭരണങ്ങളായോ മറ്റോ ഉപയോഗിക്കുന്ന എല്ലുകൾ, പല്ലുകൾ, കൊമ്പുകൾ എന്നിവയിലേക്ക് ആഗിരണം ചെയ്യപ്പെടും. ഈ ആഭരണങ്ങളിൽ നിന്ന് കോശങ്ങളുടെയും സ്രവങ്ങളുടെയും ഡി.എൻ.എ വേർതിരിച്ചാണ് ഇവയുടെ ഉടമയെ കണ്ടെത്തുന്നത്. ഈകണ്ടുപിടിത്തം പഴയകാല ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരിക്കുമെന്ന് ഗവേഷകർ പ്രത്യാശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.