കോംബ് ജെല്ലി എന്നൊരു കടൽ ജീവിയുണ്ട്. ടിനോഫോർ വർഗത്തിൽപെടുന്ന ഈ ജീവിയുടെ ശരീരം സുതാര്യമാണ്. കടൽപരപ്പിലൂടെ ചെറുവേഗത്തിൽ ചലിക്കുന്ന ഈ ജീവിയെ നൂറ്റാണ്ടിലധികമായി ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഇക്കാലമത്രയും കോംബ് ജെല്ലിയെക്കുറിച്ച് ശാസ്ത്രലോകത്തിന് അന്യമായിരുന്ന സുപ്രധാന വിവരമാണ് ജുവാൻ സോട്ടോ എന്ന ഗവേഷകനും സഹപ്രവർത്തകരും പുറത്തുവിട്ടിരിക്കുന്നത്: കോംബ് ജെല്ലിക്ക് തന്റെ ആയുസ്സിനെ പിന്നോട്ട് വലിക്കാൻ കഴിയുമത്രെ. അതുവഴി അവക്ക് വാർധക്യമില്ലാത്ത അവസ്ഥയും സാധ്യമാകും.
ജുവാൻ സോട്ടോ തന്റെ ഗവേഷണശാലയിലെ ടാങ്കിൽ ഒരു കോംബ് ജെല്ലിയെ വളർത്തിയിരുന്നു. ഒരു ദിവസം നോക്കുമ്പോൾ, ജെല്ലിയെ കാണുന്നില്ല; പകരം അതിന്റെ ലാർവ മാത്രം! വിശദമായി പരിശോധിച്ചപ്പോൾ, അത് പഴയ ജെല്ലി തന്നെയാണെന്ന് മനസ്സിലായി. ലാർവയിൽ നിന്ന് ‘വളർന്ന’ ചിത്രശലഭം കുറച്ചുദിവസങ്ങൾക്കുശേഷം ലാർവ ഘട്ടത്തിലേക്കുതന്നെ തിരിച്ചുപോകുന്നത് സങ്കൽപിച്ചുനോക്കൂ. പ്രായം പിന്നോട്ടുപോകുന്ന അതേ അവസ്ഥ തന്നെയാണ് കോംബ് ജെല്ലിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ടതാണോ എന്നറിയാൻ ജുവാനും സംഘവും കൂടുതൽ ജെല്ലികളെ ഇതേ പോലെ നിരീക്ഷണവിധേയമാക്കിയപ്പോഴും ഫലം അതുതന്നെ. ‘പ്രായപൂർത്തി’യായ ജെല്ലിക്ക് ആവശ്യമെങ്കിൽ അതിന്റെ ‘ശൈശവദശ’യിലേക്ക് പോകാൻ കഴിയുമെന്ന് ഗവേഷകർ മനസ്സിലാക്കി. ഈ കണ്ടെത്തൽ, വാർധക്യത്തിന്റെ ജൈവ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാൻ സഹായകമാകുമെന്നാണ് ജൊവാന്റെയും സഹപ്രവർത്തകരുടെയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.