ദുബൈ: യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പ്രോബ് ചൊവ്വയുടെ ഉപഗ്രഹമായ ഡേമോസിന്റെ ഏറ്റവും തെളിഞ്ഞ ചിത്രം പകർത്തി. ശാസ്ത്രലോകത്ത് ശ്രദ്ധേയമായ നേട്ടം സംബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ചിത്രം ശാസ്ത്രജ്ഞർക്ക് ഉപഗ്രഹത്തെ കുറിച്ച പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതും ഉത്ഭവത്തെക്കുറിച്ച നിലവിലെ ധാരണകളെ തിരുത്തുന്നതുമാണ്.
ചൊവ്വയുടെ ഭ്രമണപഥത്തിലെ ബാഹ്യ ഛിന്നഗ്രഹമാണ് ഡേമോസ് എന്ന ധാരണയെ ഹോപ് പ്രോബ് ചിത്രം തള്ളിക്കളയുന്നതായി കണ്ടെത്തലുകൾ വിശദീകരിച്ച് ശൈഖ് മുഹമ്മദ് പറഞ്ഞു. ഭൂമിയുടെ ഭാഗമായിരുന്ന ചന്ദ്രൻ വേർപിരിഞ്ഞതിന് സമാനമായി ഡേമോസിന്റെ ഭൂരിഭാഗവും ചൊവ്വയുടെ ഭാഗമായിരുന്നുവെന്നും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞതാണെന്നും ചിത്രം സൂചിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യത്തിന്റെ ഭാഗമായ യുവ ശാസ്ത്രജ്ഞരിലും അവർ മനുഷ്യ വിജ്ഞാന ശാഖക്ക് നൽകിയ സംഭാവനയിലും വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡേമോസിന്റെ 100 കി. മീറ്റർ ദൂരെ നിന്നുള്ള ചിത്രമാണ് ഹോപ് പ്രോബിന് പകർത്താൻ കഴിഞ്ഞത്. ആദ്യമായാണ് ഒരു ചൊവ്വാ ദൗത്യ പേടകത്തിന് ഇതിന് സാധിക്കുന്നത്. വിയന്നയിലെ യൂറോപ്യൻ ജിയോ സയൻസസ് യൂനിയൻ ജനറൽ അസംബ്ലിയിൽ നടന്ന പ്രത്യേക സെഷനിൽ തിങ്കളാഴ്ച കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയ നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്. ഡേമോസിന്റെ ഉത്ഭവത്തെയും ഘടനയെയും കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച നൽകുന്നതാണെന്ന് എമിറേറ്റ്സ് ചൊവ്വാ ദൗത്യ മേധാവി ഹസ്സ അൽ മത്റൂഷി പറഞ്ഞു.
ചൊവ്വയുടെ ഗ്രഹങ്ങളായ ഡേമോസും ഫോബോസും ഛിന്നഗ്രഹങ്ങൾ കൂടിച്ചേർന്നതാണെന്നാണ് ദീർഘകാലമായി നിലനിൽക്കുന്ന കണ്ടെത്തൽ. എന്നാൽ ഘടനയെക്കുറിച്ച് ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കിയായിരുന്നു. ഡേമോസിനെ ഇതുവരെ സൂക്ഷ്മ നിരീക്ഷണം നടത്തിയതിൽനിന്ന് മനസ്സിലാകുന്നത് ഒരു ഗ്രഹത്തിൽനിന്ന് ഉത്ഭവിച്ചതാണെന്നാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാ ഗ്രഹത്തിന്റെ ചലനാത്മക കാലാവസ്ഥ സംവിധാനവും അന്തരീക്ഷ അവസ്ഥയും പഠിക്കുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ‘ഹോപ്പ്രോബ്’2021 ഫെബ്രുവരിയിലാണ് ഭ്രമണപഥത്തിലെത്തിയത്. പേടകത്തിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ മൂന്നു മാസം കൂടുമ്പോഴാണ് പുറത്തുവിടുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലെ സവിശേഷതകളെ കുറിച്ച പഠനത്തിന് സഹായകമായ വിവരങ്ങൾ നേരത്തെയും ഹോപ്പ്രോബ് കണ്ടെത്തിയിരുന്നു.
ചൊവ്വയുടെ രാത്രി വശത്തെ അന്തരീക്ഷത്തിലെ വ്യതിരിക്തമായ അറോറയുടെ അപൂർവ ചിത്രങ്ങളും കഴിഞ്ഞ വർഷം ജൂണിൽ പുറത്തുവിട്ട ഡാറ്റയിൽ ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.