hubble 900978

ഹബ്ബിളിന് 35ാം ജന്മദിനം; ഭൂമിക്ക് സമ്മാനിച്ചത് പ്രപഞ്ചത്തിലെ 'നിശാശലഭ'ത്തിന്‍റെ ചിത്രം

മനുഷ്യന്‍റെ പ്രപഞ്ച സങ്കൽപ്പങ്ങൾക്കും ഗവേഷണങ്ങൾക്കും പുതിയ മാനങ്ങൾ നൽകിയ ഹബ്ബിള്‍ സ്പേസ് ടെലസ്‌കോപ്പിന് ഇന്ന് 35ാം വാർഷികം. 1990 ഏപ്രിൽ 24ന് വിക്ഷേപിച്ച ഹബ്ബിൾ ടെലസ്കോപ്പ്, ഇന്നും പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പ്രയത്നിക്കുന്ന ശാസ്ത്രലോകത്തിന് മുതൽക്കൂട്ടായി തുടരുന്നു.

സൗരയൂഥത്തിലെയും അതിന്നപ്പുറം പ്രപഞ്ചത്തിലേയും അവിശ്വസനീയമാംവിധം ആകർഷണീയമായ ചിത്രങ്ങളും മുൻപൊരിക്കലുമില്ലാത്ത വിദൂര താരാപഥങ്ങളും ഹബ്ബിൾ പകർത്തിയിട്ടുണ്ട്. ഒരു സ്കൂൾ ബസ്സിന്റെ വലിപ്പമാണ് ഹബ്ബിളിനുള്ളത്. 44 അടി നീളം, 14 അടി വീതി. 10 ടൺ ഭാരം. എട്ട് അടി പൊക്കമുള്ള ഒരു ഫോട്ടോഗ്രഫിക് കണ്ണാടിയും ടെലിസ്കോപ്പിലുണ്ട്. ഓരോ 97 മിനിറ്റിലും ഹബ്ബിൾ ഭൂമിയെ ഒരുതവണ വലംവയ്ക്കും. ഇതിൽ 60 മിനിറ്റ് പകലുള്ള പ്രദേശത്തിനു മുകളിലും 30 മിനിറ്റ് രാത്രിയുള്ള പ്രദേശത്തിനു മുകളിലുമാണ് ടെലിസ്കോപ് സ്ഥിതിചെയ്യുക.

35ാം വാർഷികത്തോടനുബന്ധിച്ച് ചൊവ്വയുടെയും നിശാശലഭത്തിന്‍റേതിന് സമാനമായ രൂപത്തിലുള്ള നെബുലയുടെയും ചിത്രമാണ് ഹബ്ബിൾ ഭൂമിയിലേക്ക് അയച്ചത്. എൻ.ജി.സി 2899 എന്ന് പേര് നൽകിയിരിക്കുന്ന നെബുലയുടേതാണ് ചിത്രം. നെബുലകളിലാണ് കൂടുതലും പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത്.

ഭൂമിക്ക് ചുറ്റും 589 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ തുടർന്നുകൊണ്ടാണ് ഹബ്ബിൾ പ്രപഞ്ചത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹബിൾ അൾട്രാ ഡീപ് ഫീൽഡ് എന്നറിയപ്പെടുന്ന ചിത്രമാണ് ഇന്നുവരെ ലഭിച്ചിട്ടുള്ളവയിൽ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വിവരസമ്പുഷ്ടമായ ചിത്രം. 2003 സെപ്റ്റംബർ 3 മുതൽ 2004 ജനുവരി 16 വരെയുള്ള കാലയളവിൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളിൽ വച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്. 1,300 കോടി വർഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത്. 10,000 ന്‌ അടുത്ത് താരാപഥങ്ങൾ ഈ ചിത്രത്തിലുണ്ട്. 

ഹബിൾ അൾട്രാ ഡീപ് ഫീൽഡ് 

 

ഹബ്ബിൾ ടെലിസ്കോപ്പിന് ആ പേരു കിട്ടിയത് അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിൻ ഹബ്ബിളിൽ(1889–1953) നിന്നാണ്. 100 വർഷങ്ങൾക്കു മുൻപ് 1920ൽ എഡ്വിൻ തന്റെ ടെലിസ്കോപ്പുമായി ആകാശത്തിലെങ്ങും നിരീക്ഷണം നടത്തി. അയൽ ഗാലക്സിയായ ആൻഡ്രോമെഡയിലെ സെഫീഡ് വേരിയബിൾ എന്ന നക്ഷത്രത്തെ അദ്ദേഹം അന്നു കണ്ടെത്തി.

വലിയ കണ്ടുപിടിത്തമായിരുന്നു അത്. അതോടെ ആകാശഗംഗ എന്നത് പ്രപഞ്ചത്തിലെ അനേകം ഗാലക്സികളിൽ ഒന്നു മാത്രമാണെന്നു തെളിയിക്കപ്പെട്ടു. ഗലീലിയോയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച വാനനിരീക്ഷകൻ എന്ന ബഹുമതി ഇതോടെ അദ്ദേഹത്തിനു സ്വന്തമായി. വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറി പോലുള്ള കണ്ടെത്തലുകളെയും ഹബ്ബിളിന്റെ പഠനങ്ങൾ സഹായിച്ചിട്ടുണ്ട്.

Tags:    
News Summary - Hubble Telescope snaps stunning portraits of Mars, a celestial moth and more in spectacular 35th anniversary photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.