അദ്ഭുതക്കാഴ്ച: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ ചിത്രങ്ങൾ പ്രദർശിപ്പിച്ച ന്യൂയോർക് ടൈംസ് സ്ക്വയറിൽ ദൃശ്യങ്ങൾ പകർത്തുന്നയാൾ

വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് ജെയിംസ് വെബ്

വാഷിങ്ടൺ: വിദൂരഗ്രഹത്തിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. 1150 പ്രകാശവർഷം അകലെയുള്ള ഡബ്ല്യു.എ.എസ്.പി-96 ബി (വാസ്പ്-96 ബി) എന്ന ഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മേഘക്കൂട്ടങ്ങളും ധൂളീപടലവും ഇതിൽ ദൃശ്യമാണ്. കഠിന ചൂടുള്ള അന്തരീക്ഷത്തിൽ ഗ്രഹത്തിൽനിന്ന് വാതകം വമിക്കുന്നുണ്ട്. സൂര്യനെപ്പോലെ തോന്നിപ്പിക്കുന്ന നക്ഷത്രത്തെയാണ് ഇത് വലംവെക്കുന്നതെന്ന് ജെയിംസ് വെബ് പകർത്തിയ ദൃശ്യത്തെ അടിസ്ഥാനമാക്കി നാസ അറിയിച്ചു. വിദൂര ഗ്രഹങ്ങളെ ഏറ്റവും സൂക്ഷ്മമായി വിലയിരുത്താനുളള ജെയിംസ് വെബിന്റെ പ്രാപ്തി തെളിയിക്കുന്നതാണ് ദൃശ്യമെന്നും നാസ ശാസ്ത്രജ്ഞർ പറഞ്ഞു.

ക്ഷീരപഥത്തിലെ 5000ത്തിലേറെ വരുന്ന എക്സൊപ്ലനറ്റുകളിൽ (സൗരയൂഥത്തിന് പുറത്ത് നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹം) ഒന്നാണ് വാസ്പ്-96 ബി. വ്യാഴത്തേക്കാൾ പിണ്ഡം കുറഞ്ഞതും സൂര്യനെ ചുറ്റുന്ന ഏത് ഗ്രഹത്തേക്കാളും മൃദുലവുമാണ് ഈ ഗ്രഹം. കഠിന ചൂടുള്ള ഇവിടെ 538 ഡിഗ്രി സെൽഷ്യസ് ആണ് താപനില. സൂര്യനെപ്പാലുള്ള നക്ഷത്രത്തെ വളരെ അടുത്തായാണ് വാസ്പ് ഭ്രമണം ചെയ്യുന്നത്. മൂന്നര ഭൗമദിനമാണ് ഒരു ഭ്രമണത്തിനെടുക്കുന്ന സമയം.

വലിയ വലുപ്പം, ഘനമില്ലാത്ത അന്തരീക്ഷം, ചെറിയ ഭ്രമണപഥം, കലർപ്പില്ലാത്ത അന്തരീക്ഷ വെളിച്ചം എന്നിവ വാസ്പിനെ കൂടുതൽ പഠനവിധേയമാക്കാൻ അവസരമൊരുക്കുമെന്ന് നാസ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഹബ്ൾ ബഹിരാകാശ ദൂരദർശിനി നടത്തിയ പഠനത്തിൽ 2013ലാണ് ഒരു വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ജെയിംസ് വെബിന്റെ പുതിയ കണ്ടെത്തൽ ഭൂമിക്കപ്പുറത്ത് ജൈവസാന്നിധ്യമുണ്ടോയെന്ന ശാസ്ത്രാന്വേഷണത്തിന് കൂടുതൽ കുതിപ്പ് പകരും. ജെയിംസ് വെബ് പകർത്തിയ അതിവിദൂരതയിലെ നക്ഷത്രപഥങ്ങളുടെ സംയോജിപ്പിച്ച ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് നാസ പുറത്തുവിട്ടത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ നിർണായക നിമിഷമെന്നായിരുന്നു ഇതിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്.

ഇൻഫ്രറെഡ് കാമറയുള്ള ദൂരദർശിനിയുടെ വിക്ഷേപണം 2021 ഡിസംബറിലായിരുന്നു. ഭൂമിയിൽനിന്ന് 16 ലക്ഷം കിലോമീറ്റർ അകലെ സൂര്യനെ ചുറ്റുന്ന നിരീക്ഷണ പേടകം കൂടിയായ ജെയിംസ് വെബ് എൻജിനീയറിങ് അത്ഭുതമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ദൗത്യത്തിന് 10 ബില്യൺ ഡോളറായിരുന്നു (80,000 കോടി) ചെലവ്. ലാർജ് ഹാഡ്രോൺ കൊളൈഡർ (പ്രോട്ടോൺ കണങ്ങളെ 27 കിലോമീറ്റർ ചുറ്റളവുള്ള സഞ്ചാരപഥത്തിൽ വിപരീത ദിശയിൽ പായിച്ച് കൂട്ടിയിടിപ്പിക്കാൻ വികസിപ്പിച്ച വൻകിട ശാസ്ത്ര ഉപകരണം) മാറ്റി നിർത്തിയാൽ ലോകത്തെ ഏറ്റവും ചെലവേറിയ ശാസ്ത്ര പദ്ധതിയുമാണ് ജെയിംസ് വെബ്.

Tags:    
News Summary - James Webb detects the presence of water on a distant planet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.