തൃക്കരിപ്പൂർ: ഇടയിലക്കാട് നിത്യഹരിത വനത്തിൽനിന്ന് ഒരു അപുഷ്പിതസസ്യത്തെ പുതുതായി കണ്ടെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരടങ്ങിയ സംഘമാണ് സസ്യത്തെ തിരിച്ചറിഞ്ഞത്. ലിവർവോർട്ട് ഇനത്തിൽപെട്ട സസ്യത്തിന് സിലിഡ്രോകോളിയ ദേവേന്ദ്രിയ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
സൈലോഫില്ലേസിയ കുടുംബത്തിലെ ഇലകൾ പോലുള്ള വളർച്ചയുള്ളവയാണ് ഈ സൂക്ഷ്മ ബ്രയോഫൈറ്റ്. കാവുകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച് പഠിക്കുന്ന പി.പി. നിഷിത, ഗവേഷണ മാർഗദർശി ഡോ. മഞ്ജു എന്നിവർ 1994 മുതൽ അപുഷ്പിത സസ്യവർഗീകരണത്തിൽ സംഭാവനകൾ നൽകിവരുന്ന സീക്ക് പ്രവർത്തകൻ ഡോ.കെ.പി. രാജേഷ്, വിനീഷ, മുഫീദ് എന്നിവർക്കൊപ്പം ചേർന്ന് ജേണൽ ഓഫ് ബ്രയോളജിയിൽ എഴുതിയ ലേഖനം ഈ കണ്ടെത്തൽ വിവരിക്കുന്നു.
കേരളത്തിലെ തീരദേശക്കാവുകളിൽ വിസ്തൃതിയേറിയ പ്രധാനപ്പെട്ട കാവുകളിലൊന്നാണ് ഇടയിലെക്കാട്. കവ്വായിക്കായലിെന്റ മധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കാവിൽ ഇരുന്നൂറോളം ഇനത്തിൽപ്പെട്ട സസ്യങ്ങളുണ്ട്. നാട്ടുകാരുടെയും ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിെന്റയും നേതൃത്വത്തിൽ പ്രകൃതി നിരീക്ഷണങ്ങളിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയും ഈ കാവിെന്റ ജൈവവൈവിധ്യം തിരിച്ചറിയാനും സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
കമ്മാടം കാവിൽ കണ്ടെത്തിയ ഫിസിഡൻസ് കമ്മാടൻസിസ് അടക്കം ഇതിനകം നൂറോളം സ്പിഷീസുകൾ മഞ്ജുവിന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ കാവുകളിൽ നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയപ്പെട്ടു. തീരദേശ ലോലാന്റ് കാവുകളായ ഇടയിലെക്കാട്, കോഴിക്കോട് പൊയിൽകാവ് എന്നിവിടങ്ങളിൽ നിന്നാണ് മരത്തടിയിൽ വളരുന്ന പുതിയ സിലിഡ്രോകോളിയ കണ്ടെത്തിയത്. ഗ്രാമീണ വനങ്ങളായ കാവുകളുടെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നു ഈ പുതിയ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.