ഡ്രാഗൺ പേടകം കടലിൽ പതിച്ചപ്പോൾ പേടകത്തിനുള്ളിൽനിന്നുള്ള ദൃശ്യം. നാല് യാത്രികരും പുറത്തിറങ്ങാനുള്ള തയാറെടുപ്പിൽ
ഭൂമിയുടെ നിയന്ത്രണ കവചങ്ങളെ ഭേദിച്ച് മനുഷ്യൻ ആകാശയാത്ര തുടങ്ങിയിട്ട് 65 വർഷമാകുന്നു. ഗുരുത്വ നിയന്ത്രണരേഖ കടന്ന് ഗുരുത്വമില്ലായ്മയുടെ അനിശ്ചിതത്വങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും സഞ്ചരിച്ചവരുടെ എണ്ണം 600ലധികം വരും.
ഓരോ ആകാശയാത്രയും ഓരോ ചരിത്രത്തിനാണ് വഴിതുറന്നത്. യുറി ഗഗാറിന്റെ ആദ്യ ശൂന്യാകാശ യാത്രയും ലെയ്ക്ക എന്ന നായുടെ ബഹിരാകാശ സഞ്ചാരവും നീൽ ആംസ്ട്രോങ്ങിന്റെ യാത്രയുമെല്ലാം ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു. ഇതിനിടയിൽ ചില ആകാശദുരന്തങ്ങൾക്കും ലോകം സാക്ഷിയായി. ആ യാത്രകളിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു സുനിതയുടെയും വിൽമോറിന്റെയും ഐ.എസ്.എസിലേക്കുള്ള പ്രയാണം.
മുമ്പ് മൂന്നുതവണയായി ഒരുവർഷത്തിനടുത്ത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) ചെലവഴിക്കുകയും നിരവധി പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളയാളാണ് സുനിത വില്യംസ്. 58ാം വയസ്സിൽ, സ്റ്റാർലൈനർ വാഹനത്തിൽ വിൽമോറിനൊപ്പം ഒരാഴ്ചത്തെ ബഹിരാകാശവാസത്തിന് കുതിക്കുമ്പോൾ അതുകൊണ്ടുതന്നെ അത് തീർത്തും സാധാരണമായൊരു യാത്രയായിരുന്നു.
ജൂൺ ആറിന് പുറപ്പെട്ട വാഹനം, കാര്യമായ പ്രശ്നങ്ങളില്ലാതെ കൃത്യമായി നിലയത്തിയെത്തിയെങ്കിലും അവിടെവെച്ചുണ്ടായ സാങ്കേതിക തകരാർ മടക്കയാത്ര വൈകിച്ചു. ഇതൊക്കെ ആകാശദൗത്യങ്ങളിൽ സാധാരണമാണ്. ഒന്നോ രണ്ടോ ഏറിപ്പോയാൽ ഒരുമാസമൊക്കെ യാത്ര വൈകിയേക്കാം. പക്ഷേ, സ്റ്റാർലൈനർ സമ്പൂർണമായി പണിമുടക്കിയതോടെ ഇരുവരുടെയും മടക്കയാത്രതന്നെ അനിശ്ചിതത്വത്തിലായി. ഇത്തരമൊരു സംഭവം ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ആദ്യത്തേതായിരുന്നു.
സുനിതയുടെയും വിൽമോറിന്റെയും മടക്കത്തിന് രണ്ട് സാധ്യതകളാണുണ്ടായിരുന്നത്. ഒന്ന്, ഐ.എസ്.എസിലെത്തിയ സ്റ്റാർലൈനറിൽതന്നെ മടങ്ങുക. അതിനുള്ള പ്രതിബന്ധം പേടകത്തിന്റെ തകരാർ പരിഹരിക്കാനാവാത്തതായിരുന്നു. ഒടുവിൽ, സ്റ്റാർലൈനർ ആളില്ലാതെ മടങ്ങി.
തുടർന്നാണ്, സ്പേസ് എക്സ് ക്രൂ9 വാഹനത്തെ ആശ്രയിക്കേണ്ടിവന്നത്. ആഗസ്റ്റ് 18ന് നാല് യാത്രികരുമായി കുതിച്ചുയരേണ്ട വാഹനമായിരുന്നു ഇത്. പക്ഷേ, സ്റ്റാർലൈനറിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ദൗത്യം സെപ്റ്റംബർ 24ലേക്ക് മാറ്റി. ഈ വാഹനം 2025 ഫെബ്രുവരിയിൽ മടങ്ങുമ്പോൾ അതിൽ സുനിതക്കും വിൽമോറിനും മടങ്ങാമെന്നാണ് കരുതിയത്. അവിടെയും സാങ്കേതിക തകരാർ വില്ലനായതോടെയാണ് മടക്കയാത്ര മാർച്ചിലേക്ക് നീണ്ടത്.
284 ദിവസത്തെ ബഹിരാകാശ വാസതതിനിടെ, 4577 തവണ ബഹിരാകാശ നിലയത്തില്‍ സുനിത ഭൂമിയെ ചുറ്റി. 19.52 കോടി കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. വലിയ അനിശ്ചിതത്വങ്ങൾക്കിടെയായിരുന്നുഇത്. എന്നിട്ടും സുനിതയും വിൽമോറും നിരവധി പരീക്ഷണ-നിരീക്ഷണങ്ങൾ നിലയത്തിൽ നടത്തി.
ഒരുവേള, നിലയത്തിന്റെ കമാൻഡർ പദവിവരെ സുനിത അലങ്കരിച്ചു. ഇക്കാലയളവിൽ നിലയത്തിൽനിന്ന് പുറത്തിറങ്ങി എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റീസിൽ (ഇ.വി.എ) ഏർപ്പെടുകയും ചെയ്തു. 58ാം വയസ്സിലും അവർ ബഹിരാകാശ നടത്തവും നിർവഹിച്ചു. നാല് യാത്രകളിലായി 60 മണിക്കൂർ ഇ.വി.എ പരീക്ഷണങ്ങളിൽ സുനിത ഏർപ്പെട്ടു. ഇത്രയും സുദീർഘമായ ആകാശ പരീക്ഷണം നടത്തിയത് മൂന്നുപേർ മാത്രം.
ഡ്രാഗണ്‍ പേടകത്തില്‍ സുരക്ഷിതമായി ഇറങ്ങിയ സുനിതയെയും സംഘത്തെയും ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്സണ് ബഹിരാകാശ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. ഇനിയുള്ള ഏതാനും ദിവസം അവർ അവിടെ വൈദ്യ നിരീക്ഷണത്തിലാകും.
ഒമ്പതര മാസം സീറോ ഗ്രാവിറ്റിയിൽ കഴിഞ്ഞ യാത്രികരെ ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബഹിരാകാശത്തുതങ്ങി മടങ്ങിയെത്തുന്ന യാത്രികർക്ക് ഈ ‘ചികിത്സ’ സാധാരണമാണ്. ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസിക അവസ്ഥ വീണ്ടെടുക്കാനാണിത്.
ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. നീണ്ട ബഹിരാകാശവാസം അവരുടെ പ്രതിരോധശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടാകും. അണുബാധക്കുള്ള സാധ്യതയും കുടുതലാണ്.
എല്ലുകൾക്ക് ബലക്ഷയം പോലുള്ള രോഗങ്ങൾക്കും ആകാശയാത്ര കാരണമാകും. 58കാരിയായ സുനിതയുടെ കാര്യത്തിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ, സുരക്ഷിത ലാൻഡിങ് ശരിയായ രീതിയിൽ സുനിതക്ക് ആഘോഷിക്കാൻ ഇനിയും സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.