പാകിസ്താനുമായി യുദ്ധമുണ്ടായാൽ കേരളവും യുദ്ധഭൂമിയാകും, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ബങ്കർ നിർമിക്കണം -സന്ദീപ് വാര്യർ

പാകിസ്താനുമായി യുദ്ധമുണ്ടായാൽ കേരളവും യുദ്ധഭൂമിയാകും, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ബങ്കർ നിർമിക്കണം -സന്ദീപ് വാര്യർ

പാലക്കാട്: ഉറി സർജിക്കൽ സ്ട്രൈക്കും ബലാകോട്ട് എയർ സ്ട്രൈക്കുമൊന്നും പാകിസ്താന്റെ അഹങ്കാരത്തിന് കുറവു വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് കുറച്ചുകൂടി ശക്തമായ വ്യാപകമായ തിരിച്ചടി തന്നെ നൽകണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണം. ജീവത്യാഗം ചെയ്ത ഇന്ത്യൻ പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കണം. അതിന് ഒറ്റക്കെട്ടായി നിൽക്കണം. ഇത് യുദ്ധക്കൊതിയല്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘പാകിസ്താനുമായി യുദ്ധമുണ്ടായാൽ അത് പഞ്ചാബിലും കാശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നിൽക്കും എന്ന് ആരും പ്രതീക്ഷിക്കരുത്. ഏതു നഷ്ടവും സഹിക്കാൻ നമ്മൾ തയ്യാറാകണം. ഏതു ത്യാഗവും സഹിക്കാൻ നമ്മൾ തയ്യാറാകണം. ഒരു യുദ്ധമുണ്ടായാൽ കേരളവും യുദ്ധഭൂമിയായി മാറാൻ സാധ്യതയുണ്ട്. നമുക്കും ബങ്കറുകൾ വേണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ അടിയന്തരമായി ബങ്കറുകൾ പണിയാൻ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇന്നല്ലെങ്കിൽ നാളെ കേരളത്തിന് ഇത് ആവശ്യമായിവരും.

വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ ഉടൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. നാവികസേന ആസ്ഥാനം എന്ന നിലയ്ക്ക് കൊച്ചി വൾനറബിൾ ആണ്. തീർച്ചയായും ശത്രു ലക്ഷ്യം വയ്ക്കുന്ന ഒരു നഗരം കൊച്ചി ആയിരിക്കും. ഇന്ത്യൻ നാവികസേനയും എയർഫോഴ്സും ശത്രുവിനെ നേരിടാൻ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.

1971ൽ അമേരിക്കയുടെ ഏഴാം കപ്പൽ പട വന്നിട്ടും പോടാ പുല്ലേ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു. അന്നും ചൈന ഒളിഞ്ഞും തെളിഞ്ഞും പാകിസ്താനൊപ്പമായിരുന്നു. 140 കോടി ജനങ്ങളുടെ മാർക്കറ്റാണ് ഇന്ത്യ എന്ന ബോധം ചൈനയ്ക്കും വേണം. ഇന്ത്യൻ സമുദ്ര അതിർത്തിയിലൂടെ കടന്നു പോകാൻ കഴിയാത്ത സാഹചര്യം ചൈനീസ് കപ്പലുകൾക്ക് തീർക്കാൻ ഇന്ത്യൻ നാവികസേനക്ക് സാധിക്കും. ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തർക്കങ്ങളിൽ സമാന നിലപാട് ഇന്ത്യക്കും സ്വീകരിക്കാം.

ചൈനയും തുർക്കിയും എന്ത് നിലപാട് സ്വീകരിച്ചാലും അത്യന്തികമായി സ്വന്തം പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിൽ നിന്ന് ഒരു തരിമ്പു പോലും പിന്മാറരുത്’ -സന്ദീപ് വാര്യർ കുറിപ്പിൽ പറഞ്ഞു. 

Full View

Tags:    
News Summary - bunkers should be built in Kochi, Thiruvananthapuram and Kozhikode - Sandeep.G.Varier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.