കോഴിക്കോട്: പെരിയ ഇരട്ടക്കൊല കേസിൽ നീതി നടപ്പായി എന്നൊന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് എം.എസ്.എഫ് ‘ഹരിത’ നേതാവ് ഫാത്തിമ തഹ്ലിയ. ‘ഗൾഫിലേക്ക് ജോലിക്ക് പോകുന്ന ലാഘവത്തോടെയാണ് പാർട്ടി കൊലയാളികൾ ജയിലിലേക്ക് പോകുന്നത്. അവർക്ക് പരോൾ കിട്ടും. ജയിലിൽ സ്വാതന്ത്ര്യത്തിനു യാതൊരു തടസ്സവും അവർക്ക് ഉണ്ടാവില്ല. അവരുടെ വീട്ടുകാര്യങ്ങൾ നോക്കാൻ പാർട്ടി ഉണ്ടാകും. പിന്നെ ഇത് എന്ത് ശിക്ഷയാണ്?’ -തഹ്ലിയ ചോദിച്ചു.
‘കൊലയാളികൾക്കു വേണ്ടി പ്രവർത്തിക്കുന്ന പോഷക സംഘടനയുള്ള ഏക രാഷ്ട്രീയ പാർട്ടി സിപിഎം ആയിരിക്കും. കൊലയാളികളായ സിപിഎം അംഗങ്ങൾക്ക്, രക്തസാക്ഷികൾക്കോ ജനപ്രതിനിധികൾക്കോ ലഭിക്കുന്നതിനേക്കാൾ വലിയ പരിഗണനയും ആനുകൂല്യവുമാണ് പാർട്ടിയിൽ നിന്നും ലഭിക്കാറ്. കേസ് നടത്തി കൊടുക്കുന്നതിൽ ഒതുങ്ങുന്നില്ല സിപിഎമ്മും കൊലയാളികളും തമ്മിലുള്ള ബന്ധം. കൊലയാളികളുടെ വീട്ടിലേക്ക് കൃത്യമായി റേഷൻ എത്തിച്ചു നൽകുക, വീട്ടുകാരുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയവ കൃത്യമായി നോക്കുക, വീട് നിർമ്മിച്ചു നൽകുക, കൃത്യമായ ഇടവേളകളിൽ പരോൾ ഏർപ്പാട് ചെയ്ത് നൽകുക.. അങ്ങനെ കൊലയാളികൾക്കായി സിപിഎം നടത്തുന്ന പദ്ധതികൾ എത്രയെത്ര...
പെരിയ ഇരട്ടക്കൊല കേസിൽ നീതി നടപ്പായി എന്നൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗൾഫിലേക്ക് ജോലിക്ക് പോകുന്ന ലാഘവത്തോടെയാണ് പാർട്ടി കൊലയാളികൾ ജയിലിലേക്ക് പോകുന്നത്. അവർക്ക് പരോൾ കിട്ടും. ജയിലിൽ സ്വാതന്ത്ര്യത്തിനു യാതൊരു തടസ്സവും അവർക്ക് ഉണ്ടാവില്ല. അവരുടെ വീട്ടുകാര്യങ്ങൾ നോക്കാൻ പാർട്ടി ഉണ്ടാകും. പിന്നെ ഇത് എന്ത് ശിക്ഷയാണ്? സിപിഎമ്മുകാർ നടത്തിയ ഇരട്ടക്കൊല കോടതിക്ക് മുമ്പിൽ തെളിയിക്കപ്പെട്ടു എന്നത് മാത്രമാണ് നാം ഈ കേസിലൂടെ നേടിയിരിക്കുന്നത്. ഇരട്ട ജീവപര്യന്ത ശിക്ഷ എന്നതൊക്കെ വെറും പുകമറ മാത്രം’ -തഹ്ലിയ ഫേസ്ബുക് കുറിപ്പില പറഞ്ഞു.
കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരടക്കം നാലു സി.പി.എം നേതാക്കൾക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.