തൊടുപുഴ: ‘എല്ലാവരും ഉറക്കമായോ..... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ.... കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്’ -ഇന്നലെ രാത്രി 11.22ന് ഇടുക്കി ജില്ല കലക്ട[ വി. വിഗ്നേശ്വരിയുടെ ഫേസ്ബുക് പേജിൽ വന്ന കുറിപ്പാണിത്. മഴ മുന്നറിയിപ്പിനെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
‘എല്ലാവരും ഉറക്കമായോ..... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ.... കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കണം .അതിനുശേഷം മുൻപ് സൂചിപ്പിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചു മാത്രമേ ഉത്തരവിറക്കാൻ ആകൂ.... വൈകിയതിന് കാരണം മനസ്സിലാകുമല്ലോ...’
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലേക്കും മിന്നൽ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.
റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്.
തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞുവെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വയ്ക്കാനും ശ്രദ്ധിക്കണം.
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.