അറിയാമോ ഈ ചിത്രത്തിലെ കുട്ടിയെ? 20 വർഷം മുമ്പുള്ള ചിത്രത്തിലെയാളെ തിരഞ്ഞ് സോഷ്യൽ മീഡിയ

കോഴിക്കോട്: 20 വർഷം മുമ്പ് കളഞ്ഞുകിട്ടിയ ഒരു ചിത്രത്തിലെ കുട്ടിയായ യുവതിയെ അന്വേഷിച്ച് സോഷ്യൽ മീഡിയ. രണ്ടു ചിത്രങ്ങളിൽ കാണുന്ന പെൺകുട്ടിയെ ​തിരഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ.

സുൽത്താൻ ബത്തേരിക്കാരനായ സതീഷിന് 20 വർഷം മുമ്പ് കോട്ടക്കുന്നിൽനിന്ന് കളഞ്ഞുകിട്ടിയതാണ് ചിത്രങ്ങൾ. വർഷ​ങ്ങളോളം ചിത്രങ്ങൾ സൂക്ഷിച്ചുവെച്ചു. കഴിഞ്ഞദിവസം പഴയതെല്ലാം പൊടി തട്ടി കുടഞ്ഞപ്പോൾ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുനനു ചിത്രങ്ങളും ഒരു കുറിപ്പും. ചിത്രത്തിൽ കാണുന്ന കുട്ടിയായ യുവതിയെ കണ്ടെത്തിയാൽ ചിത്രങ്ങൾ തിരികെ ഏൽപ്പിക്കാമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. സതീഷി​ന്‍റെ പോസ്റ്റ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.


കുറിപ്പ് വായിക്കാം

ഒരിരുപതു കൊല്ലം മുൻപാണ്. ചെറുമഴയുള്ള ഒരു ഞായറാഴ്ച്ച നാട്ടിൽ, സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ അവളക്കാ​ന്‍റെ അടച്ചിട്ട കടയുടെ തിണ്ണയിലെ ഉപ്പുപ്പെട്ടിക്കുമേൽ അന്ന് സിനിമ ടിക്കറ്റുകളും മറ്റു ഉപദംശങ്ങളുമൊക്കെ വാങ്ങി തന്ന് എന്നെ സ്ഥിരം തീറ്റിപോറ്റിയിരുന്ന കട്ടചങ്ക് അസറു (അഷ്റഫ്) നെയും കാത്ത്, സന്തോഷിൽ പീപ്പീംങ്ങ് ടോം രണ്ടാമതും (അതോ മൂന്നാമതോ) കാണാൻ പോകുന്നതി​ന്‍റെ രസത്തിൽ ഒറ്റക്ക് ഞാനങ്ങനെ കാലാട്ടിയിരിക്കുമ്പോൾ തൊട്ടടുത്ത് അനാഥമായി കിടന്ന ഒരു കവറിനുള്ളിൽ നിന്ന് കിട്ടിയതാണ് ഈ കുഞ്ഞി​ന്‍റെ ഈ രണ്ട് മനോഹര ഫോട്ടോകൾ.


പിറ്റേന്ന് ആ പരിസരത്തു മുഴുവൻ അന്വേഷിച്ചെങ്കിലും ഇതാരാണ് ആരുടേയാണ് എന്നാർക്കും അറിയില്ലയിരുന്നു.. അങ്ങിനെ അന്നു മുതൽ ഞാനീ ഫോട്ടോകളുടെ വളർത്തച്‌ഛനായി പിന്നീട് ആൽബം തുറക്കുമ്പോഴെല്ലാം വാത്സല്യത്തോടെ തലയിലും താഴത്തും വെക്കാതെ പരിപാലിച്ചു.. താലോലിച്ചു ആ സമയങ്ങളിൽ കെട്ട്യോൾടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒരു ക്വൊസ്റ്റ്യൻമാർക്കി​ന്‍റെ വളഞ്ഞ കുന്തമുനയുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു.

പിന്നെ പിന്നെ..ഈ കുഞ്ഞിനെ മറന്നും പോയിരുന്നു. ഈ അടുത്ത് പഴയതെല്ലാം ഒന്ന് തട്ടി കുടഞ്ഞപ്പോൾ അവളിതാ അതേ പാൽ പുഞ്ചിരിയോടെ ആർക്കെങ്കിലും അറിയാമോ ഇന്ന് യുവതിയായ ഈ കുഞ്ഞിനെ ?

ഈ ഫോട്ടോസ് തിരിച്ചേൽപ്പിക്കാമായിരുന്നു...

Tags:    
News Summary - social media searching a girl with photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.