ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നത് ആരാണ് സന്ദീപ് ജി? ലക്ഷദ്വീപിലെ മദ്യനയത്തെച്ചൊല്ലി ഐഷ സുൽത്താനയും സന്ദീപ്​ വാര്യരും തമ്മിൽ സോഷ്യൽമീഡിയ പോര്​

കൊച്ചി: ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കാനുള്ള നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയ​ സംവിധായിക ഐഷ സുല്‍ത്താനക്ക്​ മറുപടിയുമായി ബി.ജെ.പി നേതാവ്​ സന്ദീപ്​ വാര്യർ. ഗുജറാത്തിൽ മദ്യവിൽപന നിരോധിക്കപ്പെട്ടതിന് മതമല്ല കാരണമെന്നും, അത് ഗാന്ധിജിയുടെ ജന്മനാട് ആയതുകൊണ്ടുള്ള ആദരവിനാലാണെന്നും സന്ദീപ്​ വാര്യർ ഫേസ്​ബുക്കിൽ കുറിച്ചു. ‘ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നത് ആരാണ് സന്ദീപ് ജി’എന്നാണ്​ ഇതിന്​ മറുപടിയായി ഐഷ സുൽത്താന ഫേസ്​ബുക്കിൽ കുറിച്ചത്​.

ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു. ദ്വീപിലെ മദ്യനയം സംബന്ധിച്ച്​ 30 ദിവസത്തിനകം അഭിപ്രായം രേഖപ്പെടുത്താനാണ്​ ഭരണകൂടം ജനങ്ങളോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഗുജറാത്ത് പോലെ പൂർണ മദ്യനിരോധനമുള്ള സ്ഥലമാണ് ലക്ഷദ്വീപ്. ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്‍റെ കാരണം എന്താണ്? ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണെന്നും ഐഷ സുൽത്താന സമൂഹമാധ്യമത്തിൽ കുറിച്ചു.

സന്ദീപ്​ വാര്യരുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം താഴെ

ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന് മതമല്ല കാരണം ഐഷേ , അത് ഗാന്ധിജിയുടെ ജന്മനാട് ആയതുകൊണ്ടുള്ള ആദരവിനാലാണ് .

ലക്ഷദ്വീപ് അനന്തമായ ടൂറിസം സാധ്യതയുള്ള ഇന്ത്യയുടെ ഭാഗമായ ഒരു സ്ഥലമാണ് . അവിടെ മദ്യനിരോധനമുള്ളതിന് ഒരു ന്യായീകരണവുമില്ല . മത നിയമമൊന്നും അവിടെ നടപ്പിലാക്കാൻ കഴിയില്ല. റിസോർട്ടുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരികൾക്ക് മദ്യം ലഭ്യമാക്കിയാൽ എന്താണ് കുഴപ്പം ?

മാത്രമല്ല ടൂറിസം വികസനം വരുമ്പോൾ ഐഷ ആഗ്രഹിക്കുന്ന മാറ്റങ്ങൾ, വികസനങ്ങൾ സ്വാഭാവികമായും ദ്വീപിലും വരും. കൂടുതൽ കപ്പലുകൾ, കുടിവെള്ളം, മെച്ചപ്പെട്ട ആരോഗ്യ ചികിത്സാസംവിധാനങ്ങൾ ഇതെല്ലാം ലക്ഷദ്വീപിലും വരും.

കൊച്ചിയിലും കോഴിക്കോട്ടും മംഗലാപുരത്തും എല്ലാ ആധുനിക സൗകര്യങ്ങളും അനുഭവിച്ച് സുഖിക്കുന്ന എക്സ് ദ്വീപ് മതമൗലിക വാദികൾ ലക്ഷദ്വീപിൽ എത്തുന്ന വികസനം തടയരുത്.

ഐഷ സുൽത്താനയുടെ ഫേസ്​ബുക്ക്​ പോസ്റ്റുകളുടെ പൂർണരൂപം

ഗാന്ധിജിയെ ചെറുതായിയൊന്ന് വെടിവെച്ച് കൊന്നത് ആരാണ് സന്ദീപ് ജി?

നിങ്ങളെപ്പോലത്തെ മതമൗലിക വാദികളല്ല ലക്ഷദ്വീപുകാർ,എന്തു പറഞ്ഞാലും അവസാനം നിങ്ങളൊക്കെ മതമൗലിക,വിഘടന, ഭാഷയല്ലാതെ അതിനപ്പുറമുള്ളതൊന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല...

മറ്റു സംസ്ഥാനങ്ങളെപ്പറ്റി ഇത്ര ബേജാറാണെങ്കിൽ തൽക്കാലം മണിപ്പൂരിലും ഹരിയാനയിലും ചെല്ല്, ഇവിടെ ഈ ലക്ഷദ്വീപ് ഞങ്ങൾ നോക്കിക്കോളാം... 👍🏻

ഗാന്ധിജിയോടുള്ള ആദരവ് കൊണ്ടാണ് ഗുജറാത്ത് പൂർണ്ണ മദ്യ നിരോധന സ്ഥലമായതെന്ന് താങ്കൾ പറയുമ്പോൾ 2021 ഇല്ലെ "വിമൻസ് ഡേ" -ക്ക് ഗുജറാത്തിലെ മുൻ C.M Vijay Rupani സർ പറഞ്ഞിരിക്കുന്നത്:

"Thanks to liquor ban, women safe in Gujarat"

എന്നാണ്

അതിന്റെ അർത്ഥം സ്ത്രീ സുരക്ഷയെ മുന്നിൽ കണ്ട് കൊണ്ടും, ക്രിമിനൽസിനെ ഇല്ലായ്മ ചെയ്യാനുമൊക്കെ കൊണ്ടാണ് ഗുജറാത്തിൽ മദ്യം നിരോധിച്ചത് എന്ന്‌ തന്നെയല്ലേ...?

ലക്ഷദ്വീപിൽ മദ്യം കൊണ്ട് വരാൻ തുനിയുന്നത് അവിടത്തെ സ്ത്രീ സുരക്ഷയെ ഇല്ലായ്മ ചെയ്യാനും ക്രിമിനൽസിനെ കൂട്ടാനുമാണെന്ന് ഞങ്ങൾ പറഞ്ഞാൽ നിങ്ങൾക്കത് നിഷേധിക്കാൻ പറ്റുമോ?

കാരണം

നിലവിലെ മദ്യ നിരോധന നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലക്ഷദ്വീപിലെ ടൂറിസ്റ്റുകൾക്ക് വേണ്ടി അവർക്കുള്ള താമസ സ്ഥലത്ത് നിബന്ധനകളോടെ ഗവണ്മെൻ്റ് മദ്യം ലഭ്യമാക്കുന്നുണ്ട്...പിന്നെ എന്തിനാണ് മദ്യ നയം മാറ്റി മുഴുവൻ സ്ഥലത്തും അനുവദിക്കാനുള്ള ആവശ്യം... അപ്പോ ഉദ്ദേശം ടൂറിസം വികസനം വഴി നാടിൻ്റെ വികസനം ആണെന്ന് നിങ്ങൾ കുറച്ച് ആളുകൾ മാത്രമേ പറയുകയുള്ളു...

ഇതുപോലെ ഓരോ വികസനവും ഇന്ന് വരും നാളെ വരും എന്ന്‌ തള്ളി തള്ളി നടന്നു, കഴിഞ്ഞ 10 വർഷം ഇന്ത്യയും അതിലെ ഓരോ സംസ്ഥാനവും എത്രത്തോളം പിന്നോട്ട് വികസിച്ചു എന്ന് പ്രത്യേകം പറയേണ്ട ആവശ്യവുമില്ലല്ലോ...

അപ്പോ മദ്യം വിളമ്പി ടൂറിസം വികസിപ്പിച്ച് അതുവഴി നാട് വികസിപ്പിക്കാം എന്ന തത്വം നിങ്ങൾക്കിടയിൽ പറഞാൽ മതി... ആദ്യം നാട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കാണിക്കൂ... എന്നിട്ട് നമുക്ക് മദ്യനിരോധനം മാറ്റി ടൂറിസം വികസനം ആലോചിക്കാം..

Tags:    
News Summary - Social media war between Aisha Sultana and Sandeep Warrier over liquor policy in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.