ഇതാ കശ്മീരിലെ 'ക്യൂട്ടി' റിപ്പോർട്ടർ; തകർന്ന റോഡും മാലിന്യം തള്ളലും 'പ്രധാന വാർത്തകൾ' -VIDEO

ശ്രീനഗർ: കശ്മീരിലെ ഒരു റോഡിന്‍റെ ശോചനീയാവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു കൊച്ചു പെൺകുട്ടിയാണ് തന്‍റെ വീട്ടിലേക്കുള്ള റോഡ് ചെളി നിറഞ്ഞ് നടക്കാൻ പറ്റാത്ത രീതിയിലായതിനെക്കുറിച്ച് അസ്സലായി റിപ്പോർട്ട് ചെയ്യുന്നത്. പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച് ചാനൽ റിപ്പോർട്ടർമാരെ അനുകരിച്ചുള്ള പെൺകുട്ടിയുടെ വീഡിയോ റിപ്പോർട്ടിങ് ശൈലിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

റോഡ് ചെളി നിറഞ്ഞ് നടക്കാനാകാത്ത വിധത്തിൽ മോശമായതിനാൽ അതിഥികൾക്കൊന്നും വീട്ടിലേക്ക് വരാൻ സാധിക്കുന്നില്ലെന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. 2.08 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കുട്ടിയുടെ അമ്മയാണ് മൊബൈൽ ഫോണിൽ പകർത്തിയിരിക്കുന്നത്.

എന്നാൽ, കുട്ടിയുടെ പേര് എന്താണെന്നോ എവിടെയാണിത് ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. സമീപവാസികൾ റോഡരികിൽ മാലിന്യം തള്ളുന്നതിനെയും കുട്ടി വിമർശിക്കുന്നുണ്ട്. 'ഇവിടെയെല്ലാം വൃത്തികേടാക്കി ഇട്ടിരിക്കുകയാണ് ' - കുട്ടി പറയുന്നു. 


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കശ്മീർ താഴ്വരയിൽ ശക്തമായ മഞ്ഞും മഴയും അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം നിരവധിയിടങ്ങളിൽ റോഡിന് തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

ഇതാദ്യമയല്ല കശ്മീരിലെ 'കുട്ടി റിപ്പോർട്ടർമാർ' സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓൺലൈൻ ക്ലാസുകളെ കുറിച്ച് പരാതിപ്പെടുന്ന ആറ് വയസുകാരി മഹിറു ഇർഫാൻ്റെ 71 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ വൈറലായിരുന്നു. 



 


Tags:    
News Summary - Girl Turns Reporter To Show Bad Condition Of Kashmir Roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.