തിരുവനന്തപുരം: ''പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പാ, ഞങ്ങളോടൊപ്പം ഓണസദ്യ കഴിക്കാൻ മന്ത്രി അപ്പൂപ്പൻ വരുമോ?'' എന്ന രണ്ടാം ക്ലാസുകാരുടെ ക്ഷണത്തിന് ഹൃദ്യമായ മറുപടിയെഴുതി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'ഈ ഓണത്തിന് ലഭിച്ച ഏറ്റവും മധുരമുള്ള സമ്മാനം' എന്നാണ് ഈ കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി പ്രതികരിച്ചത്.
തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവ. എൽ.പി.എസിലെ രണ്ടാം ക്ലാസുകാരാണ് ഓണത്തിന് ക്ഷണിച്ചുകൊണ്ട് മന്ത്രിക്ക് കത്തെഴുതിയത്. ''പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ... കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയാറാക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാൻ മന്ത്രി അപ്പൂപ്പൻ വരുമോ?'' 85 രണ്ടാം ക്ലാസുകാരെ പ്രതിനിധീകരിച്ച് മീനാക്ഷി എന്ന വിദ്യാർഥിനിയാണ് ഈ കത്ത് എഴുതിയത്.
കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച മന്ത്രി കുട്ടികൾക്കൊപ്പം ഓണം ആഘോഷിക്കാൻ എത്തുമെന്ന് ഉറപ്പ് നൽകി. കുട്ടികൾക്കുള്ള മറുപടിയും മന്ത്രി കത്തിനൊപ്പം പങ്കുവെച്ചു. ''എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവ. എൽ.പി.എസിലെ രണ്ടാം ക്ലാസുകാർ എന്നെ അവരുടെ സ്കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്കൂളിലെ ഓണാഘോഷം. കുഞ്ഞുങ്ങളെ ഞാൻ നാളെ വരും. നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ...എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ'' എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.