ഹരിദ്വാർ: കുംഭനഗരി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരും യാത്രക്കാരും പുലർച്ചെ മൂന്ന് മണിക്കെത്തിയ ഒരു 'യാത്രക്കാരനെ' കണ്ടു ചെറുതായൊന്ന് ഞെട്ടി. ഒരു കാട്ടാനയായിരുന്നു അത്. ആറാമത്തെ ട്രാക്കിലൂടെയാണ് ആന നടന്നു നീങ്ങിയത്.
ആർ.പി.എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ആറാം ട്രാക്കിനരികിലെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരെ മാറ്റി. ആനയുടെ ശ്രദ്ധ തിരിക്കാനായി ശബ്ദവുമുണ്ടാക്കി. വിവരമറിഞ്ഞെത്തിയ മോട്ടിചൂർ റേഞ്ചിലെ വനപാലകർ പിന്നീട് ആനയെ ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തിരികെ വിട്ടു.
ആന ആരെയും ഉപദ്രവിച്ചില്ലെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഡി.എസ്. ചൗഹാൻ പറഞ്ഞു. രാജാജി ടൈഗർ റിസർവിൽ നിന്ന് കുംഭനഗരിയിലേക്ക് വന്യമൃഗങ്ങൾ കടന്നുവരുന്നത് പതിവാണ്. എങ്കിലും കുംഭമേളക്ക് എത്തുന്ന തീർഥാടകരുടെ സുരക്ഷയിൽ ആശങ്ക വേണ്ടയെന്ന് അധികൃതർ വ്യക്തമാക്കി.
വനാതിർത്തിയിൽ വൈദ്യുതി വേലിയും കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ എത്തുന്നുണ്ടോയെന്ന് 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും വ്യാഴാഴ്ച പുലർച്ചെ കുംഭനഗരി റെയിൽവേ സ്റ്റേഷനിൽ കാട്ടനയെത്തിയതിനെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. റെയിൽവേ സ്റ്റേഷനിൽ ആനയെത്തിയതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ട്രെയിൻ വരുന്നത് സംബന്ധിച്ച അനൗൺസ്മെന്റിൽ 'ആനേ കീ സംഭാവന ഹേ' എന്ന് പറയുന്നത് കേട്ട് വന്നതായിരിക്കുമെന്നതുപോലത്തെ രസികൻ കമന്‍റുകളും വിഡിയോക്ക് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.