ഈക്വലിമ്പിക്സ്: ആദ്യമായി ഒളിമ്പിക്സിലെ പുരുഷ-വനിത പ്രാതിനിധ്യം 50:50

പാരിസ്: 1896ൽ ആതൻസിൽ ആദ്യ ആധുനിക ഒളിമ്പിക്സ് അരങ്ങേറുമ്പോൾ പേരിനൊരു വനിതപോലും മത്സരിച്ചിരുന്നില്ല. 1900ലെ പാരിസ് ഒളിമ്പിക്സിലാണ് സ്ത്രീ പ്രാതിനിധ്യത്തിന്റെ തുടക്കം. 997 അത്‍ലറ്റുകളിൽ 22 പേരായിരുന്നു വനിതകൾ, 2.2 ശതമാനം. 124 വർഷങ്ങൾക്കിപ്പുറം ഒരിക്കൽകൂടി ലോക കായിക മഹോത്സവം പാരിസിലെത്തുമ്പോൾ പുരുഷന്മാർക്ക് തുല്യമാ‍യിട്ടുണ്ട് വനിത പങ്കാളിത്തം. ആകെ 10,500 അത്‍ലറ്റുകളിൽ 5250 വീതം സ്ത്രീകളും പുരുഷന്മാരും. ലിംഗ സമത്വ ഒളിമ്പിക്സെന്ന ചരിത്രമാണ് പാരിസ് ഗെയിംസ് എഴുതിച്ചേർക്കുന്നത്. 2020ലോ ടോക്യോ ഒളിമ്പിക്സിനേക്കാൾ 2.2 ശതമാനം വനിത താരങ്ങൾ വർധിച്ച് തുല്യനില കൈവരിക്കുകയാണ്. സാങ്കേതിക ഉദ്യോഗസ്ഥരിൽ 40 ശതമാനവും സ്ത്രീകളായിരിക്കും. 2020 ടോക്യോയിൽ 30 ശതമാനമായിരുന്നു വനിത ഉദ്യോഗസ്ഥർ.


30ൽ എത്താനെടുത്തത് 100 വർഷം

ഒളിമ്പിക്സിലെ സ്ത്രീ പ്രാതിനിധ്യത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാവാതെ ഏറിയും കുറഞ്ഞും ഘട്ടംഘട്ടമായി വളർന്നുമാണ് പുരുഷന്മാരുടെ നേർപ്പകുതിയിലെത്തിയിരിക്കുന്നത്. 1900ലെ പാരിസ് ഗെയിംസിന് ശേഷം 1904ൽ സെന്റ് ലൂയിസിൽ 651 അത്‍ലറ്റുകൾ എത്തിയതിൽ സ്ത്രീകൾ ആറുപേർ മാത്രം. 0.9 ശതമാനം പ്രാതിനിധ്യമായിരുന്നു. 1908ൽ അത് 1.8ഉം തുടർന്ന് 2.0, 2.5 ശതമാനത്തിലേക്ക് ഉയർന്നു. 1952ലെ ഹെൽസിങ്കി ഗെയിംസിലാണ് ആദ്യമായി സ്ത്രീ പ്രാതിനിധ്യ ശതമാനം രണ്ടക്കം കടക്കുന്നത്. 1976ൽ 20ന് മുകളിലേക്ക്. 1996ൽ 30ഉം കടന്ന് 34ലെത്തി. 2004ൽ 40 കടന്ന് 2020ലെ ടോക്യോ ഒളിമ്പിക്സിൽ 47.8 ശതമാനത്തിലേക്കെത്തിയ ശേഷമാണ് 50ൽ തൊടുന്നത്.

ദ വിമൻസ് ഗെയിംസ്

ടോക്യോയിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലും വനിത അത്‍ലറ്റുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ദ വിമൻസ് ഗെയിംസ് എന്ന് വിളിക്കപ്പെട്ടു. “ഒളിമ്പിക് ഗെയിംസിലും കായികരംഗത്തും സ്ത്രീകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ് ഞങ്ങൾ ആഘോഷിക്കാൻ പോകുന്നത്. ഇത് കൂടുതൽ ലിംഗസമത്വ ലോകത്തിനുള്ള ഞങ്ങളുടെ സംഭാവനയാണ്” -അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് തോമസ് ബാഷ് ഇക്കഴിഞ്ഞ മാർച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു.

പാരിസിലെ 32 കായിക ഇനങ്ങളിൽ 28 എണ്ണത്തിലും സമ്പൂർണ ലിംഗസമത്വം കൈവരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് 152, പുരുഷന്മാർക്ക് 157, മിക്സഡ് 20 എന്നിങ്ങനെയാണ് മെഡൽ മത്സരങ്ങൾ.

മോശമാക്കാതെ ഇന്ത്യയും

ഈ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് 46 വനിത അത്‌ലറ്റുകൾ ഉണ്ടാകും. ഇത് ടീമിന്റെ 41 ശതമാനം വരും. ടോക്യോയിൽ 119 പേർ പങ്കെടുത്തതിൽ 53 പേർ വനിതകളായിരുന്നു. 21ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആറ് ഒളിമ്പിക്‌സുകളിൽ നിന്ന് ഇന്ത്യ നേടിയ 20 മെഡലുകളിൽ എട്ടെണ്ണവും വനിതകളുടെ സംഭാവനയാണ്. 

Tags:    
News Summary - 50:50 representation of men and women in the Olympics for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.