സോചിയിലെ രാത്രി സ്വപ്ന രാവാക്കി പോർചുഗലിെൻറ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബാൾ മാന്ത്രികൻ കരുത്തും കലയും കാലിൽ ഒളിപ്പിച്ച് അതിശക്തമായ സ്പാനിഷ് പ്രതിരോധ നിരയിലൂടെ പന്തുമായി പറന്നുനീങ്ങിയപ്പോൾ അത് തടയാൻ വിഖ്യാതമായ സ്പാനിഷ് അർമാഡോകൾ ഒരുക്കിയ പ്രതിരോധം മതിയായില്ല. ക്രിസ്റ്റ്യനോക്ക് മുന്നിൽ പതറിയെങ്കിലും ഇടക്കിടക്കുള്ള ആന്ദ്രെ ഇനിയെസ്റ്റയുടെയും ഇസ്കോയുടെയും ഡേവിഡ് സിൽവയുടെ ടികിടാക മിന്നലാട്ടങ്ങളും ഡീഗോ കോസ്റ്റയുടെ മിന്നൽ ഗോളുകളും ലോകകപ്പ് ചരിത്രത്തിലെ ആവേശകരമായ മത്സരങ്ങളിലൊന്നാണ് സമ്മാനിച്ചത്.
ആവേശം നിറഞ്ഞുനിന്ന ലോകകപ്പിെല ആദ്യ ഹെവിവെയ്റ്റ് പോരിൽ റൊണാൾഡോയുടെ മിന്നുന്ന ഹാട്രിക്കിന് (4, 44, 88) സ്പെയിൻ കോസ്റ്റയുടെ ഡബിളിലൂടെയും (24, 55) നാച്ചോയുടെ (58) ഗോളിലൂടെയും മറുപടി നൽകിയപ്പോൾ പിറന്നത് 3-3 സമനില. ഉരുക്കു ഞരമ്പുകളുടെ ഉടമയാണ് താനെന്ന് തെളിയിച്ചുകൊണ്ട് നാലാം മിനിറ്റിൽ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ പോർചുഗലിെൻറ ഏറ്റവും വേഗമേറിയ രണ്ടാം ഗോൾ ആയി (1-0). 1966 ലോകകപ്പിൽ ഹങ്കറിക്കെതിരെ ജോസ് അഗസ്റ്റോ നേടിയ ഗോളാണ് റെക്കോഡ്.
24ാം മിനിറ്റിൽ സ്വന്തം ഹാഫിൽനിന്ന് സെർജിയോ ബുസ്ക്വറ്റ്സ് ഉയർത്തിനൽകിയ പന്ത് കോസ്റ്റയിലെത്തുേമ്പാൾ ഒപ്പം പെപെയുണ്ടായിരുന്നു. എന്നാൽ, പെപെയെ അനായാസം മറികടന്ന കോസ്റ്റ, ഫോണ്ടെക്കും സെഡ്രിക് സോറസിനുമിടയിൽനിന്ന് തൊടുത്ത ഷോട്ടിന് മറുപടിയുണ്ടായില്ല (1-1). 44ാം മനിറ്റിൽ മുന്നേറ്റനിരയിലെ പങ്കാളി ഗോൺസാലോ ഗ്വഡസ് നൽകിയ പാസിൽ റൊണാൾഡോ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോളി ഡേവിഡ് ഡിഗിയക്ക് നേരെയായിരുന്നു. എന്നാൽ, ഒരുനിമിഷം അശ്രദ്ധനായ ഗോളിയുടെ കൈയിൽ തട്ടിയ പന്ത് വലയിലേക്ക് കയറി (2-1). രണ്ടാംപകുതിയുടെ തുടക്കം സ്പെയിനിെൻറ മുന്നേറ്റത്തോടെയായിരുന്നു. മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകളുമായി അവർ ലീഡ് പിടിക്കുകയും ചെയ്തു. 55ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് സിൽവ ഉയർത്തിവിട്ട പന്ത് ബുസ്ക്വറ്റ്സ് ഹെഡ് ചെയ്ത് മറിച്ചത് കോസ്റ്റ ഞൊടിയിടയിൽ വലയിലാക്കി (2-2). ഇതോടെ കളി കൈയിലാക്കിയ സ്പെയിൻ പിന്നാലെ വീണ്ടും സ്കോർ ചെയ്തു. ലൂസ്ബാളിൽ ഒാടിയെത്തിയ നാച്ചോയുടെ ഷോട്ട് റൂയി പാട്രീഷ്യോക്ക് അവസരമൊന്നും നൽകിയില്ല (2-3).
സ്പെയിൻ ജയിച്ചു എന്ന അവസ്ഥയിൽ കാര്യങ്ങൾ നീങ്ങിയപ്പോഴാണ് 88ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് 20 മീറ്റർ അകലെനിന്നും സ്പാനിഷ് പ്രതിരോധ നിരക്ക് മുകളിലൂടെ തീയുണ്ടപോലെ റൊണാൾഡോ വലയുടെ മൂലയിൽ പതിപ്പിച്ചപ്പോൾ റൊണാൾഡോയും സ്പെയിനും തമ്മിലുള്ള മത്സരം കാവ്യനീതിപോലൊരു സമനിലായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.