മോസ്കോ: ഇനിയുമൊരു തോൽവി താങ്ങാനാകില്ല ഫുട്ബാൾ ലോകകപ്പിൽ ബ്രസീലിന്. നാലു വർഷം മുമ്പ് സ്വന്തം കളിമുറ്റമായ ബെലോ ഹൊറിസോണ്ടയിൽ ജർമനി അവർക്കേൽപിച്ച ആഘാതം അത്രക്കാണ്. ഞായറാഴ്ച രാത്രി വൈകി സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുേമ്പാൾ ബ്രസീൽ ടീമും ലോകം മുഴുക്കെയുള്ള ആരാധകരും അനായാസ ജയത്തിൽ കുറഞ്ഞൊന്നു പ്രതീക്ഷിച്ചിരുന്നുമില്ല. തുടക്കത്തിലേ പന്തിെൻറ നിയന്ത്രണം പിടിച്ച് 20ാം മിനിറ്റിൽ ഫിലിപെ കുടീന്യോയിലൂടെ ലീഡ് പിടിച്ച ടീം പക്ഷേ, രണ്ടാം പകുതിയിൽ കളി കൈവിട്ട് വിരസമായ സമനിലക്ക് തലവെച്ചുകൊടുത്തത് എന്തുകൊണ്ടാകുമെന്നാണ് ഇനിയും പിടികിട്ടാത്തത്. മണിക്കൂറുകൾ മുമ്പ് നിലവിലെ ചാമ്പ്യൻമാരായ ജർമനി മെക്സിക്കോക്കു മുന്നിൽ അടിയറവു പറയുകയും തലേന്ന് രാത്രി അർജൻറീന െഎസ്ലൻഡിനു മുന്നിൽ സമനില പിടിക്കുകയും ചെയ്തതിെൻറ ഞെട്ടലൊടുങ്ങും മുമ്പായിരുന്നു റഷ്യൻ ലോകകപ്പിൽ ബ്രസീലിെൻറ അരങ്ങേറ്റം.
നന്നായി ഗൃഹപാഠം ചെയ്തിറങ്ങിയ സ്വിറ്റ്സർലൻഡിനെ നിഴലിൽ നിർത്തിയ നീക്കങ്ങളുമായി നെയ്മറും ജീസസും കുടിന്യോയും കളംനിറഞ്ഞപ്പോൾ മഞ്ഞയിൽ കുളിച്ച ഗാലറിയും ആവേശത്തിലായി. ഗോൾ കൂടി പിറന്നതോടെ ഇനി എത്ര എണ്ണം എന്നു മാത്രമായിരുന്നു സംശയം. പക്ഷേ, കളി പതിയെ ഏറ്റെടുത്ത ഷാകിരിയും സംഘവും ബ്രസീലിയൻ തേരോട്ടത്തെ സഡൻ ബ്രേക്കിട്ടുനിർത്തി പ്രത്യാക്രമണം തുടങ്ങുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. സ്വിസ് പാതിയിൽ മാത്രമായിരുന്ന ഗോൾ നീക്കങ്ങൾ ഇരുവശത്തും മാറിമാറി കയറിയിറങ്ങുന്നതായി. പരിക്കേറ്റ് പുറത്തിരിക്കുന്ന ഡാനി ആൽവസ് പോയതോടെ തുള വീണ ബ്രസീൽ പ്രതിരോധ ഭിത്തി പലവുരു ഭേദിക്കപ്പെട്ടു.
അതിനിടെ, പലവട്ടം കടുത്ത ടാക്ലിങ്ങിന് വിധേയമായി നിലത്തുവീണുപിടഞ്ഞ ക്യാപ്റ്റൻ നെയ്മറെ എതിർ പ്രതിരോധം എന്നിട്ടും വിടാതെ പിന്തുടർന്നത് സങ്കടക്കാഴ്ചയായി. 1998ലെ ഫ്രാൻസ് ലോകകപ്പിനു ശേഷം ഏറ്റവും കൂടുതൽ ഫൗളിന് വിധേയനായ താരമെന്ന റെക്കോഡും ഇൗ മൽസരത്തിൽ നെയ്മറിെൻറ പേരിലായി. 10 തവണയാണ് ഞായറാഴ്ച മാത്രം നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം അർജൻറീനയെ പേടിച്ച് െഎസ്ലൻഡ് നടത്തിയ ബസ് പാർക്കിങ് പ്രതിരോധം പോലെയായിരുന്നില്ല, ബ്രസീലിനെതിരെ സ്വിറ്റ്സർലൻഡിെൻറ നീക്കങ്ങൾ. നേരത്തേ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 10ൽ ഒമ്പതും ജയിക്കുകയും സന്നാഹ മത്സരത്തിൽ കരുത്തരായ സ്പെയിനിനെ സമനിലയിൽ പിടിക്കുകയും ചെയ്ത അതേ ഉൗർജം കളിയിലുടനീളം നിറഞ്ഞുനിന്നു.
നെയ്മർ മങ്ങിയ ബ്രസീൽ ആക്രമണം റോസ്തോവ് അറീനയിൽ 90 മിനിറ്റും കളിച്ച നെയ്മർ പലവട്ടം വീണതു മാത്രമായിരുന്നു കഴിഞ്ഞ കളിയിൽ മിച്ചം. മാന്ത്രികത ഒളിപ്പിച്ച തെൻറ കാലുകളിൽനിന്ന് അനായാസം പന്ത് പെറുക്കിയെടുത്ത സ്വിസ് പ്രതിരോധം ഒരിക്കൽ പോലും അദ്ദേഹം ഗോളിനടുത്ത് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിലും വിജയിച്ചു. പരിക്കുമൂലം ആഴ്ചകൾ പുറത്തിരുന്നതിനു ശേഷമുള്ള തിരിച്ചുവരവ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമല്ലെന്ന സംശയത്തിനാണ് ഇതോടെ ബലം വെക്കുന്നത്. നെയ്മറിനെ ആശ്രയിച്ച് മെനഞ്ഞെടുത്ത നീക്കങ്ങൾ പലതും ഇതോടെ പാതിവഴിയിൽ എതിർ ടീമിെൻറ ബൂട്ടുകളിൽ അവസാനിച്ചു. ടീം ഘടന പോലും നെയ്മറുടെ പ്രകടനം ആശ്രയിച്ചുനിൽക്കുന്നതായതിനാൽ ഇനിയുള്ള കളികളിലും ഇത് തുടർന്നാൽ പഴയ ദുരന്തത്തിെൻറ ഒാർമകൾ വീണ്ടുമെത്തുന്നത് വിദൂരത്താകില്ലെന്ന സൂചനയും സ്വിറ്റ്സർലൻഡ് നൽകുന്നുണ്ട്.
വിധി നിർണയിച്ച ഗോളുകൾ 20ാം മിനിറ്റിൽ ബ്രസീലിനെ മുന്നിലെത്തിച്ച കുടീന്യോയുടെ ലോങ് റേഞ്ച് ഗോൾ ഇൗ ടൂർണമെൻറിലെ ഏറ്റവും മികച്ചവയിലൊന്നായിരുന്നു. മാഴ്സലോ നൽകിയ ക്രോസ് സ്വിസ് പ്രതിരോധം തട്ടിയകറ്റിയെങ്കിലും വന്നുപെട്ടത് പെനാൽറ്റി ബോക്സിന് പുറത്ത് കുടീന്യോയുടെ കാലുകൾക്ക് പാകമായി. കൃത്യമായി പോസ്റ്റിെൻറ മൂലയിലേക്ക് പറന്നിറങ്ങിയ ബുള്ളറ്റ് ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി. ബ്രസീൽ ടീമിൽ ഇനി കിങ്മേക്കറുടെ റോൾ കൂടി വഹിക്കുമെന്ന സൂചന നൽകുന്നതായിരുന്നു ഉടനീളം കുടീന്യോയുടെ പ്രകടനം.50ാം മിനിറ്റിൽ ഷെർദാൻ ഷാകിരി എടുത്ത കോർണർ കിക്കിന് തലവെച്ച് ജർമൻ ലീഗ് താരം സ്റ്റീവൻ സൂബർ നേടിയ ഗോൾ വിവാദം മണത്തതായിരുന്നുവെങ്കിലും റഫറി പരിഗണിക്കാത്തത് ഗുണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.