ബ്യോനസ് അയേഴ്സ്: കോപ അമേരിക്ക കിരീടനേട്ടത്തിന് പിന്നാലെ ഫ്രാന്‍സ് ഫുട്ബാള്‍ താരങ്ങൾക്കെതിരായ അര്‍ജന്‍റീന താരങ്ങളുടെ വംശീയ അധിക്ഷേപം വിവാദമായതോടെ, ടീമിന്‍റെ നായകൻ ലയണല്‍ മെസ്സി മാപ്പു പറയണമെന്നാവശ്യപ്പെട്ട കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജൂലിയോ ഗാരോയെ പുറത്താക്കി അർജന്റീന. അര്‍ജന്‍റീന പ്രസിഡന്‍റ് ഹാവിയര്‍ മിലെയ് ആണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാമ്പ്യന്മാരും രണ്ടുതവണ കോപ അമേരിക്ക ജേതാക്കളുമായ അർജന്റീന ദേശീയ ടീമിനോടോ ഏതെങ്കിലും പൗരനോടോ എന്ത് അഭിപ്രായം പറയണം, എന്ത് ചിന്തിക്കണം, എന്ത് ചെയ്യണം എന്നൊന്നും ഒരു സർക്കാരിനും പറയാൻ അധികാരമില്ല’ -പ്രസിഡന്റിന്റെ ഓഫിസ് എക്സ് പോസ്റ്റിൽ കുറിച്ചു.
എന്‍സോ ഫെര്‍ണാണ്ടസിന്‍റെയും മറ്റും ടീം അംഗങ്ങളുടെയും പ്രവൃത്തിയെ ന്യായീകരിച്ച് അര്‍ജന്‍റീന വൈസ് പ്രസിഡന്‍റ് വിക്ടോറിയ വില്ലാറുവേലും രംഗത്തെത്തിയിരുന്നു. കൊളോണിയൽ രാജ്യത്തിന്‍റെ പ്രവൃത്തികളെ ഒരിക്കലും പിന്തുണക്കില്ലെന്നും ഒരു കൊളോണിയലിസ്റ്റ് രാജ്യവും ഒരു പാട്ടിന്റെ പേരിലോ അംഗീകരിക്കാൻ ആഗ്രഹിക്കാത്ത സത്യങ്ങൾ പറഞ്ഞതിനോ ഞങ്ങളെ ഭയപ്പെടുത്താൻ നോക്കരുതെന്നും അവർ എക്സ് പോസ്റ്റില്‍ കുറിച്ചു. ‘അര്‍ജന്‍റീന പരമാധികാരമുള്ള സ്വതന്ത്ര രാഷ്ട്രമാണ്. ഞങ്ങൾക്ക് ഒരിക്കലും കോളനികളോ രണ്ടാംകിട പൗരന്മാരോ ഉണ്ടായിട്ടില്ല. തങ്ങളുടെ ജീവിതരീതി ആരെയും അടിച്ചേല്‍പ്പിച്ചിട്ടില്ല. എൻസോ ഞാൻ നിങ്ങളെ പിന്തുണക്കുന്നു. മെസ്സീ, എല്ലാത്തിനും നന്ദി! അർജന്റീനക്കാർ എപ്പോഴും നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുന്നു’ -വിക്ടോറിയ കൂട്ടിച്ചേർത്തു.
അര്‍ജന്‍റീന താരങ്ങള്‍ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള പാട്ടപുപാടി നൃത്തം ചെയ്യുന്നതിന്‍റെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ആഫ്രിക്കന്‍ പാരമ്പര്യത്തെ കളിയാക്കുന്നതിന്‍റെയും വിഡിയോ അര്ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇതോടെ മാപ്പപേക്ഷയുമായി അർജന്റീന താരം എൻസോ ഫെർണാണ്ടസ് രംഗത്തെത്തിയിരുന്നു. അര്‍ജന്‍റീന താരങ്ങളുടെ പെരുമാറ്റത്തിനെതിരെ ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തിൽ ഫിഫ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയെ കുറിച്ച് ഫിഫക്ക് ബോധ്യമുണ്ടെന്നും അതിൽ പരിശോധന തുടരുകയാണെന്നും കായിക സംഘടനയുടെ വക്താവ് അറിയിച്ചു. എല്ലാതരത്തിലുള്ള വിവേചനങ്ങളേയും ഫിഫ എതിർക്കുന്നു. കളിക്കാർ, കാണികൾ, ഒഫീഷ്യൽസ് തുടങ്ങി ആരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ വിവേചനപരമായ നടപടിയുണ്ടാകരുതെന്ന് ഫിഫ വക്താവ് പറഞ്ഞു. ഫ്രാൻസ് ദേശീയ ടീമിനെയും നായകൻ കിലിയൻ എംബാപ്പയെയും കോപ ചാമ്പ്യൻ സംഘം വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം ഉയർന്നത്. ടീമിന്റെ വിജയാഘോഷത്തിന്റെ വിഡിയോ അര്ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാം ചാനലില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അവസാന ഭാഗത്താണ് ഫ്രഞ്ച് ടീമിലെ ആഫ്രിക്കന്‍ വംശജരായ കളിക്കാർക്കെതിരെ വംശീയവും വിവേചനപരവുമായി പരാമര്‍ശങ്ങളുള്ളത്.
‘‘അവർ ഫ്രാൻസിനായി കളിക്കുന്നു. എന്നാൽ, അവരുടെ മാതാപിതാക്കൾ അംഗോളയിൽ നിന്നുള്ളവരാണ്. അവരുടെ അമ്മ കാമറൂണിൽനിന്നും പിതാവ് നൈജീരിയയിൽനിന്നുമാണ്. പക്ഷേ, അവരുടെ പാസ്പോർട്ട് അവർ ഫ്രഞ്ചുകാരാണെന്ന് പറയുന്നു...’’ എന്നിങ്ങനെയായിരുന്നു അർജന്റീന താരങ്ങളുടെ വംശീയ അധിക്ഷേപം. ഇതുമായി ബന്ധപ്പെട്ട വിഡിയോ പുറത്തു വന്നതോടെ അർജന്റീനക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.