ലണ്ടൻ: ഡബ്ല്യു.ആർ ചെസ് മാസ്റ്റേഴ്സ് കിരീടത്തിളക്കത്തിൽ ഇന്ത്യൻ ചെസിലെ ഇളമുറത്തമ്പുരാൻ അർജുൻ എരിഗെയ്സി. സമനിലക്കളികൾക്കൊടുവിൽ ‘അർമഗഡൻ’ മത്സരത്തിലേക്ക് നീണ്ട കലാശപ്പോരിൽ ഫ്രഞ്ച് താരം മാക്സിം വാഷിയർ -ലഗ്രേവിനെ വീഴ്ത്തിയാണ് സ്വപ്ന നേട്ടത്തിലെത്തിയത്. ജയത്തോടെ 27.84 ഫിഡെ സർക്യൂട്ട് പോയന്റുകൾ സ്വന്തമാക്കി എലേ റേറ്റിങ് 2796ലെത്തിച്ച അർജുന് 2800 എന്ന മാന്ത്രിക അക്കത്തിലേക്ക് ഇനി നാല് പോയന്റ് മാത്രം അകലമായി. രണ്ടു ദിവസം കഴിഞ്ഞ് ആരംഭിക്കുന്ന യൂറോപ്യൻ കപ്പിൽ 21കാരൻ അതുകൂടി പിന്നിടുമെന്നാണ് പ്രതീക്ഷ. ഫൈനലിൽ ക്ലാസിക്കൽ മത്സരങ്ങൾ എല്ലാം സമനിലയിലായതോടെയാണ് അർമഗഡനിലേക്ക് നീങ്ങിയത്.
അവയിൽ മൂന്നും ജയിച്ചായിരുന്നു കിരീടധാരണം. 20,000 യൂറോ (18 ലക്ഷം രൂപ)യാണ് സമ്മാനത്തുക. സെമിയിൽ ആർ. പ്രഗ്നാനന്ദയെ കടന്നായിരുന്നു അർജുൻ അവസാന അങ്കത്തിലേക്ക് ടിക്കറ്റെടുത്തത്.
ഒമ്പതു വയസ്സുകാരിയായ ഇംഗ്ലീഷ് താരം ബോധന ശിവാനന്ദനെ വീഴ്ത്തി ടൂർണമെന്റിൽ വിജയയാത്ര തുടങ്ങിയ അർജുൻ വിദിത് ഗുജറാത്തിയെയും കടന്നാണ് സെമിയിലെത്തിയത്. ഫൈനലിൽ ലോക നാലാം നമ്പർ താരമായ അർജുനെതിരെ ലഗ്രേവ് കടുത്ത ചെറുത്തുനിൽപിനൊടുവിലാണ് കീഴടങ്ങിയത്. അതേസമയം, എലേ റേറ്റിങ്ങിൽ 2796.1ൽ നിൽക്കുന്ന അർജുന് മുന്നിലായി മാഗ്നസ് കാൾസൺ 2831, ഫാബിയാനോ കരുവാന 2806.3, ഹികാരു നകാമറ (2802) എന്നിവരാണുള്ളത്. അടുത്ത മാസം ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറെനെതിരെ മത്സരിക്കുന്ന ഡി. ഗുകേഷ് 2794 പോയന്റുമായി തൊട്ടുപിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.