ദുബൈ: വൻകരയുടെ പോരാട്ടത്തിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറാൻ ഇന്ത്യ ബുധനാഴ്ചയിറങ്ങുന്നു. യോഗ്യത റൗണ്ട് ജയിച്ച് ഏഷ്യകപ്പിലേക്കെത്തിയ ഹോങ്കോങ്ങാണ് എതിരാളികൾ. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ യു.എ.ഇ സമയം ആറിന് (ഇന്ത്യൻ സമയം 7.30) ആണ് മത്സരം.
ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ഇന്ത്യക്ക്. കഴിഞ്ഞ നാല് മത്സരങ്ങളിലായി ടീം തോൽവി അറിഞ്ഞിട്ടില്ല. ഇന്ന് പരാജയപ്പെട്ടാൽ പാകിസ്താൻ-ഹോങ്കോങ് കളിയുടെ ഫലത്തിനായി കാത്തിരിക്കേണ്ടിവരും. ഏതു നിമിഷവും മാറിമറിയാവുന്ന ട്വന്റി-20യിൽ ഹോങ്കോങ്ങിനെ കുഞ്ഞന്മാരായി കാണാതെ മികച്ച കളി കെട്ടഴിക്കാനായിരിക്കും ഇന്ത്യൻ ശ്രമം.
പാകിസ്താനെതിരായ പിഴവുകൾ തിരുത്താനുള്ള വേദി കൂടിയായിരിക്കും ഹോങ്കോങ്ങിനെതിരായ മത്സരം. കഴിഞ്ഞ മത്സരത്തിലെ ഇലവനെ തന്നെ പരീക്ഷിക്കാനാണ് സാധ്യത. പേസ് ബൗളർമാരെ തുണക്കുന്ന വിക്കറ്റാണ് ദുബൈയിലേത്. ഭുവനേശ്വർ കുമാറും ഹർദിക് പാണ്ഡ്യയും ആവേഷ് ഖാനും അർഷദീപ് സിങും പേസർമാരായുണ്ട്. രവീന്ദ്ര ജദേജയും ചഹലുമാണ് സ്പിൻ ഡിപാർട്ട്മെന്റ്. കഴിഞ്ഞ മത്സരത്തിൽ ഋഷഭ് പന്തിനെ ഉൾപെടുത്താത്തത് വിമർശനത്തിനിടയാക്കിയിരുന്നു. രവീന്ദ്ര ജദേജ അല്ലാതെ ഇടംകൈയൻ ബാറ്റ്സ്മാൻമാർ കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. ലോകേഷ് രാഹുലിനെയോ ദിനേഷ് കാർത്തികിനെയോ പുറത്തിരുത്തി പന്തിനെ ഇറക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഈ വർഷം ഇന്ത്യക്കായി ഏറ്റവുമധികം റൺസെടുത്ത താരമാണ് പന്ത്. കുഞ്ഞന്മാരെന്ന് കണ്ട് തള്ളിക്കളയേണ്ട ടീമല്ല ഹോങ്കോങ്. യോഗ്യത മത്സരത്തിലെ എല്ലാ കളികളും ജയിച്ചാണ് അവരുടെ വരവ്.
അതും മികച്ച ജയത്തോടെ. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളാണ് അവരുടെ മുൻനിര ബാറ്റ്സ്മാൻ ബാബർ ഹയാത്തും നായകൻ നിസാഖത്ത് ഖാനും. ബൗളർമാരായ ഇഹ്സാൻ ഖാനും അയ്സാസ് ഖാനും അത്ര മോശമല്ലാതെ പന്തെറിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.