തിരുവനന്തപുരം: ദേശീയ, അന്തര്‍ദേശീയതലത്തില്‍ കേരളത്തിന്റെ അഭിമാനമാകേണ്ട കായികതാരങ്ങൾക്ക് കഴിഞ്ഞ എട്ടുമാസമായി ഭക്ഷണ കാശ് നൽകാതെ സംസ്ഥാന സർക്കാർ. സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ 2000 ത്തോളം കായികതാരങ്ങളോടാണ് കായികവകുപ്പിന്റെ അവഗണന. ഒരു കായികതാരത്തിന് പ്രതിദിനം 250 രൂപ എന്ന നിരക്കിലാണ് ഭക്ഷണത്തിനായി ബാറ്റ അനുവദിച്ചിട്ടുള്ളത്.
കോളജ് തലത്തില്‍ എയ്ഡഡ് കോളജുകളോട് അനുബന്ധിച്ച് 50ല്‍ കൂടുതല്‍ സ്പോര്‍ട്സ് ഹോസ്റ്റലുകളും സ്കൂള്‍തലത്തില്‍ 50ല്‍ താഴെ ഹോസ്റ്റലുകളുമാണുള്ളത്. മാസങ്ങളായി പണം ലഭിക്കാതെ വന്നതോടെ കായികാധ്യാപകരും ഏറെ പ്രതിസന്ധിയിലാണ്.
ശരാശരി 30 വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്ന ഒരു സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷണ അലവന്‍സ് പ്രതിദിനം 7500 രൂപയാണ് ലഭിക്കേണ്ടത്. ഒരു മാസം ഇത് 2.25 ലക്ഷം രൂപ. ഇത്തരത്തില്‍ എട്ടുമാസമായി മാസത്തെ പണമായി നാലുകോടിയോളം രൂപയാണ് കായികവകുപ്പ് നൽകാനുള്ളതെന്നാണ് വിവരം. പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള വിദ്യാര്‍ഥികളാണ് സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ കഴിയുന്നവരിലേറെയും.
പല കായികാധ്യാപകരും കടം വാങ്ങിയും കാന്റീനില്‍ കടം പറഞ്ഞുമാണ് ഇതുവരെ മുന്നോട്ടു കൊണ്ടുപോയത്. പണം ലഭിക്കാതെ വന്നതോടെ കടക്കാരെ ഭയന്ന് പലരും കുട്ടികളെ വീട്ടുകളിലേക്ക് അയച്ച് ഹോസ്റ്റലുകൾ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്.
താരങ്ങൾക്ക് വർഷംതോറും നൽകാറുള്ള സ്പോർട്സ് കിറ്റും കഴിഞ്ഞ മൂന്നുവർഷമായി നൽകുന്നില്ല. ആകെ നൽകിയത് ഒരു ജഴ്സിയും ട്രാക്ക് സ്യൂട്ടും മാത്രം. അതേസമയം താരങ്ങൾക്ക് നൽകാനുള്ള തുക ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും അടുത്ത മാസം 20ന് മുമ്പായി വിതരണം ചെയ്യുമെന്നും കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.