കാല്‍ഗറി: കാനഡ ഓപണ്‍ സൂപ്പര്‍ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് കിരീടമുത്തം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 21കാരൻ ജേതാവായത്. സ്കോര്‍: 21-18, 22-20. കഴിഞ്ഞ വർഷം ഇന്ത്യൻ ഓപണിലും ചാമ്പ്യനായ താരത്തിന്റെ രണ്ടാം സൂപ്പര്‍ 500 കിരീടമാണിത്. ഈ വര്‍ഷം ലക്ഷ്യ നേടുന്ന ആദ്യത്തെ നേട്ടവും.
സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ലക്ഷ്യ റാങ്കിങ്ങിൽ 19ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നെങ്കിലും കിരീടത്തോടെ തിരിച്ചെത്തുകയായിരുന്നു.
കനത്ത പോരാട്ടത്തിനൊടുവിലാണ് ഫൈനലിൽ ലി ഷിഫെങ്ങിനെ കീഴടക്കിയത്. സെമിഫൈനലിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ 21-17, 21-14 സ്കോറിന് തോൽപിച്ചായിരുന്നു ഉത്തരാഖണ്ഡുകാരനായ ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം. 2022 ആഗസ്റ്റില്‍ നടന്ന ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ലക്ഷ്യ ഫൈനലിലെത്തുകയും സ്വർണം നേടുകയും ചെയ്തിരുന്നു. അതിനുശേഷം ആദ്യത്തെ ഫൈനലാണിത്. മേയിൽ മലേഷ്യ മാസ്റ്റേഴ്സിൽ മലയാളി താരം എച്ച്.എസ്. പ്രണോയി ജേതാവായശേഷം ഈ വർഷം പ്രധാന കിരീടം നേടുന്ന രണ്ടാമത്തെ സിംഗ്ൾസ് താരമാണ് ലക്ഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.