കൊച്ചി: ചെന്നൈ ബ്ലിറ്റ്സിന് ദയനീയമായ തോൽവി സമ്മാനിച്ച് കാലിക്കറ്റ് ഹീറോസ് തകർത്താടി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൈം വോളി അവസാനപാദത്തിലെ ആദ്യ പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസിന് 3-2ന്റെ ജയം. തോൽവിയോടെ ചെന്നൈ ബ്ലിറ്റ്സ് പുറത്തായി. ആദ്യ സെറ്റ് കൈവിട്ടുപോയെങ്കിലും വൻ തിരിച്ചുവരവാണ് ചെമ്പട കാഴ്ചവെച്ചത്. സ്കോർ 13-15, 15-8, 15-14, 15-13, 8-14. കാലിക്കറ്റിന്റെ നായകൻ ജെറോം വിനീതിന്റെ തീപാറുന്ന പ്രകടനമാണ് കാലിക്കറ്റിന് ഗുണമായത്. ജെറോമാണ് കളിയിലെ താരം. മലയാളി താരം ജി.എസ്. അഖിൻ ചെന്നൈ നിരയിൽ തിളങ്ങി. ആദ്യ സെറ്റിൽ രണ്ട് പോയന്റിന് പിന്നിൽ പോയത് കാലിക്കറ്റിന്റെ ആരാധകരെ നിരാശപ്പെടുത്തി. സ്കോർ 13-15.
പിന്നീടാണ് കിഷോർ കുമാറിന്റെ ശിഷ്യർ കളി തുടങ്ങിയത്. തകർത്താടുകയായിരുന്നു രണ്ടാം സെറ്റിൽ. ജെറോമിന്റെ മികച്ച സ്മാഷുകളിൽ ചെന്നൈക്ക് കാലിടറി. ഒരവസരംപോലും ചെന്നൈക്ക് അനുകൂലമായൊരുക്കാൻ കാലിക്കറ്റ് അനുവദിച്ചില്ല. ജോസ് അന്റോണിയോ സാൻഡോവലും അബിൽ കൃഷ്ണനും ചേർന്ന് ചെന്നൈയുടെ നീക്കങ്ങളെ നിർവീര്യമാക്കി. സെറ്റർ ഉക്രപാണ്ഡ്യനും എം. അശ്വിനും മികച്ച ഫോമിലായിരുന്നു. ഹർഷ് മാലിക്കിന്റെ തീപ്പൊരി സ്മാഷുകളും ചെന്നൈക്ക് ഇരുട്ടടിയായി. സ്കോർ 15-8.
മൂന്നാം സെറ്റിൽ ഇരുടീമുകളും കട്ടക്ക് പിടിച്ചെങ്കിലും സെറ്റ് കാലിക്കറ്റ് തന്നെ കൊണ്ടുപോയി. ചെന്നൈക്കായി ജോബിൻ വർഗീസിന്റെ സ്പൈക്കിൽ കാലിക്കറ്റ് ഒന്ന് വിരണ്ടെങ്കിലും മറുപടിക്ക് കാത്തുനിൽക്കാൻ ചെന്നൈക്ക് അവസരം നൽകാതെ അബിൽ കൃഷ്ണന്റെ കരുത്തുറ്റ സ്പൈക്ക്. കളിയിൽ ആധിപത്യം ഉറപ്പിച്ചതും എതിരാളികളുടെ പിഴവുകളും കാലിക്കറ്റ് ഹീറോസിന് അനുകൂലമായെങ്കിലും ചെന്നൈ ലീഡ് കുറച്ച് ഒപ്പമെത്തിയതോടെ കളിമുറുകി. കാലിക്കറ്റ് വിട്ടുകൊടുത്തില്ല. 14-14ൽവെച്ച് ജെറോം വിനീതിന്റെ സ്പൈക്ക് ചെന്നൈ താരങ്ങളിൽ തട്ടി പുറത്തുപോയതോടെ മൂന്നാം സെറ്റ് കാലിക്കറ്റിന് സ്വന്തം.
ജെറോമിന്റെയും സന്ദീപിന്റെയും സ്ഥിരതയാർന്ന ബ്ലോക്കുകൾ കാലിക്കറ്റിന് നാലാം സെറ്റിലും വിജയം സമ്മാനിച്ചു. ചെന്നൈക്കായി കാമറൂൺ അറ്റാക്കർ കെവിൻ മോയോയും അഖിനും നിരന്തരം പന്തിന്റെ ദിശമാറ്റി പ്രതിരോധം തീർത്തു. സന്ദീപും ജെറോമും തിരിച്ചടിച്ച് കാലിക്കറ്റിന് മേൽക്കൈ നേടിക്കൊടുത്തു. ഇതോടെ കനത്ത മത്സരം കാഴ്ചവെച്ച നാലാം സെറ്റും പിടിച്ചെടുക്കാൻ ചെന്നൈക്കായില്ല. അഞ്ചാം സെറ്റും സ്വന്തമാക്കാനിറങ്ങിയ കാലിക്കറ്റിന് കണക്കുകൂട്ടലുകൾ തെറ്റി. മോയോയും റെനാറ്റോയും കസറിയതോടെ 8-15ന് ചെന്നൈ സെറ്റ് സ്വന്തമാക്കി. അവസാന സെറ്റ് നേടിയെങ്കിലും സെമി പ്രതീക്ഷകൾ അടഞ്ഞു. ജയത്തോടെ കാലിക്കറ്റ് പോയന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്കുയർന്നു. ശനിയാഴ്ച രാത്രി ഏഴിന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റും ഏറ്റുമുട്ടും. കാലിക്കറ്റ് അഞ്ച് കളിയിൽ നാലും ജയിച്ചപ്പോൾ കൊച്ചിക്ക് നാലു കളിയിലും ജയമറിയാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.