ദുബൈ: ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ മലയാളി നായകൻ. കണ്ണൂർ തലശ്ശേരി സൈദാർ പള്ളി സ്വദേശി റിസ്വാൻ റഊഫാണ് അടുത്ത മാസം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ യു.എ.ഇയെ നയിക്കുക.
മലയാളി താരങ്ങളായ ബാസിൽ ഹമീദും അലിഷാൻ ഷറഫുവും 15 അംഗ ടീമിൽ ഇടം നേടി. വിഷ്ണു സുകുമാരനെ റിസർവ് താരമായി ഉൾപെടുത്തി. ഏഷ്യകപ്പ് യോഗ്യത മത്സരത്തിലും റിസ്വാനായിരുന്നു യു.എ.ഇ ടീമിന്‍റെ നായകൻ. ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിലായിരിക്കും യു.എ.ഇ ആദ്യം കളിക്കുക. ഒക്ടോബർ 14 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ടിൽ എഗ്രൂപ്പിൽ ശ്രീലങ്ക, നെതർലാൻഡ്, നമീബിയ ടീമുകളാണ് എതിരാളികൾ.
ഇതിൽ നിന്ന് രണ്ട് ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. ഇവിടെയാണ് വമ്പൻമാരായ ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ ഉൾപെടെയുള്ള ടീമുകൾ കാത്തിരിക്കുന്നത്. 16ന് നെതർലാൻഡ്സിനെതിരെയാണ് ആദ്യ മത്സരം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമാണ് റിസ്വാൻ.
കഴിഞ്ഞ വർഷം ജനുവരി എട്ടിന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് അടിച്ചെടുത്ത റിസ്വാന്‍റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുടുംബ സമേതം യു.എ.ഇയിലാണ് താമസം. 2019ൽ നേപ്പാളിനെതിരെയാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ഇതേ പരമ്പരയിൽ തന്നെ ട്വന്‍റി20യിലും വരവറിയിച്ചു.
അതേസമയം, ടീമിൽ സീനിയർ താരം രോഹൻ മുസ്തഫക്ക് ഇടം ലഭിച്ചില്ല. ലോകകപ്പിന് മുമ്പായി ഈ മാസം 25 മുതൽ ബംഗ്ലാദേശിനെതിരെ രണ്ട് ട്വന്‍റി20 മത്സരങ്ങൾ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.