ഏകദിന ലോകകപ്പിൽ തഴയപ്പെട്ടതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ താരം ടീമിലിടം പിടിച്ചുകഴിഞ്ഞു. അതേസമയം, രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ എന്നിവരെ ഒഴിവാക്കിയാകും ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുക.
ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത കെ എൽ രാഹുലാണ് ഏകദിന ടീമിനെ നയിക്കുക. എന്തായാലും ആസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലും അവഗണിക്കപ്പെട്ട സാംസൺ തന്നെയാകും ഇത്തവണ ശ്രദ്ധാകേന്ദ്രം. അതേസമയം ഇഷാന്‍ കിഷനു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയതിനാലാണ് സഞ്ജുവിന് നറുക്ക് വീണത്.
സാംസണിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ച ഇതിഹാസ ബാറ്റർ എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ പിച്ചുകൾ സഞ്ജുവിന്റെ ബാറ്റിങ് രീതിക്ക് അനുയോജ്യമാണെന്ന് അഭിപ്രായപ്പെട്ടു. ‘‘സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ വീണ്ടും കാണാൻ കഴിഞ്ഞത് നല്ല കാര്യമാണ്. സൗത്താഫ്രിക്കന്‍ വിക്കറ്റുകള്‍ അദ്ദേഹം ശരിക്കും ആസ്വദിക്കും. ബാറ്റ് ചെയ്യുമ്പോള്‍ തലയുയർത്തി നില്‍ക്കുന്ന ശൈലിയാണ് സഞ്ജുവിന്റേത്.
ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ കുറച്ച് ബൗണ്‍സും മൂവ്‌മെന്റുമെല്ലാം ഉണ്ടാവും. എല്ലാ ബാറ്റര്‍മാരും ഇവിടെ പരീക്ഷിക്കപ്പെടാറുണ്ട്. പക്ഷെ സഞ്ജു ഇവിടെ നന്നായി പെര്‍ഫോം ചെയ്യുമെന്നു ഞാന്‍ കരുതുന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഒരു ഓപ്ഷന്‍ കൂടി അദ്ദേഹം ടീമിനു നല്‍കുന്നുണ്ട്. - അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
2021-ലാണ് സഞ്ജുവിന്റെ ഇന്ത്യക്കായുള്ള ഏകദിന അരങ്ങേറ്റം സംഭവിക്കുന്നത്. എന്നാൽ, ഇതുവരെ 13 ഏകദിനങ്ങളിൽ മാത്രമാണ് രാജസ്ഥാൻ നായകന് അവസരം ലഭിച്ചത്. അതിൽ 55.71 ശരാശരിയിലും 104 സ്‌ട്രൈക്ക് റേറ്റിലും 390 റൺസാണ് സമ്പാദ്യം. മൂന്ന് അർധസെഞ്ചുറികൾ താരം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ലഭിച്ച അവസരം മുതലാക്കാനും തന്റെ വിമർശകരുടെ വായടപ്പിക്കാനുമാകും സഞ്ജു ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.