സെഞ്ചൂറിയൻ: മോശം ഫോമിന്‍റെ പേരിൽ ഏറെ പഴികേൾക്കുന്ന മുൻ പാകിസ്താൻ നായകൻ ബാബർ അസമിന് ട്വന്‍റി20 ക്രിക്കറ്റിൽ ചരിത്ര നേട്ടം. ട്വന്‍റി20 ക്രിക്കറ്റിൽ (അന്താരാഷ്ട്രം+ഫ്രാഞ്ചൈസി ക്രിക്കറ്റ്+ആഭ്യന്തര ക്രിക്കറ്റ്) അതിവേഗം 11,000 റൺസ് പൂർത്തിയാകുന്ന താരമായി ബാബർ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്‍റി20 മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെയാണ് ബാബർ മറികടന്നത്. 2012 ഡിസംബർ ഒന്നിന് ട്വന്‍റി20യിൽ അരങ്ങേറ്റം കുറിച്ച ബാബർ, 298 ട്വന്‍റി20 ഇന്നിങ്സുകളിൽനിന്നായി ഇതുവരെ 11,020 റൺസാണ് നേടിയത്. 314 ഇന്നിങ്സുകളിൽനിന്നാണ് ഗെയിൽ 11,000 റൺസിലെത്തിയത്. ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഇപ്പോഴും ഗെയിലാണ്. 14,562 റൺസ്. പ്രോട്ടീസിനെതിരായ മത്സരത്തിൽ 20 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റൺസെടുത്താണ് ബാബർ പുറത്തായത്.
ട്വന്‍റി20 ക്രിക്കറ്റിൽ ഇതുവരെ 11 ബാറ്റർമാരാണ് 11,000 റൺസ് കടമ്പ കടന്നത്. ഇതിൽതന്നെ 300ന് താഴെ ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ബാബർ. മുൻ ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ 330 ഇന്നിങ്സുകളിലും ഇതിൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി 337 ഇന്നിങ്സുകളിലുമാണ് 11,000 റൺസ് ക്ലബിലെത്തിയത്. അതേസമയം, ബാബർ ചരിത്ര നേട്ടം കൈവരിച്ചിട്ടും മത്സരത്തിൽ പാകിസ്താൻ ഏഴു വിക്കറ്റിന് തോറ്റു.
ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ആതിഥേയർ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ സായിം അയൂബിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ (57 പന്തിൽ 98 റൺസ്) കരുത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. പാകിസ്താനായി ഇത്തവണ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ബാബർ, അയൂബുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 87 റൺസ് കൂട്ടുകെട്ടാണ് ടീം സ്കോർ 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിൽ റീസ ഹെൻഡ്രിക്സിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ (63 പന്തിൽ 117) ബലത്തിൽ ദക്ഷിണാഫ്രിക്ക 19.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കൂടാതെ, പാകിസ്താനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാബർ 14,000 റൺസ് പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്താനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം മുൻ നായകൻ ഇൻസമാമുൽ ഹഖാണ്. 16 വർഷം നീണ്ട കരിയറിൽ താരം, 495 മത്സരങ്ങളിൽനിന്നായി 20,541 റൺസാണ് നേടിയത്. യൂനിസ് ഖാൻ (17,790), മുഹമ്മദ് യൂസഫ് (17,134), ജാവേദ് മിയാൻദാദ് (16,213) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.