ബംഗളൂരു: ഐ.പി.എല്ലിൽ രണ്ടു പ്ലേ ഓഫ് ബെർത്തിനായി അഞ്ചു ടീമുകളാണ് മത്സരരംഗത്തുള്ളത്. ഇതിൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കാണ് കൂടുതൽ സാധ്യതയുള്ളത്.
രണ്ടു മത്സരങ്ങൾ ബാക്കിയുള്ള ഹൈദരാബാദിന് ഒരു മത്സരം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. ചെന്നൈ-ബംഗളൂരു മത്സരമാണ് ഇനിയുള്ളതിൽ ഏറെ നിർണായകം. നിലവിൽ 14 പോയന്‍റുള്ള ചെന്നൈക്ക് ജയിച്ചാൽ അനായാസം അവസാന നാലിലെത്താനാകും. 12 പോയന്‍റുള്ള ബംഗളൂരുവിന് മികച്ച മാർജിനിൽ ജയിക്കണം. റൺ റേറ്റിൽ ചെന്നൈയാണ് മുന്നിൽ. അതേസമയം, നിർണായക മത്സരം മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ബംഗളൂരു ആരാധകർ. ഇനിയുള്ള അഞ്ചു ദിവസങ്ങളിൽ ബംഗളൂരു നഗരത്തിൽ ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ മഴയുണ്ടാകുമെന്നാണ് പറയുന്നത്. ശനിയാഴ്ചയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ-ബംഗളൂരു മത്സരം. മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഇരുടീമുകൾക്കും ഓരോ പോയന്‍റ് വീതം അനുവദിക്കും. അങ്ങനെയെങ്കിൽ ചെന്നൈ പ്ലേ ഓഫിലെത്തും, ബംഗളൂരു പുറത്തേക്കും. 14 ലീഗ് മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹി ക്യാപിറ്റൽസിനും ഒരു മത്സരം ബാക്കിയുള്ള ലഖ്നോ സൂപ്പർ ജയന്‍റ്സിനും പ്ലേ ഓഫിലേക്ക് വിദൂര സാധ്യത മാത്രമാണുള്ളത്.
ശനിയാഴ്ച ഉച്ചക്കുശേഷം ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ചുറ്റും 99 ശതമാനം മേഘാവൃതമായിരിക്കുമെന്നും മഴക്കും ഇടിമിന്നലും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം. വൈകീട്ട് 74 ശതമാനമാണ് മഴക്ക് സാധ്യത. രാത്രിയിൽ 100 ശതമാനം മേഘാവൃതമായിരിക്കും, ഇടിമിന്നലോടു കൂടിയുള്ള മഴക്ക് 62 ശതമാനം സാധ്യതയുണ്ട്. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.