ഡൽഹി പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് നിരാശ. പുരാനി ദില്ലി 6 ക്യാപ്റ്റനായ പന്തിന് 32 പന്തിൽ നിന്നും 35 റൺസ് എടുക്കാനാണ് കഴിഞ്ഞത്. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനെതിരായ മത്സരത്തിലായിരുന്നു പന്തിന്റെ പ്രകടനം. മത്സരത്തിൽ പന്ത് ക്യാപ്റ്റനായ പുരാനി ദില്ലി 6 തോൽക്കുകയും ചെയ്തു.
പുരാനി ദില്ലി 6 ആണ് ആദ്യം ബാറ്റ് ചെയ്തത്. മൂന്നാമനായാണ് പന്ത് കളിക്കാനിറങ്ങിയത്. എന്നാൽ, ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് പ്രതീക്ഷിച്ച രീതിയിൽ ബാറ്റ് വീശാൻ കഴിഞ്ഞില്ല. ഒരറ്റത്ത് 41 പന്തിൽ 59 റൺസുമായി ഓപ്പണർ അർപിത് റാണ മികച്ച പ്രകടനം നടത്തിയെങ്കിലും ഋഷഭ് പന്തിന് മികവ് കാട്ടാനായില്ല.
ആദ്യത്തെ 10 റൺസെടുക്കാൻ പന്തിന് 14 ബൗൾ വേണ്ടി വന്നിരുന്നു. 27 പന്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ 30 റൺസെടുത്തത്. നാല് ബൗണ്ടറുകളും ഒരു സിക്സുമാണ് ഋഷഭ് പന്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. 109.37 ആണ് സ്ട്രൈക്ക് റേറ്റ്.
ഓഫ് സ്പിന്നർ ആയുഷ് ബദോനി, സ്പിന്നർ ദിഗ്വേഷ് രാതി എന്നിവർ ചേർന്നാണ് പന്തിനെ പിടിച്ചുകെട്ടിയത്. ഇതാദ്യമായല്ല സ്പിന്നർമാർക്ക് മുന്നിൽ ഋഷഭ് പന്ത് പതറുന്നത്. ട്വന്റി 20 ലോകകപ്പിലും 2024 ഐ.പി.എല്ലിലും സ്പിന്നർമാരെ ഫലപ്രദമായി നേരിടുന്നതിൽ പന്ത് പരാജയപ്പെട്ടിരുന്നു.
മത്സരത്തിൽ പുരാനി ദില്ലി 6 നിശ്ചിത 20 ഓവറിൽ 197 റൺസെടുത്തപ്പോൾ 19.1 ഓവറിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് ലക്ഷ്യം മറികടന്നു. യുവതാരങ്ങളെ ലക്ഷ്യമിട്ടാണ് ടൂർണമെന്റ് നടത്തുന്നതെങ്കിലും പന്തിനെ പോലെ ചില ഇന്ത്യൻ താരങ്ങളും ടൂർണമെന്റിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.