ദുബൈ: അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി നടത്തിപ്പ് സംബന്ധിച്ച സസ്പെൻസ് തുടരുന്നു. വേദിയുടെയും തീയതിയുടെയും കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) നിർണായക യോഗം നീട്ടിവെച്ചു.
ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന നിലപാടിൽ ബി.സി.സി.ഐയും മത്സരം പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന നിലപാടിൽ പി.സി.ബിയും ഉറച്ചുനിന്നതോടെയാണ് ടൂർണമെന്‍റിന്‍റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായത്. ഇന്ത്യയെ പങ്കെടുപ്പിക്കാതെ ടൂർണമെന്‍റ് സാധ്യമല്ലെന്ന് ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. നടത്തിപ്പ് ഫീ ഉൾപ്പെടെ മറ്റു അനുകൂല്യങ്ങൾ നൽകി പാക് ക്രിക്കറ്റ് ബോർഡിനെ അനുനയിപ്പിക്കാനുള്ള നീക്കം ഐ.സി.സി നടത്തുന്നുണ്ട്.
ഇന്ത്യയുടെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും പാകിസ്താനു പുറത്ത് ന്യൂട്രൽ വേദിയിൽ നടത്താനാണ് നീക്കം. അങ്ങനെയെങ്കിൽ യു.എ.ഇയാകും ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയാകുക. വെള്ളിയാഴ്ച ഐ.സി.സി ബോർഡ് അംഗങ്ങൾ ഓൺലൈനായി യോഗം ചേർന്നെങ്കിലും നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്താനായില്ല. ശനിയാഴ്ച വീണ്ടും യോഗം ചേരും.
2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെക്കുകയുമായിരുന്നു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്‍റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്.
ഇന്ത്യ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്‍റുകൾക്ക് തങ്ങളും ടീമിന് അയക്കില്ലെന്ന് പി.സി.ബിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പോയി പാകിസ്താൻ ക്രിക്കറ്റ് കളിക്കുമ്പോഴും പാകിസ്താനിലേക്ക് വരില്ലെന്ന ബി.സി.സി.ഐ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്വി പറഞ്ഞു. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓവലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.